kerala

പള്ളിവളപ്പിലെ ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച കള്ളന്‍ പിടിയില്‍

By webdesk14

October 17, 2023

വളാഞ്ചേരി: പുരാതനമായ മൂന്നാക്കല്‍ ജുമാമസ്ജിദിന്റെ വളപ്പില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പട്ടാമ്പി ആമയൂര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്.

ദിവസങ്ങള്‍ക്കു മുന്‍പ് പള്ളി വളപ്പില്‍ നിന്ന് ചന്ദനം മുറിച്ച് കടത്തിയതായി സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ മൂന്നാക്കല്‍ പള്ളിയിലെ വഖഫ് ബോര്‍ഡ് അംഗത്തെ വിവരമറിയിക്കുകയും ഇവര്‍ നടത്തിയ തിരച്ചിലില്‍ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ള തയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു. സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവും കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വളാഞ്ചേരി പൊലീസിനെ വിവരം അറിയിക്കുകയും രണ്ടുപേര്‍ പള്ളിപ്പറമ്പില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുകയായിരിക്കെ ഇന്നലെ അര്‍ദ്ധരാത്രിയോടെ മോഷ്ടാവ് പള്ളിപ്പറമ്പില്‍ എത്തിയത്. ബൈക്കില്‍ എത്തിയ മോഷ്ടാവ് ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിലാക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.