X

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എട്ട് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: പുതിയ വര്‍ഷത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത് എട്ട് സംസ്ഥാനങ്ങള്‍. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളും താരതമ്യേന വലിയ സംസ്ഥാനങ്ങളുമായ മധ്യപ്രദേശും രാജസ്ഥാനും ഇതില്‍ ഉള്‍പ്പെടും. വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ തെരഞ്ഞെടുപ്പുകള്‍ വരുന്നു എന്നതും 2018ന്റെ രാഷ്ട്രീയമണ്ഡലത്തെ ചൂട് പിടിപ്പിക്കും.

2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ 2018ലെ നിയമസഭാ തെരഞ്ഞെുപ്പുകള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രസക്തിയുണ്ട്. ജനവിധി എന്തായാലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിക്കാന്‍ ഇടയുണ്ട് എന്നതാണ് കാരണം. 2017ന്റെ ഒടുവില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ച വലിയ മുന്നേറ്റവും ബി.ജെ.പിക്കുണ്ടായ തളര്‍ച്ചയും മറ്റ് സംസ്ഥാനങ്ങളിലെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതും നിര്‍ണായകമാണ്.

മധ്യപ്രദേശിനും രാജസ്ഥാനും പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിലും 2018ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ത്രിപുര, മേഘാലയ, കര്‍ണാടക, നാഗാലാന്റ്, മിസോറാം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. സിദ്ധാ രാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കര്‍ണാടകത്തില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമോ എന്നത് കോണ്‍ഗ്രസിനും നിര്‍ണായകമാണ്. കര്‍ണാടക ഒഴികെയുള്ളവ താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ്. ത്രിപുരയില്‍ ഇടതുപക്ഷവും മേഘാലയയില്‍ കോണ്‍ഗ്രസുമാണ് നിലവില്‍ അധികാരത്തിലുള്ളത്. മേഘാലയയയില്‍ പാളയത്തില്‍ പടയും നേതാക്കളുടെ പാര്‍ട്ടി വിടലും കോണ്‍ഗ്രസിന് ഇതിനകം തന്നെ വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.

മോദി പ്രധാനമന്ത്രി പദത്തിലും അമിത് ഷാ ബി.ജെ.പി ദേശീയ പ്രസിഡണ്ട് പദത്തിലും എത്തിയ ശേഷം നടന്ന ഭൂരിഭാഗം നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കായിരുന്നു വിജയം. ഡല്‍ഹി, ബിഹാര്‍, തമിഴ്‌നാട്, കേരളം, പഞ്ചാബ് എന്നിവ മാത്രമാണ് ഇതിന് മറുകുറി എഴുതിയത്. എന്നാല്‍ ബിഹാറില്‍ പിന്നീട് നീതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

മോദി പ്രഭാവത്തിന്റെ നിറം മങ്ങലും രാഹുല്‍ പ്രഭാവത്തിന്റെ ഉയര്‍ച്ചയുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ വേറിട്ടു നിര്‍ത്തിയത്. അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും മോദിയുടെയും അമിത് ഷായുടേയും തട്ടകത്തില്‍ ശക്തമായ മുന്നേറ്റം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെയാണ് രാഹുല്‍ സോണിയാഗാന്ധിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ ഇനിയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാഹുലിന്റെ ഗ്രാഫ് അടയാളപ്പെടുത്തുന്നതിലും നിര്‍ണായകമായിരിക്കും.

കര്‍ണാടക ( കോണ്‍ഗ്രസ് സര്‍ക്കാര്‍)

ഏപ്രില്‍ മാസത്തോടെയാണ് കര്‍ണാടകയില്‍ ജനവിധി പ്രതീക്ഷിക്കുന്നത്. നിലവിലെ കക്ഷി നില ഇങ്ങനെ: ആകെ സീറ്റ്: 225
കോണ്‍ഗ്രസ്: 123, ബി.ജെ.പി: 44, ജനതാദള്‍ (സെക്യുലര്‍): 32 (40 അംഗങ്ങളുണ്ടെങ്കിലും എട്ടുപേര്‍ സസ്‌പെന്‍ഷനില്‍ ആണ്). മറ്റുള്ളവര്‍ 18, ഒഴിഞ്ഞുകിടക്കുന്നത് 1.

മധ്യപ്രദേശ് (ബി.ജെ.പി സര്‍ക്കാര്‍)

2018ന്റെ അവസാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ആകെ സീറ്റ്: 230. ബി.ജെ.പി: 165, കോണ്‍ഗ്രസ്: 57, മറ്റുള്ളവര്‍: 8. വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി.

രാജസ്ഥാന്‍ (ബി.ജെ.പി)

തെരഞ്ഞെടുപ്പ് വരുന്നത് 2018 അവസാനത്തോടെ. ആകെ സീറ്റ്: 200 , ബി.ജെ.പി 163, കോണ്‍ഗ്രസ് 21. മറ്റുള്ളവര്‍: 16. ആള്‍കൂട്ട കൊലപാതകങ്ങളായിരുന്നു രാജസ്ഥാനെ പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വാര്‍ത്തയില്‍ നിറച്ചത്.

ഛത്തീസ്ഗഡ് (ബി.ജെ.പി)

തുടര്‍ച്ചയായി മൂന്നുതവണ ബി.ജെ.പി അധികാരത്തിലെത്തിയ സംസ്ഥാനം. ആകെ സീറ്റ് 90. ബി.ജെ.പി: 50, കോണ്‍ഗ്രസ്: 39, മറ്റുള്ളവര്‍: 11. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റവും ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനം കൂടിയാണ് ഛത്തീസ്ഗഡ്.

നാഗാലാന്റ്(എന്‍.പി.എഫ്)

2018ല്‍ ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം നാഗാലാന്റ് ആയിരിക്കും. ഫെബ്രുവരിയിലാണ് വോട്ടെടുപ്പിന് സാധ്യത. ആകെ സീറ്റ് 60. 37 സീറ്റുമായി നാഗാലാന്റ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍.പി.എഫ്) ആണ് അധികാരത്തില്‍, കോണ്‍ഗ്രസ്: എട്ട്, ബി.ജെ.പി: രണ്ട്. മറ്റുള്ളവര്‍: 13

മേഘാലയ (കോണ്‍ഗ്രസ്)

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ജനവിധി പ്രതീക്ഷിക്കുന്നു. ആകെ സീറ്റ്: 60. കോണ്‍ഗ്രസ്: 29, യു.ഡി.പി: 7. ബി.ജെ.പി: രണ്ട്. മറ്റുള്ളവര്‍: 13, ഒഴിഞ്ഞുകിടക്കുന്നത്: ഒമ്പത്. എം.എല്‍.എമാര്‍ കൂട്ടത്തോടെ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

ത്രിപുര(എല്‍.ഡി.എഫ്)

കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വിജയം. മുഖ്യമന്ത്രി: മണിക് സര്‍ക്കാര്‍, ആകെ സീറ്റ്: 60, എല്‍.ഡി.എഫ്: 51, ബി.ജെ.പി: ഏഴ്, കോണ്‍ഗ്രസ്: രണ്ട്.

മിസോറാം (കോണ്‍ഗ്രസ്)

സംസ്ഥാന രൂപീകരണം നടന്ന 1989നു ശേഷം രണ്ടുതവണ മാത്രമാണ് മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു തവണയും കോണ്‍ഗ്രസിനായിരുന്നു ജയം. ആകെ സീറ്റ്: 40. കോണ്‍ഗ്രസ്: 34. എം.എന്‍.എഫ്: അഞ്ച്, മറ്റുള്ളവര്‍: 1

chandrika: