X
    Categories: Newsworld

ക്രൂരതയുടെ 20 ദിനങ്ങള്‍; കൊല്ലപ്പെട്ടത് 7028 ഫലസ്തീനികള്‍

ഗസ്സ: ഗസ്സയിലെ നിരായുധരായ മനുഷ്യര്‍ക്കു നേരെ ഇസ്രാഈലിന്റെ പോര്‍വിമാനങ്ങള്‍ തീ തുപ്പാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 20 ദിവസം. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ ഏകപക്ഷീയമായ സൈനിക നടപടി, മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കിരാതമായ കൂട്ടക്കൊലയായി മാറിയിട്ടും അരുതെന്ന് പറയാന്‍ പോലും തയ്യാറാകാതെ ലോകരാജ്യങ്ങള്‍ മൗനത്തില്‍ ഒളിക്കുകയാണ്. യു.എന്‍ അടക്കമുള്ള രാജ്യാന്തര ഏജന്‍സികളും ലോകക്രമം നിശ്ചയിക്കുന്നവരെന്ന് അവകാശപ്പെടുന്ന വന്‍ ശക്തികളും നോക്കുകുത്തിയാവുകയോ വേട്ടക്കാരനൊപ്പം നിലയുറപ്പിക്കുകയോ ചെയ്യുമ്പോള്‍ മഹാദുരന്തത്തിന്റെ പടുകുഴിയിലേക്കാണ് ഒരു ജനത എടുത്തെറിയപ്പെടുന്നത്. 24 മണിക്കൂറിനിടെ മാത്രം ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 500ലധികം പേരാണ്. 20 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 7028 ഫലസ്തീനികള്‍. പരിക്കേറ്റത് 18,484 പേര്‍ക്ക്. കൊല്ലപ്പെട്ടവരില്‍ 2913 പേരും കുട്ടികളാണ്. പരിക്കേറ്റവരിലും പകുതിയോളം കുട്ടികളാണ്. മാരമായ മുറിവുകളേറ്റും അംഗഛേദം സംഭവിച്ചും ജീവിതത്തിനും മരണത്തിനും ഇടക്ക് ഒറ്റപ്പെട്ടു പോയ പരശ്ശതം മനുഷ്യരുണ്ട് ഗസ്സയുടെ തുരുത്തില്‍. ഇസ്രാഈല്‍ ക്രൂരത എല്ലാ സീമകളും ലംഘിച്ച് അരങ്ങുതകര്‍ക്കുമ്പോഴും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ന്യായീകരണം തുടരുകയാണ്.

ഓരോ ദിവസം കഴിയുന്തോറും ഗസ്സയുടെ ചിത്രം കൂടുതല്‍ കൂടുതല്‍ പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്. കരയുദ്ധത്തിനെന്ന പേരില്‍ ഗസ്സയുടെ വടക്കന്‍ മുനമ്പിലുള്ള മനുഷ്യരെ മുഴുവന്‍ അഭയാര്‍ത്ഥികളായി തെക്കന്‍ മുനമ്പിലേക്ക് ആട്ടിപ്പായിച്ച ശേഷം അവിടെയും ബോംബാക്രമണം നടത്തി കൂട്ടക്കുരുതിയുടെ പുതിയ അധ്യായം രചിച്ചുകൊണ്ടിരിക്കുകയാണ് സയണിസ്റ്റ് ശക്തികള്‍. തെക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. അല്‍ജസീറ ഗസ്സ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വഹേല്‍ ദഹദൗദിന്റെ കുടുംബവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഭാര്യയും രണ്ടു മക്കളും പേരക്കുട്ടിയും അടക്കമാണ് കൊല്ലപ്പെട്ടത്. ഇസ്രാഈലിന്റെ അന്ത്യശാസനത്തെതുടര്‍ന്നാണ് തന്റെ കുടുംബത്തെ തെക്കന്‍ ഗസ്സയിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ശേഷം അല്‍ജസീറക്കു വേണ്ടി യുദ്ധഭൂമിയില്‍ നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ദഹദൗദ് വടക്കന്‍ ഗസ്സയില്‍ തന്നെ തങ്ങുകയായിരുന്നു. മറ്റൊരു ഫലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദുആ ഷറഫും കുടുംബവും ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 20 ദിവസത്തിനിടെ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടു ഡസനിലധികം ഫലസ്തീനി മാധ്യമപ്രവര്‍ത്തകരാണ്. 101 ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ ഇന്നലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ബോംബിങില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. 1,77,781 റസിഡന്‍ഷ്യല്‍ ബില്‍ഡിങുകള്‍ ഇതുവരെ ഇസ്രാഈല്‍ ആക്രമണത്തില്‍ തകര്‍ന്നു. 219 വിദ്യാഭ്യാസ സ്ഥാപനങ്ങളും 34 ആരോഗ്യ കേന്ദ്രങ്ങളും 50 ആംബുലന്‍സുകളും 11 കുടിവെള്ള സംഭരണ കേന്ദ്രങ്ങളും ഇസ്രാഈല്‍ ബോംബിട്ടു തകര്‍ത്തു. 14 ലക്ഷം ഫല്തീനകിളാണ് 20 ദിവസത്തിനിടെ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി മാറിയത്. ഗസ്സയില്‍ ക്രൈസ്തവ ആരാധനാലയത്തിനു നേരെയും ഇസ്രാഈല്‍ ബോംബുവര്‍ഷം നടത്തി. പിതാവും മകനും ഉള്‍പ്പെടെ നിരവധി പേര്‍ ഇവിടെ കൊല്ലപ്പെട്ടു.

ഇതിനിടെ തങ്ങളുടെ ടാങ്കുകള്‍ ഇന്നലെ ഗസ്സ അതിര്‍ത്തിയിലേക്ക് പ്രവേശിച്ച് ഹമാസിന്റെ ബങ്കറുകള്‍ തകര്‍ത്തെന്ന അവകാശ വാദവുമായി ഇസ്രാഈല്‍ രംഗത്തെത്തി. രാത്രിയായിരുന്നു ഓപ്പറേഷന്‍. രാത്രി തന്നെ പിന്‍വാങ്ങുകയായിരുന്നുവെന്നും കരയുദ്ധത്തിനുള്ള ട്രയല്‍ റണ്‍ ആണ് നടത്തിയതെന്നുമാണ് ഇസ്രാഈല്‍ അവകാശവാദം. സൈനിക നടപടിക്കിടെ ഹമാസ് പോരാളികള്‍ ഉള്‍പ്പെടെ 60 പേരെ ഗസ്സയില്‍ നിന്ന് പിടികൂടിയതായും ഇസ്രാഈല്‍ അവകാശപ്പെട്ടു.

webdesk11: