Connect with us

editorial

ആരോഗ്യം അവകാശമാണ്, കച്ചവടമല്ല

EDITORIAL

Published

on

കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാനമായ വിധി, സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. പാവപ്പെട്ടവന്റെ ജീവനും ചികിത്സാ അവകാശങ്ങള്‍ക്കും മുന്‍ തൂക്കം നല്‍കുന്ന ഈ വിധി, സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായിക്കുന്ന, പ്രതീക്ഷാനിര്‍ഭരവും സ്വാഗതാര്‍ഹവുമായ ഒരു നീക്കമാണ്. മുന്‍കൂര്‍ തുക അടയ്ക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആശുപത്രി വിടുമ്പോള്‍ എക്‌സ്‌റേ ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനാഫലങ്ങളും രോഗിക്ക് കൈമാറണം എന്നീ രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ടു വെച്ചിരിക്കുന്നത്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ഭാഗമായി നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി ഉടമകളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രധാന വിധി എന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
‘ആരോഗ്യത്തോടെ ജീവിക്കുക’ എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. പണമില്ലാത്തതിന്റെയോ രേഖകളിലെ സാങ്കേതികത്വത്തിന്റെ പേരിലോ ചികിത്സ നിഷേധിക്കരുത് എന്ന ഹൈക്കോടതിയുടെ ശക്തമായ നിര്‍ദ്ദേശം ഈ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ജീവന്‍ രക്ഷാ സന്ദര്‍ഭങ്ങളില്‍ പോലും സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ രോഗികളെ തിരിച്ചയക്കുകയോ, ചികിത്സക്ക് ശേഷം ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിക്കുകയോ ചെയ്യുന്ന മനുഷ്യത്വരഹിതമായ നിരവധി സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. കോടതി വിധി അത്തരം ദുരവസ്ഥകള്‍ക്ക് അറുതി വരുത്താന്‍ സഹായിക്കും. പണത്തേക്കാള്‍ വലുതാണ് മനുഷ്യജീവനെന്ന ഉദാത്തമായ കാഴ്ചപ്പാടാണ് ഇവിടെ കോടതി ഉയര്‍ത്തിപ്പിടിക്കുന്നത്.

ചികിത്സാ നിരക്കുകള്‍ ഏകീകരിക്കണമെന്ന ആവശ്യം കേരളത്തില്‍ ഏറെക്കാലമായി ഉയരുന്ന ഒന്നാണ്. പലപ്പോഴും ചികിത്സയുടെ അവസാനം, വലിയ തുകയുടെ ബില്ലുകള്‍ ലഭിക്കുമ്പോഴാണ് രോഗികളും ബന്ധുക്കളും സാമ്പത്തിക ബാധ്യതയുടെ ആഴം അറിയുന്നത്. ഒരേ ചികിത്സയ്ക്ക് പോലും ഓരോ ആശുപത്രികളിലും വ്യത്യസ്തവും അനിയന്ത്രിതവുമായ നിരക്കുകള്‍ ഈടാക്കുന്ന ഈ ‘കൊള്ള അവസാനിപ്പിക്കാന്‍ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ദ്ദേശം സഹായകമാകും. ഒരു സേവനത്തിനോ ഉത്പന്നത്തിനോ വില നിശ്ചയിക്കാനും അത് ഉപഭോക്താവിനെ അറിയിക്കാനും നിയമപരമായി ബാധ്യതയുണ്ട്. ആശുപത്രികള്‍ക്കും ഇത് ബാധകമാണ്. മുന്‍കൂട്ടി നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, രോഗികള്‍ക്ക് അവരുടെ സാമ്പത്തിക ശേഷിക്ക് അനുസരിച്ചുള്ള ആശുപത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുകയും സാമ്പത്തികമായ ആസൂത്രണം നടത്താന്‍ സാധിക്കുകയും ചെയ്യും. ഇത് സ്വകാര്യ ആരോഗ്യമേഖലയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതില്‍ നിര്‍ണായകമാണ്.
ചികിത്സാരേഖകളും പരിശോധനാഫലങ്ങളും രോഗിയുടെ സ്വകാര്യ സ്വത്താണ്. എക്സ്റേ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ആശുപത്രി വിടുമ്പോള്‍ രോഗിക്ക് കൈമാറണമെന്ന ഉത്തരവ്. രോഗിയുടെ അവകാശങ്ങളെ ബഹുമാനിക്കുന്നു. ഈ രേഖകള്‍ കൈവശമുള്ളപ്പോള്‍, രോഗിക്ക് ആവശ്യമെങ്കില്‍ മറ്റൊരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടാനോ. തുടര്‍ചികിത്സയ്ക്കായി മറ്റ് സ്ഥാപനങ്ങളെ സമീപിക്കാനോ ഉള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. ചികിത്സാരേഖകള്‍ മറച്ചുവെക്കുന്നത് ചികിത്സയിലെ സുതാര്യതയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ‘ആശുപത്രികള്‍ കച്ചവട കേന്ദ്രങ്ങളല്ല, ജീവന്‍ രക്ഷാ ഉപാധികളാണ്’ എന്ന കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍, ആരോഗ്യമേഖലയുടെ ധാര്‍മ്മികമായ അടിത്തറയെക്കുറിച്ചുള്ള ശക്തമായ പ്രഖ്യാപനമാണ്. ഈ ഉത്തരവ് പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന ആ ശ്വാസം ചെറുതല്ല.
ചരിത്രപരമായ ഈ വിധി ഒരു തുടക്കം മാത്രമാവണം. ഹൈക്കോടതിയുടെ ഉത്തരവ് അക്ഷരംപ്രതി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ആരോഗ്യവകുപ്പിന്റെയും മറ്റ് അധികൃതരുടെയും പ്രാഥമിക ചുമതലയാണ്. വിധി കര്‍ശനമായി നടപ്പിലാക്കാനും നിരക്ക് ഏകീകരണം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാകണം. രോഗികളുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി, രാജ്യത്തെ മുഴുവന്‍ ആ രോഗ്യമേഖലയ്ക്കും മാതൃകയാകട്ടെ. ആരോഗ്യപരിരക്ഷ കച്ചവടമല്ല, അത് മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശമാണെന്ന കാഴ്ചപ്പാട് സമൂഹം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

ലേബര്‍ കോഡിലും സി.ജെ.പി

ലേബര്‍കോഡുകള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ തൊഴിലാളികളും കടുത്ത ഭാഷയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുമ്പോള്‍ സി.പി.എമ്മിന്റെ തൊഴിലാളി സി.ഐ.ടി.യുവിനെ പോലും ഇരുട്ടില്‍നിര്‍ത്തിക്കൊണ്ടുള്ള ഈ നടപടി ബി.ജെ.പി സി.പി.എം അന്തര്‍ധാരയുടെ ആഴം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്.

Published

on

നിലവിലുള്ള 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായി കേന്ദ്ര സംഘടനയായ സര്‍ക്കാര്‍ കൊണ്ടുവന്ന നാലു ലേബര്‍കോഡുകള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ആഞ്ഞടിക്കുമ്പോള്‍, ലേബര്‍കോഡ് നടപ്പാക്കാന്‍ വേണ്ടി കരട് ചട്ടങ്ങള്‍ തയാറാക്കി തൊഴിലാളി സമൂഹത്തെ കൊലക്കുകൊടുക്കാന്‍ കൂട്ടുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നടപടി സി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ പതിപ്പായി ത്തീര്‍ന്നിരിക്കുകയാണ്. ലേബര്‍കോഡുകള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ തൊഴിലാളികളും കടുത്ത ഭാഷയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുമ്പോള്‍ സി.പി.എമ്മിന്റെ തൊഴിലാളി സി.ഐ.ടി.യുവിനെ പോലും ഇരുട്ടില്‍നിര്‍ത്തിക്കൊണ്ടുള്ള ഈ നടപടി ബി.ജെ.പി സി.പി.എം അന്തര്‍ധാരയുടെ ആഴം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്.

നാലുകോഡുകളിലൊന്നായ വേതന കോഡിലാണ് സംസ്ഥാ ന സര്‍ക്കാര്‍ കരടുചട്ടം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ചട്ടത്തിന്റെ കരട് തയാറാക്കിയതായി അറിയില്ലെന്നാണ് സി.ഐ.ടിയുവും എ.ഐ.ടി.യു.സിയും വ്യക്തമാക്കിയിരിക്കുന്നത്. ഘടക കക്ഷികളോ മന്ത്രി സഭയോ പോലും അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്ന് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് സമാനമായി നീക്കത്തിനു തന്നെയാണ് ഇവിടെയും ശ്രമം നടന്നിട്ടുള്ളത്.

പി.എം ശ്രീയില്‍ മുന്നണിയില്‍ നിന്നും കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്നുമേറ്റ കനത്ത തിരിച്ചടിയില്‍ മുഖം കെട്ടുനില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ അതേ രീതിയില്‍തന്നെ കേന്ദ്രവുമായി മറ്റൊരു ഒത്തുകളിക്കുകൂടി നേതൃത്വം നല്‍കുമ്പോള്‍ ഈ സര്‍ക്കാറിനെ ആരാണ് നിയന്ത്രിക്കുന്നത് എന്ന ചോദ്യമാണ് കേരളം ഒറ്റക്കെട്ടായി ഉയര്‍ത്തുന്നത്. എന്തു തിരിച്ചടിയുണ്ടായാലും എത്രനാണംകെട്ടാലും അവിഹിത ഇടപാടുകളില്‍ നിന്ന് തങ്ങള്‍ക്ക് പിന്തിരിയാനാവില്ല എന്ന ദൃഢനിശ്ചവുമായുള്ള പിണറായി സര്‍ക്കാറിന്റെ നിഗമനം ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

തൊഴിലാളികളുടെ ആത്മാഭിമാനത്തെ തകര്‍ക്കുന്നതും മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്ന കാര്യത്തില്‍ രാജ്യത്തെ തൊഴിലാളികള്‍ക്കിടയില്‍ രണ്ടഭിപ്രായമില്ല. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസിനുപോലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ളതാണ് പലകോഡുകളും. നിലവിലുള്ള തൊഴില്‍ നിയമങ്ങളിലെ തൊഴിലാളിപക്ഷ വ്യവസ്ഥകളെല്ലാം ഇല്ലാതാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ആണ് കോഡിലൂടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനോ തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങള്‍ തേടാനോ പോലും തയാറാകാത്ത പ്രസ്തുത നിയമങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ കോര്‍പറേറ്റുകള്‍ക്കുള്ള സ്തുതിഗീതമാണ്. ഐ.എല്‍.ഒ. പ്രമാണം 144 അനുസരിച്ച് തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തിയ ശേഷമേ ആകാവൂ.

ഇന്ത്യ അംഗീകരിച്ച പ്രമാണമാണിത്. ഇത് ലംഘിക്കുന്നതാണ് പുതിയ ലേബര്‍ കോഡുകള്‍ . ലേബര്‍ കോഡുകള്‍ സംബന്ധിച്ച് ദേശീയ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തിയില്ല. വര്‍ഷങ്ങളായി നിലനിന്നിരുന്ന ത്രികക്ഷി സമ്മേളനം ‘ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്’ (ഐ.എല്‍.സി.) ചേരുന്നത് മോദി സര്‍ക്കാര്‍ ഉപേക്ഷിച്ചു. തൊഴിലാളി വിരുദ്ധ നടപടികള്‍ നടപ്പാക്കാന്‍ ട്രേഡ് യൂണിയനുകള്‍ തടസ്സമാണെന്ന് സര്‍ ക്കാര്‍ കരുതുന്നു.

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ്, ട്രേഡ് യൂണിയനുക ളുടെ രജിസ്‌ട്രേഷനും അംഗീകാരവും ദുഷ്‌കരമാക്കിയിരിക്കുന്നു. ഒരു വ്യവസായ സ്ഥാപനത്തിലെ ട്രേഡ് യൂണിയനില്‍ പുറമേനിന്നുള്ളവര്‍ ഭാരവാഹികളാവാന്‍ പാടില്ലെന്ന് ഐ.ആര്‍. കോഡ് വ്യവസ്ഥ ചെയ്യുന്നു. പണിമുടക്ക് സമരം നിരോധിക്കാന്‍ അവകാശം നല്‍കുന്നു പുതിയ ലേബര്‍ കോഡുകള്‍.

തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയ ശേഷം തര്‍ക്കത്തില്‍ ഒരു സന്ധി സംഭാഷണത്തിന് വിളിച്ചാല്‍ പിന്നീട് പണിമുടക്കുന്നത് ഐആര്‍ കോഡ് നിയമവിരുദ്ധമാക്കി. ഈ സന്ധി സംഭാഷണം എത്രസമയം കൊണ്ട് തീര്‍ക്കണമെന്ന് കോഡില്‍ വ്യവസ്ഥയില്ല. വര്‍ഷങ്ങളോളം നീട്ടാം. ഇത് തൊഴിലാളികള്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശം നിഷേധിക്കും. ‘നിയമവിരുദ്ധം’ എന്നു കണക്കാക്കുന്ന പണിമുടക്കിലേര്‍പ്പെടുന്ന തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് ഒരു ദിവസത്തെ പണിമുടക്കിന് എട്ടു ദിവസത്തെ വേതനം എ ന്ന തോതില്‍ പിടിച്ചെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അവകാശം നല്‍കുന്നു.

Continue Reading

editorial

ഉറച്ച കാല്‍വെപ്പുമായി യു.ഡി.എഫ്

34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ്ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് ത്രിതല പഞ്ചായത്തുകളിലേക്ക് അങ്കം കുറിക്കുന്നത്.

Published

on

സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പൂര്‍ണമായതോടെ സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. 34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ്ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് ത്രിതല പഞ്ചായത്തുകളിലേക്ക് അങ്കം കുറിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും പിന്നിട്ടതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തന്നെ നേടിയെടുത്ത മുന്‍തൂക്കം പത്രികകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴും യു.ഡി.എഫിന് നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് വ്യക്തമാണ്. ഭീഷണിയും ഭയപ്പെടുത്തലുമൊക്കെയായി കിണഞ്ഞുശ്രമിച്ചിട്ടും വിമതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടതുമുന്നണിക്ക് സാധ്യമായിട്ടില്ലെന്നിരിക്കെ അനുനയത്തിന്റെ മാര്‍ഗത്തിലൂടെ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ യു.ഡി.എഫിന് സാധിച്ചു. പിണറായി സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ശക്തമായ വികാരം പ്രതിഫലിപ്പിക്കാന്‍ കാത്തുനില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും യു.ഡി.എഫ് നിലയുറപ്പിക്കുമ്പോള്‍ ഭരണ വിരുദ്ധ വികാരത്തിന്റെ കാഠിന്യത്താല്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷം എത്തിനില്‍ക്കുന്നത്.

കൃത്യമായ പദ്ധതികളും പരിപാടികളുമായാണ് യു.ഡി.എ ഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നതിന്റെ നിദര്‍ശനമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രിക. ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ട പ്രാദേശിക ഭരണകൂടമായ ഗ്രാമ പഞ്ചായത്തിലേക്കുള്‍പ്പെടെയുള്ള ജനവിധി എന്ന നിലയില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി അവയെക്കുറിച്ച് വിശദമായ പഠനം നടത്തി പരിഹാര നിര്‍ദ്ദേശങ്ങളുമായാണ് യു.ഡി.എഫ് പ്രകടന പത്രിക പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ്, അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍, കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാന്റീന്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം, തെരുവുനായ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം, എല്ലാവര്‍ക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം തുടങ്ങിയ വിഷയങ്ങളെയെല്ലാം മുന്നണി അഭിസംബോധന ചെയ്യുന്നുണ്ട്. ഗ്രാമസ്വരാജ് എന്ന മഹാത്മാ ഗാന്ധിയുടെ ആശയത്തിലൂന്നി അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടാണ് പ്രകടന പത്രിക. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പത്രികയില്‍ എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുമെന്ന പ്രഖ്യാപനവുമുണ്ട്. തദ്ദേശ സ്ഥാപന ങ്ങളുടെ അധികാരം കവര്‍ന്ന എല്‍.ഡി.എഫ് സര്‍ക്കാരി നെ തുറന്നുകാട്ടുന്ന കുറ്റപത്രവും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ജനകീയ വിഷയങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ അവരുടെ മേല്‍ കടുത്ത ഭാരംകെട്ടിവക്കുന്ന സമീപനമായിരുന്നു തദ്ദേശ സ്ഥാപനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ അവയുടെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുത്ത് സര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പാക്കാനുള്ള ഏജന്‍സികള്‍ മാത്രമാക്കി മാറ്റുകയായിരുന്നു.

ഗ്രാമ പഞ്ചായത്തുകളുടെ പ്രധാന വരുമാന മാര്‍ഗമായ ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും അതുതന്നെ സമയ ബന്ധിതമായി കൊടുത്തുതീര്‍ക്കാതെ ലാപ്‌സാക്കിക്കളയുന്ന ക്രൂരമായ അവസ്ഥക്കും ഗ്രാമപഞ്ചായത്തുകള്‍ക്ക് സാക്ഷിയാകേണ്ടി വരികയുണ്ടായി. അതുകൊണ്ട് തന്നെ തെരുവുനായ ശല്യംപോലുള്ള ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്ന വിഷയങ്ങളില്‍ പഞ്ചായത്ത് ഭരണ സമിതികള്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കേണ്ട അവസ്ഥാ വിശേഷമായിരുന്നു. മലയോര മേഖലയില്‍ വിശേഷിച്ചും ദുരിതം വിതച്ച വന്യമൃഗശല്യത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഇത്തരം വിഷയങ്ങളെയെല്ലാം പഞ്ചായത്തുകള്‍ക്ക് കൃത്യമായി അഭിമഖീകരിക്കാനാവുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയിലൂടെ ഉറപ്പുനല്‍കുകയാണ്. ക്ഷേമ പ്രവരത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും ഒരുപോലെ ഇടം നേടിയ പത്രിക യിലൂടെ അടിസ്ഥാന വര്‍ഗത്തിന്റെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതോടൊപ്പം പുതിയ കാലത്തിന്റെ സാധ്യതകളെ ചേര്‍ത്തുവെക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തുണ്ടായ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും അതുല്യമായ സംയോജനമാണ് ഇവിടെ ഉറപ്പുനല്‍കപ്പെടുന്നത്.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി അന്നത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ആശ്രയ 2.0, ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റല്‍, വിദ്യാര്‍ഥികള്‍ക്ക് എഐ ഡി ജിറ്റല്‍ സ്‌കില്‍സ് കോഴ്‌സസ്, മഹാത്മാഗാന്ധി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളില്‍ മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീരവികസനം, ഭവനനിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി വിപുലീകരണം, ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഡേകെയര്‍ സൗകര്യത്തോടെ പിന്തുണ നല്‍കാന്‍ എല്ലാ കോര്‍പ്പ റേഷന്‍ വാര്‍ഡുകളിലും അര്‍ബന്‍ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ട്രാന്‍സിറ്റ് പോയിന്റുകളിലും മാര്‍ക്കറ്റുകളിലും പിങ്ക് വാഷ്‌റൂമുകള്‍, എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ്‌ലൈന്‍, നഗരങ്ങളില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന്‍ അനന്ത മോഡല്‍, ഭരണ സുതാര്യതയ്ക്കായി എ.ഐ ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-ഗവേണന്‍സ് നടപ്പാക്കല്‍ എന്നിവയെല്ലാം ഇതിന്റെ പ്രകടമായ അടയാളങ്ങളാണ്.

Continue Reading

editorial

എസ്.ഐ.ആര്‍ എന്ന മനുഷ്യനിര്‍മിത ദുരന്തം

ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാത്രം അഞ്ച് ബി.എല്‍.ഒ മാര്‍ക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവന്‍ നഷ്ടമായിരിക്കുന്നത്.

Published

on

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന ഒരു മനുഷ്യനിര്‍മിത ദുരന്തമായി മാറുന്നതിനാണ് രാജ്യം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാത്രം അഞ്ച് ബി.എല്‍.ഒ മാര്‍ക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവന്‍ നഷ്ടമായിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ രണ്ട് ബി.എല്‍.ഒ മാര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ പശ്ചിമ ബംഗാളില്‍ അധ്യാപിക ആത്മഹത്യ ചെയ്യുകയായിരുന്നു. കൃഷ്ണ നഗറില്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയുണ്ടായി.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഐ.ആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെ ക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ വില്ലേജ് അസിസ്റ്റന്റായ ബി.എല്‍.ഒയാണ് ജീവിതം അവസാനിപ്പിച്ചത്. എ സ്.ഐ.ആറുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കായി രാവിലെ വി ട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ഉച്ചക്ക് വീട്ടിലെത്തിയതിന് പി ന്നാലെ തൂങ്ങി മരിക്കുകയായിരുന്നു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് യുവതിയുടെ ആത്മഹത്യക്ക് പിന്നിലെന്ന ആരോപണവുമായി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഗുജറാത്തിലെ ബി.എല്‍.ഒ യുടെ മരണം കുഴഞ്ഞ് വീണായിരുന്നു. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഗുജറാത്തില്‍ മാത്രം നാലാമത്തെ ബി.എല്‍.ഒ ആണ് മരണപ്പെടുന്നത്. അതിനിടെ മധ്യപ്രദേശില്‍ രണ്ടു ബി.എല്‍.ഒ മാരെ കാണാനില്ലെന്ന പരാതിയുമായി ഇവരുടെ കുടുംബങ്ങള്‍ പൊലീസിനെ സമീപിച്ചിട്ടുമുണ്ട്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന വിവരം ഇരുവരും പങ്കുവെച്ചിരുന്നതായും കുടുംബങ്ങള്‍ പറയുന്നു. എസ്.ഐ.ആര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ദുരൂഹമായ വേഗതയാണ് കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇതിന്റെ അനന്തരഫലമായി മനുഷ്യ സാധ്യമല്ലാത്ത തരത്തിലുള്ള നിര്‍ദ്ദേശങ്ങളും അതുവഴി താങ്ങാനാവാത്ത സമ്മര്‍ദവുമാണ് ഉദ്യോഗസ്ഥര്‍ക്ക്, വിശേഷിച്ചും ഏറ്റവും താഴെ തട്ടിലുള്ള ബി.എല്‍.ഒ മാര്‍ അനുഭവിക്കേണ്ടി വരുന്നത്.

രേഖാമൂലം നല്‍കിയ നിര്‍ദ്ദേശങ്ങളെ പോലും നോക്കുകുത്തിയാക്കി മുകളില്‍ നിന്നുള്ള നിരന്തരമായ സമ്മര്‍ദ്ദമാണ് ഇവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ എസ്.ഐ.ആറിന്റെ എന്യൂമറേഷന്‍ നടപടികള്‍ക്ക് ഡിസംബര്‍ നാലുവരെ സാവകാശമുണ്ടായിരിക്കെയാണ് ഈ മാസം 25 നകം തീര്‍ക്കാനുള്ള നിര്‍ദ്ദേശ മുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്യൂമറേഷന്‍ ഫോം വിതരണം പൂര്‍ത്തിയാക്കുന്നതിന് മുമ്പെ തന്നെ പൂരിപ്പിച്ച് തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ നടപടികളിലേക്ക് നീങ്ങേണ്ട സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തി നില്‍ക്കുന്നത്. പൂരിപ്പിച്ച ഫോമുകള്‍ തിങ്കളാഴ്ച്ചക്ക് മുന്നെ തിരികെ എത്തിക്കണമെന്നും അവ തിരികെ സ്വീകരിക്കാന്‍ ബി.എല്‍.ഒ മാര്‍ വീടുകളിലേക്കെത്തില്ലെന്നുമുള്ള ജില്ലാ കലക്ടര്‍മാരുടേതായി പുറത്തുവന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ആശങ്കയുടെ അങ്ങേത്തലയാണ്.

ആവശ്യമെങ്കില്‍ കലക്ഷന്‍ സെന്ററുകളില്‍ ഫോം എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് കേരളം ഒറ്റക്കെട്ടായി ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ബി.എല്‍.ഒമാരും അവരെ സഹായിക്കാന്‍ നിയുക്തരായ പാര്‍ട്ടി പ്രതിനിധികളായ ബി.എല്‍.എ മാരുമെല്ലാം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണം അസാധ്യമായിത്തീരുമെന്നതായിരുന്നു ഈ ആവശ്യങ്ങളുടെ നിദാനം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ തീര്‍ത്തും ദുരൂഹമായ വേഗതയോടെ കമീഷന്‍ മുന്നോട്ടു പോവുകയാണ്. നിരന്തരമായി യോഗം വിളിക്കുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും നടപടിക്രമങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തയാറാകാത്ത കമ്മീഷന്‍ പരിഹാസ്യമായ സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടികളോട് സ്വീകരിക്കുന്നത് എന്നതാണ് യഥാര്‍ത്ഥ്യം.

എസ്.ഐ.ആര്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാറുമെല്ലാം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് കോടതി പരിഗണിക്കുന്നതിന് മുബെതന്നെ എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ഊര്‍ജ്ജിത ശ്രമമാണോ കമ്മീഷന്റെ ഭാഗത്തുനിന്ന് നടക്കുന്നത് എന്നതും സംശയിക്കപ്പെടേണ്ടതാണ്. അതിനിടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന ബി.എല്‍.ഒ ആപ് പണി മുടക്കുകയും ചെയ്യുന്നതോടെ ബി.എല്‍.ഒ മാരുടെ ദുരിതം ഇരട്ടിയായിമാറുകയാണ്.

ആപ് കൃത്യമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നാലോ അഞ്ചോ മിനിറ്റ് കൊണ്ട് ഒരു വോട്ടറുടെ വിവരങ്ങള്‍ അപ്പ്ലോഡ് ചെയ്യാവുന്നിടത്ത് 10, 20 മിനിറ്റ് സമയംവരെയാണ് പലപ്പോഴും വേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ കമ്മീഷന്റെ എല്ലാ ന്യായീകരണങ്ങളും അസ്ഥാനത്തായി മാറുകയാണ്. യാഥാര്‍ത്ഥ്യബോധം ഉണ്ടങ്കില്‍ കടുംപിടുത്തം അവസാനിപ്പിച്ച് സമയം നീട്ടുക എന്നതാണ് കമ്മീഷന്റെ മുന്നിലുള്ള ഏക മാര്‍ഗം. എന്നാല്‍ ഹിഡന്‍ അജണ്ട അതിന് അവരെ അനുവദിക്കുന്നില്ലെന്നതാണ് വസ്തുത.

 

Continue Reading

Trending