X

ടിപി വധം: ‘ഇനി കാരണഭൂതനെ കണ്ടെത്തണം’; വിധി സ്വാഗതം ചെയ്ത് ചെന്നിത്തല

 ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടുതൽ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകും. ഇനി കാരണഭൂതനെ കണ്ടെത്തണം. ഗൂഢാലോചന അന്വേഷിക്കപ്പെടണം. ‘സർവ്വീസ് പ്രൊവൈഡേഴ്സാ’ണ് അന്വേഷണത്തിന് തടസ്സമായതെന്നും ചെന്നിത്തല പറഞ്ഞു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിപി വധം വടകരയിൽ ചർച്ച ചെയ്യപ്പെടും. കൊലപാതകത്തിലെ മാസ്റ്റർ മൈൻഡ് ആരാണെന്ന് വ്യക്തമാണ്. പിണറായി വിജയന്‍ അധികാരത്തിൽ വന്നതുകൊണ്ട് മാത്രമാണ് കൊലപാതകം കുറഞ്ഞത്. ഭരണത്തിൽ നിന്ന് പുറത്തുപോയാൽ ഏറ്റവും അധികം കൊലപാതകം നടത്തുന്ന പാർട്ടി സിപിഎമ്മാണെന്നും ചെന്നിത്തല ആരോപിച്ചു.

കൊലപാതകം ന്യായീകരിക്കുന്ന നിലപാടാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിപ്പോയി. ഇതോടെ കൊലപാതകത്തിൽ സിപിഎം പങ്ക് വ്യക്തമാവുകയാണ്. എൽഡിഎഫ് കൺവീനർ കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാൻ പാടില്ലായിരുന്നു. ഇത് തന്നെയാണോ ഗോവിന്ദന്റെ നിലപാട് എന്ന് തനിക്ക് അറിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ഒരു കുറ്റവാളിയെയും രക്ഷിക്കാൻ സിപിഎം ശ്രമിച്ചിട്ടില്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വാക്കുകൾ. അന്തിമവിധി പ്രഖ്യാപനമല്ല വന്നത്. സിപിഎമ്മുകാരെ വെറുതെ വിട്ടതിലും തൂക്കിക്കൊല്ലാത്തതിലും വിഷമമുള്ളവർ ഉണ്ടാകാം. നിരപരാധികൾക്ക് ഇനിയും കോടതിയെ സമീപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളമാണ്, മതേതര നാടാണ്. ഇത്തവണ കോണ്‍ഗ്രസ് 20 ഇൽ 20 ഉം നേടും. നരേന്ദ്രമോദി ആകെ പേടിച്ചിരിക്കുകയാണ്. മോദിയും ബിജെപിയും പരിഭ്രമത്തിലാണ്. മോദി സർക്കാർ ഇനിയും അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല. ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. ഇവർക്ക് 20 വർഷത്തേയ്ക്ക് ശിക്ഷാ ഇളവോ പരോളോ ഇല്ല. ഹൈക്കോടതി വിധി പ്രകാരം 2044 വരെ ഇവർക്ക് ജയിലിന് പുറത്തിങ്ങാന്‍ കഴിയില്ല. ഹൈക്കോടതി പുതിയതായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു.

webdesk13: