X

വി.എച്ച്.പി ശോഭായാത്ര: മുസ്‌ലിംകള്‍ ഒഴിഞ്ഞുപോകണമെന്ന് പോസ്റ്റര്‍

വി.എച്ച്.പി ശോഭായാത്രാ നടത്തുന്നതിനിടെ, ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്‌ലിംകള്‍ ഒഴിഞ്ഞു പോകണമെന്ന പോസ്റ്റര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്കു തീയിടുമെന്നാണ് ബജ്‌റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. വിലക്കുകളെ മറികടന്നു കൊണ്ടാണ് വിഎച്ച്പി ശോഭായാത്ര നടത്തുന്നത്.

ബാരിക്കേഡുകള്‍ നിരത്തി യാത്ര തടയാനാണ് പൊലീസിന്റെ ശ്രമം. അയോധ്യയില്‍നിന്ന് യാത്രയില്‍ പങ്കെടുക്കുന്നതിനായി എത്തിയവരെ അതിര്‍ത്തിയില്‍ തടഞ്ഞു. തുടര്‍ന്ന് സന്യാസിമാര്‍ നിരാഹാര സമരം ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

റാലിക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയില്‍ ഒരു സ്ഥാപനവും തുറന്നിട്ടില്ല. അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ആരെയും കടത്തിവിടുന്നില്ല. ജനങ്ങളോട് യാത്രയില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അഭ്യര്‍ഥിച്ചു. ശോഭായാത്രയ്ക്കു അനുമതി നല്‍കിയിട്ടില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചത്. യാത്രയ്ക്കു പകരം ജനങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാമെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.

അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ വന്‍സുരക്ഷാസന്നാഹമാണു നൂഹില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയും 24 കമ്പനി അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. ജില്ലയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളും അടച്ചു. പുറത്തുനിന്നാര്‍ക്കും ജില്ലയിലേക്കു പ്രവേശനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചു. പ്രദേശത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്നു രാത്രിവരെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. കൂട്ടമായി എസ്എംഎസുകള്‍ അയയ്ക്കുന്നതും വിലക്കി. നാലോ അതില്‍ക്കൂടുതലോ പേര്‍ കൂട്ടംകൂടുന്നതും വിലക്കി.

ജൂലൈ 31നുണ്ടായ സംഘര്‍ഷത്തിനുശേഷം നൂഹില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. സംഘര്‍ഷത്തില്‍ 2 ഹോം ഗാര്‍ഡുകളും ഒരു പുരോഹിതനും ഉള്‍പ്പെടെ 6 പേരാണു കൊല്ലപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ ഇതുവരെ 393 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 118 പേരെ കരുതല്‍ത്തടങ്കലില്‍ ആക്കി. സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ നൂഹില്‍ ജി20 രാജ്യങ്ങളുടെ ഷെര്‍പ ഗ്രൂപ് യോഗം നടക്കുന്നുണ്ട്. അതുകൊണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില തകരാതെ നോക്കേണ്ടത് സര്‍ക്കാരിന് അഭിമാനപ്രശ്‌നമാണ്.

webdesk13: