X
    Categories: MoreViews

ലോകത്തിന് ആശങ്ക വിതച്ച വര്‍ഷം

മുഹമ്മദ് അസ്‌ലം കെ.കെ

പ്രതീക്ഷകളെക്കാള്‍ നിരാശകളും ആശങ്കകളും ബാക്കിവെച്ചുകൊണ്ടാണ് 2017 വിടപറയുന്നത്. വരാനിരിക്കുന്ന പുതിയ ലോകക്രമത്തിന്റെ അപകടകരമായ ചിത്രങ്ങള്‍ തെളിഞ്ഞുകണ്ട് ലോകം ആശങ്കപൂണ്ടു. രാഷ്ട്രീയമായും സാമൂഹികമായും വലിയൊരു ദുരന്തം അന്താരാഷ്ട്ര സമൂഹത്തെ കാത്തുനില്‍ക്കുന്നുണ്ടെന്ന് തോന്നിക്കുന്ന സംഭവങ്ങള്‍. ഭൂഖണ്ഡങ്ങളെല്ലാം കലുഷിതമായിരുന്നു. മര്‍ദ്ദിതന്റെ വിലാപങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ അധികാരസ്ഥാനങ്ങളില്‍ ആരുമില്ലാത്ത അവസ്ഥ. സമാധാനത്തിന്റെ കാവല്‍മാലാഖമാരായി വാഴ്ത്തപ്പെട്ട കൈകള്‍ പോലും രക്തപങ്കിലായി. ചരിത്രത്തിന് തങ്കലിപികളില്‍ രേഖപ്പെടുത്താന്‍ കാര്യമായി ഒന്നും അവശേഷിക്കാതെയാണ് കലണ്ടര്‍ മറിയുന്നത്.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തോടെയായിരുന്നു വര്‍ഷത്തിന്റെ തുടക്കം. വിവാദ കൊടുങ്കാറ്റുകള്‍ക്കൊടുവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ട്രംപ് വൈറ്റ്ഹൗസിലേക്ക് വീടുമാറുകയും ബറാക് ഒബാമ പടിയിറുങ്ങുകയും ചെയ്യുന്നത് ലോകം നെടുവീര്‍പ്പോടെ നോക്കികണ്ടു. തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ അപകടകരമായ പല പ്രഖ്യാപനങ്ങളും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹം ധൃതികൂട്ടി. അമേരിക്കയിലേക്ക് മുസ്്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു ആദ്യ കണ്ണ്. മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി രണ്ടു തവണ ഉത്തരവിറക്കി. അമേരിക്കന്‍ സമൂഹത്തിന്റെയും കോടതികളുടെയും പക്വമായ ഇടപെടല്‍ ട്രംപിന് തിരിച്ചടിയായി. പക്ഷെ, അന്യരോട് തനിക്കുള്ള പക ആ മനുഷ്യനില്‍ കെടാതെ എരിഞ്ഞുനില്‍ക്കുന്നുണ്ടെന്ന് ലോകത്തിന് ബോധ്യമായി. അമേരിക്കക്ക് പ്രഥമസ്ഥാനമെന്ന മുദ്രാവാക്യവുമായി ഭരണം തുടങ്ങിയ ട്രംപിന്റെ പല കളികളും രാജ്യത്തെ അപകടപ്പെടുത്തുമോ എന്നു പോലും യു.എസ് ജനത ഭയന്നു. അന്താരാഷ്ട്ര കാലാവസ്ഥ ഉടമ്പടിയില്‍നിന്നും സ്വതന്ത്ര്യ വ്യാപാരത്തില്‍നിന്നും യുനെസ്‌കോയില്‍നിന്നും അദ്ദേഹം അമേരിക്കയെ പിന്‍വലിച്ചു.

എഴുപതുകാരനായ ട്രംപിന്റെ നിലപാടുകള്‍ പലതും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃനിരയില്‍ തന്നെ ഭിന്നിപ്പുണ്ടാക്കി. ഒടുവില്‍, ഡിസംബര്‍ ആറിന് ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കാനും യു.എസ് എംബസി അവിടേക്ക് മാറ്റാനും ട്രംപ് തീരുമാനിച്ചു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ അതുവരെയുള്ള നിലപാടുകള്‍ക്കും അന്താരാഷ്ട്ര കരാറുകള്‍ക്കും വിരുദ്ധമായിരുന്നു ആ പ്രഖ്യാപനം. അതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ആളിക്കത്തി. ഫലസ്തീനില്‍ ട്രംപിനെതിരെയുള്ള പ്രതിഷേധ റാലികള്‍ ഇസ്രാഈല്‍ സേന അടിച്ചമര്‍ത്തി. ഇസ്രാഈല്‍ വെടിവെപ്പില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ട്രംപന്റെ ജറൂസലം നിലപാടിനെ യു.എന്‍ പൊതുസഭ ഭൂരിപക്ഷത്തോടെ തള്ളി.

യൂറോപ്പിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയ വര്‍ഷമാണ് വിടവാങ്ങുന്നത്. ഹിതപരിശോധന നടത്തി യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച ബ്രിട്ടന്‍ മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിച്ചു. സാമ്പത്തികമായും സൈനികമായും പ്രബല രാഷ്ട്രമായ ബ്രിട്ടന്‍ പോകുന്നത് യൂറോപ്യന്‍ യൂണിയന് താങ്ങാവുന്നതിനപ്പുറമായിരുന്നു. യൂറോപ്യന്‍ നേതാക്കളുമായി നടത്തുന്ന വിലപേശലിന് കരുത്തുപകരുന്നതിനും പാര്‍ലമെന്റില്‍ പിന്തുണ ഉറപ്പാക്കുന്നതിനും പ്രധാനമന്ത്രി തേരേസ മെയ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ എട്ടിന് നടന്ന വോട്ടെടുപ്പില്‍ മേയ്ക്ക് വന്‍ തിരിച്ചടി നേരിട്ടു. പാര്‍ലമെന്റില്‍ ഭരണകക്ഷിക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുകയാണുണ്ടായത്. ഡിസംബര്‍ എട്ടിന് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ ധാരണയായി. ഇമ്മാനുവല്‍ മക്രോണ്‍ എന്ന യുവതുര്‍ക്കിയുടെ രംഗപ്രവേശം ഫ്രാന്‍സിന് പുതിയ രാഷ്ട്രീയ ആവേശം നല്‍കി. മെയ് ഏഴിന് നടന്ന പ്രസിഡന്റ് തെരഞ്ഞെുടുപ്പില്‍ കടുത്ത മുസ്്‌ലിം വിരോധിയും വലതുപക്ഷ തീവ്രവാദിയുമായ മറീന്‍ ലീ പെന്നിനെ പരാജയപ്പെടുത്തി 39കാരനായ മക്രാണ്‍ അധികാരത്തില്‍ വന്നു. കേവലം ഒരു വര്‍ഷം മാത്രം പഴക്കമുള്ള എന്‍ മാര്‍ഷെ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ടിക്കറ്റില്‍ വമ്പന്‍ പാര്‍ട്ടികളായ സോഷ്യലിസ്റ്റുകളെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും തറപറ്റിച്ചാണ് അദ്ദേഹം എല്ലിസി പാലസിലെത്തിയത്.

യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ ഭരണം വലതുപക്ഷ തീവ്രവാദികളുടെ കൈകളില്‍ വന്നുവെന്നതായിരുന്നു സമീപ കാലത്ത് ലോകം സാക്ഷ്യംവഹിച്ച മറ്റൊരു രാഷ്ട്രീയ ദുരന്തം. തീവ്രവലതുപക്ഷമായ ഫ്രീഡം പാര്‍ട്ടിയെ കൂട്ടുപിടിച്ച് പീപ്പിള്‍സ് പാര്‍ട്ടിയുടെ സെബാസ്റ്റിയന്‍ കുര്‍സ് എന്ന 31കാരന്‍ ഓസ്ട്രിയയുടെ രാഷ്ട്രത്തലവനായത് ശുഭലക്ഷണമായി ആരും കാണുന്നില്ല. ഫ്രീഡം പാര്‍ട്ടിക്ക് നാസി വേരുകളുണ്ടെന്നതും മുസ്്‌ലിംകളോടുള്ള വിദ്വേഷവും അന്താരാഷ്ട്ര സമൂഹത്തെ ആശങ്കപ്പെടുത്തുന്നു. ലോകത്തിലെ യുദ്ധഭൂമികളില്‍നിന്ന് ഒഴുകിയെത്തിയ അഭയാര്‍ത്ഥികള്‍ക്ക് പാരപണിതുവെന്നതാണ് കുര്‍സ് അവകാശപ്പെടുന്ന പ്രധാന നേട്ടം. 1956ല്‍ ഒരു നാസി നേതാവിനാല്‍ സ്ഥാപിക്കപ്പെട്ട നവഫാസിറ്റ് കക്ഷി അധികാരത്തിന്റെ ഭാഗമാകുന്നത് ഓസ്ട്രിയന്‍ സമൂഹത്തിലുണ്ടായിരിക്കുന്ന ഭീകരമായ മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. 18 വര്‍ഷം മുമ്പും ഇത്തരമൊരു കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാശ്ചാത്യ ലോകത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. പക്ഷെ, ഇപ്പോള്‍ അത്തരം പ്രതിഷേധങ്ങളൊന്നും യൂറോപ്പില്‍ ഉയര്‍ന്നില്ല. മാത്രമല്ല, പല രാജ്യങ്ങളും അവരെ അഭിനന്ദിക്കുകയാണുണ്ടായത്.

പശ്ചിമേഷ്യ പഴയതുപോലെ തന്നെ കലങ്ങിനിന്നു. ഇറാഖില്‍ ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ക്ക് കനത്ത പ്രഹരമേറ്റു. ലോകത്ത് ഐ.എസിന്റെ ചിറകൊടിഞ്ഞു. ഒറ്റപ്പെട്ട പോക്കറ്റുകളിലേക്ക് ആ ഭീകര സംഘടന ഒതുങ്ങി. തീവ്രവാദത്തോടും ആഭ്യന്തര യുദ്ധങ്ങളോടും ചേര്‍ത്തുവായിക്കാറുള്ള അഭയാര്‍ത്ഥി പ്രവാഹത്തില്‍ 2017ലും കാര്യമായ മാറ്റുമുണ്ടായില്ല. പക്ഷെ, വര്‍ഷാവസാനത്തില്‍ യൂറോപ്പിലേക്കുള്ള ഒഴുക്കില്‍ അല്‍പം കുറവുണ്ടായി. കടല്‍കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തില്‍ കടലില്‍ നിരവധി ജീവനുകള്‍ പിടഞ്ഞുതീര്‍ന്നു. അനേകം പേരെ വിവിധ രാജ്യങ്ങള്‍ രക്ഷപ്പെടുത്തി. അറബ് ലോകവും സംഘര്‍ഷഭരിതമായിരുന്നു. സഊദി അറേബ്യയും സഖ്യകക്ഷികളും ഖത്തറുമായുള്ള നതയന്ത്രബന്ധം വിച്ഛേദിച്ചു. ജൂണ്‍ അഞ്ചിനായിരുന്നു അത്. ഇറാനുമായി അടുക്കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഖത്തറിനെതിരെ സഊദിയും സുഹൃദ് രാജ്യങ്ങളും തയാറാക്കിയ കുറ്റപത്രം. പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജിപ്രഖ്യാപനം ലബനാനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു. സഊദിയില്‍വെച്ച് നടത്തിയ രാജി പ്രഖ്യാപനത്തില്‍നിന്ന് അദ്ദേഹം പിന്നീട് പിന്‍വാങ്ങി.

സഊദിയിലും ഭരണപരമായ ചില മാറ്റങ്ങള്‍ പ്രകടമായി. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി. ചരിത്രത്തില്‍ ആദ്യമായി സഊദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കി. 30 വര്‍ഷത്തിലധികമായി തുടരുന്ന വിലക്ക് നീക്കി രാജ്യത്ത് സിനിമ തിയേറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. അഴിമതിയുടെ പേരില്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരെ സഊദി ഭരണകൂടം അറസ്റ്റ് ചെയ്യുകയും ചെയ്തു.

യമനികളുടെ ദുരിതം തീരാതെ തുടരുന്നു. ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൂഥികള്‍ക്കുനേരെ സഊദിയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം തുടരുകയാണ്. പട്ടിണി രൂക്ഷമായി. ലോകത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തമെന്നാണ് യമനിലെ സ്ഥിഗതികളെ യു.എന്‍ വിശേഷിപ്പിച്ചത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന് മേല്‍കൈ കിട്ടി. റഷ്യയുടെ സഹായത്തോടെ അസദ് ആക്രമണം ശക്തമാക്കുകയും പാശ്ചാത്യ ശക്തികള്‍ കൈവിടുകയും ചെയ്‌തോടെ വിമതരുടെ നട്ടെല്ലൊടിഞ്ഞു. ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമാണ് വിമതര്‍ക്കിപ്പോള്‍ പിടിയുള്ളത്. ദൗത്യം പൂര്‍ണമായെന്ന അര്‍ത്ഥത്തില്‍ സിറിയയില്‍നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങാനും തുടങ്ങിയിരിക്കുന്നു.
അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിട്ട് കൂടുതല്‍ രക്തച്ചാലുകള്‍ തീര്‍ക്കാന്‍ പാശ്ചാത്യ ശക്തികള്‍ ശ്രമിച്ചില്ലെന്നതാണ് ഏക ആശ്വാസം. വിദേശ രാജ്യങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയാല്‍ വൈകാതെ തങ്ങള്‍ക്കും അത്തരമൊരു ഗതി വരുമെന്ന് അഭയാര്‍ത്ഥി പ്രവാഹവും അനുബന്ധ പ്രശ്‌നങ്ങളും അവരെ പഠിപ്പിച്ചിരിക്കാം.

മ്യാന്മറിലെ റോഹിന്‍ഗ്യ മുസ്്‌ലിം വേട്ടയാണ് ലോകത്തെ നടുക്കിയ മറ്റൊരു സംഭവം. ഐക്യരാഷ്ട്രസഭ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിച്ച സൈനിക നടപടിയില്‍ ഒമ്പതിനായിരത്തോളം മുസ്്‌ലിംകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്. ആറ് ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളായി. സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ ആശീര്‍വാദത്തോടെയായിരുന്നു അതെന്ന സത്യം ലോകത്തെ ഏറെ അമ്പരപ്പിച്ചു. മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യ മുസ്്‌ലിം ഗ്രാമങ്ങളില്‍ ഇരച്ചുകയറി സൈന്യം സ്ത്രീകളെയും കുട്ടികളെയും ഭീകരമായി കൊലപ്പെടുത്തി. സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. വീടുകള്‍ ചുട്ടെരിക്കപ്പെട്ടു. ബംഗ്ലാദേശില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാമെന്ന് മ്യാന്മര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ആ വഴിക്ക് നടപടികളൊന്നുമായിട്ടില്ല. മ്യാന്മറിലെ റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ യാതനക്ക് പരിഹാരമുണ്ടാകുമോ, അഭയാര്‍ത്ഥികള്‍ സ്വന്തം മണ്ണിലേക്ക് മടങ്ങാനാവുമോ എന്നീ ചോദ്യങ്ങള്‍ക്ക് ശുഭകരമായ മറുപടിയുണ്ടാകണമെന്നതാണ് പുതുവര്‍ഷത്തില്‍ ലോകത്തിന്റെ പ്രാര്‍ത്ഥന.

ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ ധിക്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷവും അന്താരാഷ്ട്ര സമൂഹത്തിന്റെ സ്വസ്ഥത കെടുത്തി. സെപ്തംബര്‍ മൂന്ന് ആറാമത്തെയും ഏറ്റവും വലതുമായ ആണവായുധ പരീക്ഷണം നടത്തി കിം ജോങ് ഉന്‍ ലോകത്തെ ഞെട്ടിച്ചു. അമേരിക്കയെ ആക്രമിക്കാന്‍ പോലും ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ അവര്‍ പരീക്ഷിച്ചു. ഉന്നിന്റെയും ട്രംപിന്റെയും ഭ്രാന്തന്‍ വെല്ലുവിളികള്‍ വലിയൊരു യുദ്ധത്തില്‍ അവസാനിക്കുമോ എന്നുപോലും ആശങ്കപ്പെട്ടു. ഡിസംബര്‍ 22ന് ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ശക്തമാക്കി. ഉത്തരകൊറിയയുടെ കൈയില്‍ അപകടകരമായ എന്തൊക്കെയോ ഉണ്ടെന്ന ഭയം അമേരിക്കയുടെ പല നീക്കങ്ങളിലും പ്രകടമായിരുന്നു.
അഫ്ഗാനിസ്താന്‍ പഴയതുപോലെ കത്തിനിന്നു. താലിബാനു പുറമെ ഐ.എസും അഫ്ഗാന്‍ മണ്ണില്‍ പണി തുടങ്ങിയത് ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. പാകിസ്താനില്‍ നവാസ് ശരീഫിന് അധികാരം നഷ്ടപ്പെട്ടു.

chandrika: