india

യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

By webdesk14

November 26, 2025

ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.

ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.