Connect with us

More

കനത്ത മഴയില്‍ ഗസ്സ; കുടിയിറക്കപ്പെട്ടവര്‍ നരകാവസ്ഥയില്‍

Published

on

ഗസ്സ സിറ്റി: ഗസ്സയില്‍ തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്‍ തകര്‍ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന്‍ യൂനിസ്, അല്‍ വാസി മേഖലകള്‍ ഉള്‍പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ഡസന്‍ കണക്കിന് ടെന്റുകള്‍ മഴവെള്ളത്തില്‍ മുങ്ങുകയും ശക്തമായ കാറ്റില്‍ പലതും തകര്‍ന്നുവീഴുകയുമായിരുന്നു. പലരും വര്‍ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്.

ടെന്റുകള്‍, ഷെല്‍ട്ടറുകള്‍, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്‍ അതിര്‍ത്തി അടച്ചതിനാല്‍ സഹായ സാമഗ്രികള്‍ ഗസ്സയില്‍ എത്തിക്കാനാവാത്ത സ്ഥിതിയാണ്. ചളിവെള്ളത്തിലും മഴയിലും കിടന്ന് രാത്രികള്‍ കഴിയേണ്ട അവസ്ഥയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയിലെ റോഡുകളും ജല-മലിനജല ശൃംഖലകളും തകര്‍ന്നതോടെ നഗരത്തിലെ സ്ഥിതി കൂടുതല്‍ ദയനീയമായി. ഖാന്‍ യൂനിസ് മുനിസിപ്പാലിറ്റി വക്താവ് സൈബ് ലുഖാന്‍ പ്രകാരം 900,000ത്തിലധികം ആളുകള്‍ ഇപ്പോള്‍ ദുരന്തപൂര്‍ണമായ ജീവിതം നയിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 220,000 മീറ്റര്‍ റോഡ് ശൃംഖലകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മോശം കാലാവസ്ഥയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ മുനിസിപ്പല്‍ ടീമുകള്‍ക്കു വേണ്ട ഉപകരണങ്ങളും വിഭവങ്ങളും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം മങ്ങിക്കിടക്കുകയാണ്. ഹമാസ് വക്താവ് അസം ഖാസിം, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിലെ ബാധ്യതകള്‍ പാലിക്കാത്തതിനാല്‍ അടിസ്ഥാന അഭയകേന്ദ്രങ്ങള്‍ പോലും ലഭ്യമല്ലെന്ന് ആരോപിച്ചു. തുടര്‍ച്ചയായ ഉപരോധവും അതിര്‍ത്തി അടച്ചിടലും പുനര്‍നിര്‍മാണത്തിന് തടസ്സമാവുന്നതും ‘ വംശഹത്യയുടെ തുടര്‍ച്ച ‘ ആണെന്ന് അദ്ദേഹം വിലയിരുത്തി. ഗസ്സയിലെ 1.5 ദശലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ കുടിയിറക്കപ്പെട്ട നിലയില്‍ കഴിയുകയാണെന്ന് ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ഭക്ഷണം, മരുന്ന്, ശുചിത്വം, ശുദ്ധജലം, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതീവ പരിമിതമാണ്. ശൈത്യകാലം കടുക്കുന്ന സാഹചര്യത്തില്‍ ചെറുകുട്ടികള്‍, രോഗികള്‍, സ്ത്രീകള്‍ എന്നിവരിലെ ദുരിതം രൂക്ഷമാവുകയാണ്. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ 70,000ത്തിലധികം ഗസ്സക്കാരെ കൊന്നിട്ടുണ്ടെന്നും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 170,900ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്്. ഗസ്സയിലെ മനുഷ്യാവകാശ ദുരന്തം വഷളാകുന്ന സാഹചര്യത്തില്‍ അറബ് ലീഗ്, OIC, ഐക്യരാഷ്ട്രസഭ എന്നിവ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഹമാസ് ആവശ്യപ്പെട്ടു.

kerala

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ പ്രചാരണത്തിൽ ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് ആം ആദ്മി സ്ഥാനാർഥി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മായ്ച്ചു.

കോർപ്പറേഷനിലേക്ക് ശാസ്തമം​ഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

Continue Reading

Cricket

ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര തോല്‍വി; പരാജയം 408 റണ്‍സിന്

അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി

Published

on

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 408 റൺസ് തോൽവി. അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി. രവീന്ദ്ര ജഡേജ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക ആശ്വാസം. ദക്ഷിണാഫ്രിക്കക്കായി സൈമൺ ഹാർമർ ആറ് വിക്കറ്റുകൾ വീഴ്ത്തി. സ്വന്തം മണ്ണിൽ ഇന്ത്യ ഏറ്റുവാങ്ങുന്ന ടെസ്റ്റിലെ ഏറ്റവും വലിയ തോൽവിയാണിത്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടുന്നത് രണ്ടര പതിറ്റാണ്ടിന് ശേഷം.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ചാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകൾ നഷ്ടമായി. കുൽദീപ് യാദവിനെയും ദ്രുവ് ജ്യുറേലിനെയും സൈമൺ ഹാർമർ മടക്കി അയച്ചു. പിന്നാലെ വന്ന റിഷഭ് പന്തും വൈകാതെ തിരികെ പോയി. സെനുരൻ മുത്തുസാമി സായി സുദർശൻ മടക്കിയയക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റു നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലായിരുന്നു. ഒരു ഭാഗത്ത് രവീന്ദ്ര ജഡേജ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. 61ാം ഓവറിൽ വാഷിങ്ടൺ സുന്ദർ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 130 റൺസായിരുന്നു. പിന്നീടുള്ള പത്ത് റൺസ് എടുക്കുന്നതിനിടെ ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും നഷ്ടമായി. കേശവ് മഹാരാജാണ് സിറാജിനെ പുറത്താക്കി ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തിയത്.

സ്വന്തം മണ്ണിലെ ദാരുണമായ തോൽവിയോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. ടെസ്റ്റ് പരമ്പര നഷ്ടവുമായ ഇന്ത്യക്ക് ഇനിയുള്ളത് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ്. നവംബർ 30 ഞായറാഴ്ച റാഞ്ചിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.

Continue Reading

tech

മൂന്ന് ദിവസില്‍ 100 കിലോമീറ്റര്‍ കാല്‍നടയായി; മനുഷ്യനല്ല, ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട്!

മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.

Published

on

ചൈന: മൂന്ന് ദിവസം കൊണ്ട് എത്ര ദൂരം കാല്‍നടയായി സഞ്ചരിക്കാമെന്ന് ചോദിച്ചാല്‍ മനുഷ്യനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത് ഒരു ഹ്യൂമനോയ്ഡ് റോബോട്ടാണ്. മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വിവരമനുസരിച്ച് 169 സെന്റീമീറ്റര്‍ ഉയരമുള്ള എജിബോട്ട് എ2 നവംബര്‍ 10ന് സുഷൗവില്‍ നിന്ന് യാത്ര ആരംഭിച്ചു. ഹൈവേകളും നഗരവീഥികളും കടന്ന് നവംബര്‍ 13ന് ഷാങ്ഹായിലെ പ്രശസ്തമായ വാട്ടര്‍ഫ്രണ്ട് ബണ്ട് പ്രദേശത്താണ് ഇത് എത്തിയത്.

യാത്ര മുഴുവന്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചുവെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. റോബോട്ടിന്റെ യാത്രയുടെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വെള്ളികറുപ്പ് നിറത്തിലുള്ള എ2, സൈക്കിള്‍ യാത്രക്കാരെയും സ്‌കൂട്ടറുകളെയും മറികടന്ന് നഗര വഴികളിലൂടെ സഞ്ചരിക്കുന്നതും ഷാങ്ഹായ് സ്‌കൈലൈനിന് മുന്‍പിലൂടെയുള്ള അതിന്റെ കാല്‍നട മാര്‍ച്ചും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട സഞ്ചാരമായാണ് ഈ നേട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

Continue Reading

Trending