Connect with us

Culture

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എട്ട് സംസ്ഥാനങ്ങള്‍

Published

on

ന്യൂഡല്‍ഹി: പുതിയ വര്‍ഷത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത് എട്ട് സംസ്ഥാനങ്ങള്‍. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളും താരതമ്യേന വലിയ സംസ്ഥാനങ്ങളുമായ മധ്യപ്രദേശും രാജസ്ഥാനും ഇതില്‍ ഉള്‍പ്പെടും. വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ തെരഞ്ഞെടുപ്പുകള്‍ വരുന്നു എന്നതും 2018ന്റെ രാഷ്ട്രീയമണ്ഡലത്തെ ചൂട് പിടിപ്പിക്കും.

2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ 2018ലെ നിയമസഭാ തെരഞ്ഞെുപ്പുകള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രസക്തിയുണ്ട്. ജനവിധി എന്തായാലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിക്കാന്‍ ഇടയുണ്ട് എന്നതാണ് കാരണം. 2017ന്റെ ഒടുവില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ച വലിയ മുന്നേറ്റവും ബി.ജെ.പിക്കുണ്ടായ തളര്‍ച്ചയും മറ്റ് സംസ്ഥാനങ്ങളിലെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതും നിര്‍ണായകമാണ്.

മധ്യപ്രദേശിനും രാജസ്ഥാനും പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിലും 2018ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ത്രിപുര, മേഘാലയ, കര്‍ണാടക, നാഗാലാന്റ്, മിസോറാം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. സിദ്ധാ രാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കര്‍ണാടകത്തില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമോ എന്നത് കോണ്‍ഗ്രസിനും നിര്‍ണായകമാണ്. കര്‍ണാടക ഒഴികെയുള്ളവ താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ്. ത്രിപുരയില്‍ ഇടതുപക്ഷവും മേഘാലയയില്‍ കോണ്‍ഗ്രസുമാണ് നിലവില്‍ അധികാരത്തിലുള്ളത്. മേഘാലയയയില്‍ പാളയത്തില്‍ പടയും നേതാക്കളുടെ പാര്‍ട്ടി വിടലും കോണ്‍ഗ്രസിന് ഇതിനകം തന്നെ വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.

മോദി പ്രധാനമന്ത്രി പദത്തിലും അമിത് ഷാ ബി.ജെ.പി ദേശീയ പ്രസിഡണ്ട് പദത്തിലും എത്തിയ ശേഷം നടന്ന ഭൂരിഭാഗം നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കായിരുന്നു വിജയം. ഡല്‍ഹി, ബിഹാര്‍, തമിഴ്‌നാട്, കേരളം, പഞ്ചാബ് എന്നിവ മാത്രമാണ് ഇതിന് മറുകുറി എഴുതിയത്. എന്നാല്‍ ബിഹാറില്‍ പിന്നീട് നീതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

മോദി പ്രഭാവത്തിന്റെ നിറം മങ്ങലും രാഹുല്‍ പ്രഭാവത്തിന്റെ ഉയര്‍ച്ചയുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ വേറിട്ടു നിര്‍ത്തിയത്. അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും മോദിയുടെയും അമിത് ഷായുടേയും തട്ടകത്തില്‍ ശക്തമായ മുന്നേറ്റം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെയാണ് രാഹുല്‍ സോണിയാഗാന്ധിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ ഇനിയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാഹുലിന്റെ ഗ്രാഫ് അടയാളപ്പെടുത്തുന്നതിലും നിര്‍ണായകമായിരിക്കും.

കര്‍ണാടക ( കോണ്‍ഗ്രസ് സര്‍ക്കാര്‍)

ഏപ്രില്‍ മാസത്തോടെയാണ് കര്‍ണാടകയില്‍ ജനവിധി പ്രതീക്ഷിക്കുന്നത്. നിലവിലെ കക്ഷി നില ഇങ്ങനെ: ആകെ സീറ്റ്: 225
കോണ്‍ഗ്രസ്: 123, ബി.ജെ.പി: 44, ജനതാദള്‍ (സെക്യുലര്‍): 32 (40 അംഗങ്ങളുണ്ടെങ്കിലും എട്ടുപേര്‍ സസ്‌പെന്‍ഷനില്‍ ആണ്). മറ്റുള്ളവര്‍ 18, ഒഴിഞ്ഞുകിടക്കുന്നത് 1.

മധ്യപ്രദേശ് (ബി.ജെ.പി സര്‍ക്കാര്‍)

2018ന്റെ അവസാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ആകെ സീറ്റ്: 230. ബി.ജെ.പി: 165, കോണ്‍ഗ്രസ്: 57, മറ്റുള്ളവര്‍: 8. വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി.

രാജസ്ഥാന്‍ (ബി.ജെ.പി)

തെരഞ്ഞെടുപ്പ് വരുന്നത് 2018 അവസാനത്തോടെ. ആകെ സീറ്റ്: 200 , ബി.ജെ.പി 163, കോണ്‍ഗ്രസ് 21. മറ്റുള്ളവര്‍: 16. ആള്‍കൂട്ട കൊലപാതകങ്ങളായിരുന്നു രാജസ്ഥാനെ പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വാര്‍ത്തയില്‍ നിറച്ചത്.

ഛത്തീസ്ഗഡ് (ബി.ജെ.പി)

തുടര്‍ച്ചയായി മൂന്നുതവണ ബി.ജെ.പി അധികാരത്തിലെത്തിയ സംസ്ഥാനം. ആകെ സീറ്റ് 90. ബി.ജെ.പി: 50, കോണ്‍ഗ്രസ്: 39, മറ്റുള്ളവര്‍: 11. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റവും ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനം കൂടിയാണ് ഛത്തീസ്ഗഡ്.

നാഗാലാന്റ്(എന്‍.പി.എഫ്)

2018ല്‍ ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം നാഗാലാന്റ് ആയിരിക്കും. ഫെബ്രുവരിയിലാണ് വോട്ടെടുപ്പിന് സാധ്യത. ആകെ സീറ്റ് 60. 37 സീറ്റുമായി നാഗാലാന്റ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍.പി.എഫ്) ആണ് അധികാരത്തില്‍, കോണ്‍ഗ്രസ്: എട്ട്, ബി.ജെ.പി: രണ്ട്. മറ്റുള്ളവര്‍: 13

മേഘാലയ (കോണ്‍ഗ്രസ്)

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ജനവിധി പ്രതീക്ഷിക്കുന്നു. ആകെ സീറ്റ്: 60. കോണ്‍ഗ്രസ്: 29, യു.ഡി.പി: 7. ബി.ജെ.പി: രണ്ട്. മറ്റുള്ളവര്‍: 13, ഒഴിഞ്ഞുകിടക്കുന്നത്: ഒമ്പത്. എം.എല്‍.എമാര്‍ കൂട്ടത്തോടെ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

ത്രിപുര(എല്‍.ഡി.എഫ്)

കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വിജയം. മുഖ്യമന്ത്രി: മണിക് സര്‍ക്കാര്‍, ആകെ സീറ്റ്: 60, എല്‍.ഡി.എഫ്: 51, ബി.ജെ.പി: ഏഴ്, കോണ്‍ഗ്രസ്: രണ്ട്.

മിസോറാം (കോണ്‍ഗ്രസ്)

സംസ്ഥാന രൂപീകരണം നടന്ന 1989നു ശേഷം രണ്ടുതവണ മാത്രമാണ് മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു തവണയും കോണ്‍ഗ്രസിനായിരുന്നു ജയം. ആകെ സീറ്റ്: 40. കോണ്‍ഗ്രസ്: 34. എം.എന്‍.എഫ്: അഞ്ച്, മറ്റുള്ളവര്‍: 1

kerala

കണ്ണീരായി പനയമ്പാടം; ഉറ്റ സുഹൃത്തുക്കളുടെ മടക്കം ഒരുമിച്ച്‌

മദ്രസ മുതൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളായിരുന്നു മരിച്ച നാല് വിദ്യാർത്ഥികളും. 

Published

on

ഉറ്റ ചങ്ങാതിമാരുമാരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ ഒരുനാടാകെയാണ് കണ്ണീരണിഞ്ഞത്. ഇവരെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളുടെ കൂട്ടക്കരച്ചിൽ കൂടിനിന്ന ഏവരേയും വേദനയിലാക്കി. കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മദ്രസ മുതൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളായിരുന്നു മരിച്ച നാല് വിദ്യാർത്ഥികളും.

ആയിഷ ഒഴികെ മറ്റ് നാലുപേരും സ്‌കൂളിൽ ഒരേ ഡിവിഷനിലാണ് പഠിച്ചിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ പനയമ്പാടം അപകടമുണ്ടായത്. സ്കൂൾ വിട്ടുവരുന്ന വഴിക്കാണ് സിമൻ്റ് ലോഡ് വഹിച്ച ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച് കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് വീടുകളിലേയ്ക്ക് എത്തിച്ചത്.

മൃതദേഹത്തിൽ ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കുയാണ്. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം രാവിലെ 8.30 മണി മുതൽ 10 വരെ തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് കൊണ്ടുപോകും. അതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും. തുപ്പനാടിന് സമീപം ചെറൂളിയിൽ അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാലുപേരുടെയും വീടുകൾ.

Continue Reading

Film

29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഇന്ന് തിരിതെളിയും

2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Published

on

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് മറ്റൊരു ആകര്‍ഷണമായിരിക്കും.

അര്‍മേനിയന്‍ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, ഷബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫീമേല്‍ ഗെയ്‌സ്’ എന്ന പേരില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, ആനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റീസ്‌റ്റോര്‍ഡ് ക്ലാസിക്‌സ് എന്നിവയുണ്ടാകും. പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നിവരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ‘ലിറ്റററി ട്രിബ്യൂട്ട്’ വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

Continue Reading

india

തമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രിക്ക് തീപിടിച്ച് മൂന്ന് വയസുകാരനടക്കം 7 പേര്‍ മരിച്ചു

തിരുച്ചിറപ്പള്ളി റോഡിൽ എൻജിഒ കോളനിക്ക് സമീപമുള്ള അസ്ഥി രോഗ ആശുപത്രിയിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് വൻ തീപിടത്തമുണ്ടായത്.

Published

on

തമിഴ് നാട്ടിലെ ഡിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വയസ്സുകാരനടക്കം ഏഴുപേർ മരിച്ചു. തിരുച്ചിറപ്പള്ളി റോഡിൽ എൻജിഒ കോളനിക്ക് സമീപമുള്ള അസ്ഥി രോഗ ആശുപത്രിയിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് വൻ തീപിടത്തമുണ്ടായത്. മരിച്ചവരിൽ 3 സ്ത്രീകളും ഉൾപ്പെടുന്നു.

20ൽ അധികം പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. നാല് നിലകളുള്ള ആശുപത്രിയുടെ മുകളിലത്തെ നിലയിൽ തീ പടരുന്നത് കണ്ട് രക്ഷപ്പെടാനായി ലിഫ്റ്റിൽ കയറിയപ്പോഴാണ് മൂന്നു വയസ്സുള്ള കുട്ടിയടക്കം ഏഴുപേർ മരിച്ചത്. മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെടാൻ കയറിയവരെ അഗ്നിരക്ഷാസേനയും പോലീസും കൂടി രക്ഷപ്പെടുത്തി.

തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബലക്ഷ്മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകൻ മുരുകൻ (28), എൻജിഒ കോളനി രാജശേഖർ (35) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പൊള്ളലേറ്റ് ഗുരുതരമായവരുടെ എണ്ണം കൂടുതലുള്ളതിനാൽ മരണസംഖ്യ കൂടാനിടയുണ്ട്. ഓഫീസ് മുറിയിലെ കമ്പ്യൂട്ടറിൽ നിന്നും തീ പടർന്ന് എല്ലാ മുറികളിലേക്കും വ്യാപിക്കുകയായിരുന്നു.

രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ പലരും പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും പുക ശ്വസിച്ച പലരും തളർന്നു വീഴുകയായിരുന്നു. 200 ഓളം പേരുണ്ടായിരുന്നു എന്നാണ് സൂചന. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 32 പേരെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം രാത്രി വളരെ വൈകിയും തുടർന്നു. വൈദ്യുതി നിലച്ചതും പുകയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

Continue Reading

Trending