X

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല, ഇനിയും വൈകുമെന്ന് വിവരം

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു.

ഈ സാഹചര്യത്തിൽ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണം. പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം വൈകുന്നതിൽ സർക്കാർ ജീവനക്കാർക്ക് പ്രതിഷേധം ഉണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമായി.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടർന്നെന്ന് വിവരമുണ്ട്. സാങ്കേതിക പ്രശ്നമെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും കൂടുതൽ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ ഓൺലൈനായോ പണം പിൻവലിക്കാൻ കഴിയുന്നില്ല.

ശമ്പളം ക്രഡിറ്റ് ചെയ്തെന്ന് വരുത്തി വിമർശനം ഒഴിവാക്കാനുള്ള സർക്കാർ തന്ത്രമാണ് ഇതെന്നാണ് ആരോപണം. ആഭ്യന്തരം, റവന്യു, ട്രഷറി, ജിഎസ്‌ടി വകുപ്പുകളിലും സെക്രട്ടേറിയേറ്റിലുമായി ഏകദേശം 97000 പേർക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്.

webdesk13: