X
    Categories: Views

മതേതരന്റെ ഭാവി

ജാതി ചോദിക്കരുത്, പറയരുത് എന്നാണ് ശ്രീനാരായണ ഗുരു മൊഴിഞ്ഞതെങ്കില്‍ മതേതരത്വം മുഖമുദ്രയാക്കിയ ഭരണഘടനയില്‍ ആണയിട്ട് മന്ത്രിയായ അനന്ത്കുമാര്‍ ഹെഗ്‌ഡെ പറയുന്നത്,ജാതി പറയണമെന്നും മതത്തിന്റെ പേരില്‍ അറിയപ്പെടണമെന്നും മതേതരവാദികളും ബുദ്ധിജീവികളും തന്തയില്ലാത്തവരാണെന്നുമാണ്, സി.പി.എമ്മിലെ സ്വരാജിന്റെ പ്രയോഗം കടമെടുത്താല്‍ പിതൃശൂന്യര്‍. പാര്‍ലിമെന്റിലെ ബഹളത്തെ തുടര്‍ന്ന് ഇദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും ബി.ജെ.പി.യുടെ നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്വേഷവും അസഹിഷ്ണുതയും ദിനേനയെന്നോണം വമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ഉത്തര കന്നട മണ്ഡലത്തില്‍ നിന്ന് 1996 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ ലോക്‌സഭയിലെത്തിയ അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ അടുത്ത ലക്ഷ്യം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനമായിരിക്കാം. ബി.ജെ.പി. ആവശ്യപ്പെടുന്നത് ഇത്തരം നേതാക്കളെയാണ്. ബി.ജെ.പി.യില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്ത കുമ്മനം രാജശേഖരന് കേരള ബി.ജെ.പി. പ്രസിഡന്റ് പദവി കുമ്മനടിച്ചത് ഈ യോഗ്യത വെച്ചാണല്ലോ.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ മത വൈരത്തിന്റെ വിഷപ്രചാരണത്തില്‍ ഏര്‍പെട്ടിരിക്കുകയാണ് ബി.ജെ.പി. കിട്ടുന്ന അവസരങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കോട്ട കൊത്തളമെന്ന് അവകാശപ്പെടുന്ന ഗുജറാത്തില്‍ പോലും അവസാനം ജയിക്കാന്‍ വര്‍ഗീയതയെ അഭയം പ്രാപിക്കേണ്ടി വന്ന ബി.ജെ.പി.ക്ക് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനം പിടിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ല. 1993ല്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഹുബ്ലി കലാപത്തിന്റെ രക്തത്തില്‍ ചവിട്ടിയാണ് അനന്ത്കുമാര്‍ ലോക്‌സഭയിലേക്ക് കയറിപ്പോയത്. കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് ആല്‍വയെ തോല്പിച്ച ഹെഗ്‌ഡെക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. അഞ്ച് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ നൈപുണി വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. വാക്കിലും നോക്കിലും വര്‍ഗീയത നിറച്ച യോഗി ആതിഥ്യനാഥിനെ യു.പി.യിലെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി. കേന്ദ്ര നേതൃത്വം കര്‍ണാടകയിലേക്ക് കരുതി വെച്ചത് അനന്ത്കുമാര്‍ ഹെഗ്‌ഡെയായിരിക്കാം.

ഹുബ്ലിയിലെ ഈദ് ഗാഹ് മൈതാനത്ത് മൂവര്‍ണക്കൊടി കെട്ടാന്‍ ആവേശം കാട്ടിയത് ഇരുപത്തിയാറാമത്തെ വയസ്സിലാണ്. തൊട്ടടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ അത് യോഗ്യതയായി ബി.ജെ.പി. അംഗീകരിച്ചു. ഹുബ്ലി കലാപത്തിന് നേതൃത്വം നല്‍കിയതിന് ഇദ്ദേഹത്തിന് മേല്‍ കേസുണ്ടായിരുന്നു. ഇസ്‌ലാമിനെ ഉന്മൂലനം ചെയ്താലേ ഭീകരവാദത്തെ ലോകത്ത് നിന്ന് ഇല്ലാതാക്കാനാവൂവെന്ന് പ്രസംഗിച്ച ഇദ്ദേഹം ഏറ്റവും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മോശം വാക്കില്‍ അഭിസംബോധന ചെയ്തതിന് കേസിനെ നേരിട്ടു. സിര്‍സിയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും കയ്യേറ്റം ചെയ്തിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കിയത് മുന്‍കൂര്‍ ജാമ്യം നേടിയാണ്. കേന്ദ്രമന്ത്രിയുടെ ഡോക്ടമാര്‍ക്കു നേരെയുള്ള കയ്യാങ്കളിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിയിരുന്നു. കേന്ദ്ര മന്ത്രിമാരുടെ പട്ടികയില്‍ ഹെഗ്‌ഡെ ഇടം പിടിച്ചപ്പോള്‍ കര്‍ണാടക ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, ഇങ്ങനെ ഒരാളെ മന്ത്രിയാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കാണിച്ച്.

കൊപ്പല്‍ ജില്ലയില്‍ ബ്രാഹ്മണ യുവ പരിഷത്തിന്റെ യോഗത്തില്‍ പങ്കെടുത്താണ് ഭരണപൊളിച്ചെഴുതാനായി ജനിച്ചവരാണ് തങ്ങളെന്ന് വ്യക്തമാക്കിയത്. ”മുസ്‌ലിം, ക്രിസ്ത്യന്‍, ലിംഗായത്ത്, ബ്രാഹ്മണര്‍ എന്നൊക്കെ വിളിക്കപ്പെടുന്നത് മനസ്സിലാക്കാം. മതേതരവാദിയെന്ന് പറഞ്ഞാല്‍ തന്ത്രയില്ലായ്മയാണ്. സ്വന്തം ജാതിയേതാണെന്നും മതമേതാണെന്നും തിരിച്ചറിയാതിരിക്കുകയന്നത് പാരമ്പര്യം തിരിച്ചറിയായ്കയാണ്. നിങ്ങള്‍ അത് തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കുന്നവരായതിനാല്‍ ഞാന്‍ വണങ്ങുന്നു. നിങ്ങള്‍ മതേതരവാദികള്‍, ബുദ്ധിജീവികള്‍ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാന്‍ പ്രയാസമായേനെ. ഭരണഘടന തിരുത്താനാണ് ഞങ്ങള്‍ വന്നത്.”

പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഇതേ തുടര്‍ന്ന് ബഹളമുണ്ടായി. ഭരണഘടനയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യാത്ത ഒരാള്‍ എങ്ങനെ മന്ത്രിയായി തുടരുന്നുവെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ പിതൃശൂന്യവാദം തല്‍ക്കാലം ബി.ജെ.പി. ഏറ്റെടുത്തില്ല. സര്‍ക്കാര്‍ ഭരണഘടനയെ മാനിക്കുന്നുവെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കിയിതിന് പിന്നാലെയാണ് അനന്ത്കുമാറിന്റെ ക്ഷമാപണം ഉണ്ടായത്. ഭരണഘടനയാണ് പരമമെന്നും പാര്‍ലിമെന്റാണ് പരമമെന്നും തന്റെ പ്രസംഗം മൂലം വിഷമമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞ് രക്ഷപ്പെട്ടു. പക്ഷെ അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം, ഹെഗ്‌ഡെയിലൂടെ പുറത്തുവന്നത് ബി.ജെ.പി.യുടെ അജണ്ട തന്നെയാണെന്ന്. ബ്രാഹ്മണ യുവാക്കളുടെ മുമ്പിലായതുകൊണ്ട് തുറന്നു പറഞ്ഞുവെന്ന് മാത്രം. ഇതു തന്നെയാണ് തെളിഞ്ഞും തെളിയാതെയും സംഘ് പരിവാര്‍ നേതാക്കള്‍ നാടിന്റെ വിവിധ ഭാഗങ്ങളിലായി പറഞ്ഞുകൊണ്ടിരിക്കുന്നതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. ആര്‍.എസ്.എസിലൂടെ ബാല്യം ചെലവിട്ട് അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്തുകാരനായി വിദ്യാഭ്യാസം ചെയ്ത അനന്ത്കുമാര്‍ അത് പറഞ്ഞതില്‍ ആരും അത്ഭുതപ്പെടുകയില്ല. കലര്‍പേശാത്ത അഗ് മാര്‍ക്ക് സ്വയം സേവകനാണ് അദ്ദേഹം. എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് മതത്തെയും ജാതിയെയും കൊണ്ടുവരുന്നതെന്ന് നടന്‍ പ്രകാശ് രാജ് ഇദ്ദേഹത്തോട് ചോദിക്കുകയാണ്. ജന്മനാ രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയക്കാരനായി മരിക്കണമെന്ന് ഉദ്ദേശ്യവുമില്ല എന്ന് സ്വന്തം മുദ്രാവാക്യമായി അംഗീകരിച്ച അനന്ത്കുമാര്‍ ലക്ഷണമൊത്ത വര്‍ഗീയവാദി മാത്രമാണ്, രാഷ്ട്രീയക്കാരന്‍ പോലുമല്ല. മതേതര വാദികള്‍ക്ക് തന്ത മാത്രമല്ല, തള്ളയുമുണ്ട് എന്ന് മറുപടി കൊടുക്കുന്ന ‘കിണാശ്ശേരി’യാണ് ലക്ഷ്യം.

chandrika: