X

കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു

ശക്തമായ മഴയെത്തുതര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. 30 മീറ്ററോളം ദൂരത്തിലാണ് മതില്‍ ഇടിഞ്ഞു വീണത്. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കണ്ണൂരില്‍ ഇന്ന് അതിതീവ്ര മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ അടക്കം പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. രാത്രി 10 മണിക്ക് ശേഷമുള്ള യാത്രയാണ് നിരോധിച്ചിരിക്കുന്നത്. 7ാം തിയ്യതിവരെ ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിട്ടുണ്ട്. വിനോദ സഞ്ചാരത്തിനും ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍ഗോഡ് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നല്‍കി. സംസ്ഥാനത്ത് വിവിധ സര്‍വ്വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചു. പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല. കണ്ണൂര്‍ സര്‍വ്വകലാശാല നടത്താനിരുന്ന പരിക്ഷകളെല്ലാം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയും ജൂലൈ 5ന്് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതികള്‍ പീന്നീട് അറിയിക്കും. കേരള സാങ്കേതിക സര്‍വ്വകലാശാലയും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

മലബാറിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളില്‍ മഴയില്‍ 4 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആളെ കണ്ടെത്താനായില്ല. കാണാതായ ആള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പൊന്നാനിയിലെ തീരമേഖലയില്‍ നിന്ന് 13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

 

webdesk13: