editorial
ഉറച്ച കാല്‍വെപ്പുമായി യു.ഡി.എഫ്
34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ്ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് ത്രിതല പഞ്ചായത്തുകളിലേക്ക് അങ്കം കുറിക്കുന്നത്.
സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പൂര്‍ണമായതോടെ സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. 34218 വനിതാ സ്ഥാനാര്‍ത്ഥികളും 37,786 പുരുഷ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ്ജന്റര്‍ സ്ഥാനാര്‍ത്ഥിയുമാണ് ത്രിതല പഞ്ചായത്തുകളിലേക്ക് അങ്കം കുറിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും പിന്നിട്ടതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തന്നെ നേടിയെടുത്ത മുന്‍തൂക്കം പത്രികകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴും യു.ഡി.എഫിന് നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് വ്യക്തമാണ്. ഭീഷണിയും ഭയപ്പെടുത്തലുമൊക്കെയായി കിണഞ്ഞുശ്രമിച്ചിട്ടും വിമതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടതുമുന്നണിക്ക് സാധ്യമായിട്ടില്ലെന്നിരിക്കെ അനുനയത്തിന്റെ മാര്‍ഗത്തിലൂടെ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ യു.ഡി.എഫിന് സാധിച്ചു. പിണറായി സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ശക്തമായ വികാരം പ്രതിഫലിപ്പിക്കാന്‍ കാത്തുനില്ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കുമുന്നില്‍ ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും യു.ഡി.എഫ് നിലയുറപ്പിക്കുമ്പോള്‍ ഭരണ വിരുദ്ധ വികാരത്തിന്റെ കാഠിന്യത്താല്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇടതുപക്ഷം എത്തിനില്‍ക്കുന്നത്.
കൃത്യമായ പദ്ധതികളും പരിപാടികളുമായാണ് യു.ഡി.എ ഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നതിന്റെ നിദര്‍ശനമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രിക. ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ട പ്രാദേശിക ഭരണകൂടമായ ഗ്രാമ പഞ്ചായത്തിലേക്കുള്‍പ്പെടെയുള്ള ജനവിധി എന്ന നിലയില്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി അവയെക്കുറിച്ച് വിശദമായ പഠനം നടത്തി പരിഹാര നിര്‍ദ്ദേശങ്ങളുമായാണ് യു.ഡി.എഫ് പ്രകടന പത്രിക പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ്, അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍, കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാന്റീന്, വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം, തെരുവുനായ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം, എല്ലാവര്ക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം തുടങ്ങിയ വിഷയങ്ങളെയെല്ലാം മുന്നണി അഭിസംബോധന ചെയ്യുന്നുണ്ട്. ഗ്രാമസ്വരാജ് എന്ന മഹാത്മാ ഗാന്ധിയുടെ ആശയത്തിലൂന്നി അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടാണ് പ്രകടന പത്രിക. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന പത്രികയില്‍ എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുമെന്ന പ്രഖ്യാപനവുമുണ്ട്. തദ്ദേശ സ്ഥാപന ങ്ങളുടെ അധികാരം കവര്‍ന്ന എല്‍.ഡി.എഫ് സര്‍ക്കാരി നെ തുറന്നുകാട്ടുന്ന കുറ്റപത്രവും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ജനകീയ വിഷയങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ അവരുടെ മേല്‍ കടുത്ത ഭാരംകെട്ടിവക്കുന്ന സമീപനമായിരുന്നു തദ്ദേശ സ്ഥാപനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ അവയുടെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുത്ത് സര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പാക്കാനുള്ള ഏജന്‍സികള്‍ മാത്രമാക്കി മാറ്റുകയായിരുന്നു.
ഗ്രാമ പഞ്ചായത്തുകളുടെ പ്രധാന വരുമാന മാര്‍ഗമായ ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും അതുതന്നെ സമയ ബന്ധിതമായി കൊടുത്തുതീര്‍ക്കാതെ ലാപ്സാക്കിക്കളയുന്ന ക്രൂരമായ അവസ്ഥക്കും ഗ്രാമപഞ്ചായത്തുകള്‍ക്ക് സാക്ഷിയാകേണ്ടി വരികയുണ്ടായി. അതുകൊണ്ട് തന്നെ തെരുവുനായ ശല്യംപോലുള്ള ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്ന വിഷയങ്ങളില്‍ പഞ്ചായത്ത് ഭരണ സമിതികള്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കേണ്ട അവസ്ഥാ വിശേഷമായിരുന്നു. മലയോര മേഖലയില്‍ വിശേഷിച്ചും ദുരിതം വിതച്ച വന്യമൃഗശല്യത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഇത്തരം വിഷയങ്ങളെയെല്ലാം പഞ്ചായത്തുകള്‍ക്ക് കൃത്യമായി അഭിമഖീകരിക്കാനാവുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയിലൂടെ ഉറപ്പുനല്‍കുകയാണ്. ക്ഷേമ പ്രവരത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും ഒരുപോലെ ഇടം നേടിയ പത്രിക യിലൂടെ അടിസ്ഥാന വര്‍ഗത്തിന്റെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതോടൊപ്പം പുതിയ കാലത്തിന്റെ സാധ്യതകളെ ചേര്‍ത്തുവെക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്തുണ്ടായ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും അതുല്യമായ സംയോജനമാണ് ഇവിടെ ഉറപ്പുനല്‍കപ്പെടുന്നത്.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി അന്നത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ആശ്രയ 2.0, ക്ഷേമപെന്ഷന് ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റല്‍, വിദ്യാര്‍ഥികള്‍ക്ക് എഐ ഡി ജിറ്റല്‍ സ്കില്‍സ് കോഴ്സസ്, മഹാത്മാഗാന്ധി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളില്‍ മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീരവികസനം, ഭവനനിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി വിപുലീകരണം, ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഡേകെയര്‍ സൗകര്യത്തോടെ പിന്തുണ നല്കാന് എല്ലാ കോര്പ്പ റേഷന്‍ വാര്‍ഡുകളിലും അര്‍ബന്‍ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ട്രാന്‍സിറ്റ് പോയിന്റുകളിലും മാര്‍ക്കറ്റുകളിലും പിങ്ക് വാഷ്റൂമുകള്‍, എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഹെല്പ്പ്ലൈന്, നഗരങ്ങളില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന് അനന്ത മോഡല്‍, ഭരണ സുതാര്യതയ്ക്കായി എ.ഐ ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-ഗവേണന്‍സ് നടപ്പാക്കല്‍ എന്നിവയെല്ലാം ഇതിന്റെ പ്രകടമായ അടയാളങ്ങളാണ്.
editorial
എസ്.ഐ.ആര് എന്ന മനുഷ്യനിര്‍മിത ദുരന്തം
ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാത്രം അഞ്ച് ബി.എല്‍.ഒ മാര്‍ക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവന് നഷ്ടമായിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധന ഒരു മനുഷ്യനിര്‍മിത ദുരന്തമായി മാറുന്നതിനാണ് രാജ്യം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാത്രം അഞ്ച് ബി.എല്‍.ഒ മാര്‍ക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവന് നഷ്ടമായിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ രണ്ട് ബി.എല്‍.ഒ മാര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ പശ്ചിമ ബംഗാളില്‍ അധ്യാപിക ആത്മഹത്യ ചെയ്യുകയായിരുന്നു. കൃഷ്ണ നഗറില്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയുണ്ടായി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഐ.ആര് നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെ ക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ വില്ലേജ് അസിസ്റ്റന്റായ ബി.എല്‍.ഒയാണ് ജീവിതം അവസാനിപ്പിച്ചത്. എ സ്.ഐ.ആറുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കായി രാവിലെ വി ട്ടില് നിന്നിറങ്ങിയ ഇവര്‍ ഉച്ചക്ക് വീട്ടിലെത്തിയതിന് പി ന്നാലെ തൂങ്ങി മരിക്കുകയായിരുന്നു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് യുവതിയുടെ ആത്മഹത്യക്ക് പിന്നിലെന്ന ആരോപണവുമായി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ഗുജറാത്തിലെ ബി.എല്‍.ഒ യുടെ മരണം കുഴഞ്ഞ് വീണായിരുന്നു. എസ്.ഐ.ആര് പ്രവര്‍ത്തനങ്ങള്‍ക്കിടെ ഗുജറാത്തില്‍ മാത്രം നാലാമത്തെ ബി.എല്‍.ഒ ആണ് മരണപ്പെടുന്നത്. അതിനിടെ മധ്യപ്രദേശില്‍ രണ്ടു ബി.എല്‍.ഒ മാരെ കാണാനില്ലെന്ന പരാതിയുമായി ഇവരുടെ കുടുംബങ്ങള്‍ പൊലീസിനെ സമീപിച്ചിട്ടുമുണ്ട്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന വിവരം ഇരുവരും പങ്കുവെച്ചിരുന്നതായും കുടുംബങ്ങള്‍ പറയുന്നു. എസ്.ഐ.ആര് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ദുരൂഹമായ വേഗതയാണ് കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇതിന്റെ അനന്തരഫലമായി മനുഷ്യ സാധ്യമല്ലാത്ത തരത്തിലുള്ള നിര്‍ദ്ദേശങ്ങളും അതുവഴി താങ്ങാനാവാത്ത സമ്മര്‍ദവുമാണ് ഉദ്യോഗസ്ഥര്‍ക്ക്, വിശേഷിച്ചും ഏറ്റവും താഴെ തട്ടിലുള്ള ബി.എല്‍.ഒ മാര്‍ അനുഭവിക്കേണ്ടി വരുന്നത്.
രേഖാമൂലം നല്കിയ നിര്‍ദ്ദേശങ്ങളെ പോലും നോക്കുകുത്തിയാക്കി മുകളില്‍ നിന്നുള്ള നിരന്തരമായ സമ്മര്‍ദ്ദമാണ് ഇവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ എസ്.ഐ.ആറിന്റെ എന്യൂമറേഷന് നടപടികള്‍ക്ക് ഡിസംബര്‍ നാലുവരെ സാവകാശമുണ്ടായിരിക്കെയാണ് ഈ മാസം 25 നകം തീര്‍ക്കാനുള്ള നിര്‍ദ്ദേശ മുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്യൂമറേഷന് ഫോം വിതരണം പൂര്‍ത്തിയാക്കുന്നതിന് മുമ്പെ തന്നെ പൂരിപ്പിച്ച് തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റലൈസേഷന് നടപടികളിലേക്ക് നീങ്ങേണ്ട സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തി നില്‍ക്കുന്നത്. പൂരിപ്പിച്ച ഫോമുകള്‍ തിങ്കളാഴ്ച്ചക്ക് മുന്നെ തിരികെ എത്തിക്കണമെന്നും അവ തിരികെ സ്വീകരിക്കാന്‍ ബി.എല്‍.ഒ മാര്‍ വീടുകളിലേക്കെത്തില്ലെന്നുമുള്ള ജില്ലാ കലക്ടര്മാരുടേതായി പുറത്തുവന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ആശങ്കയുടെ അങ്ങേത്തലയാണ്.
ആവശ്യമെങ്കില്‍ കലക്ഷന്‍ സെന്ററുകളില്‍ ഫോം എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ എസ്.ഐ.ആര് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് കേരളം ഒറ്റക്കെട്ടായി ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ബി.എല്‍.ഒമാരും അവരെ സഹായിക്കാന്‍ നിയുക്തരായ പാര്‍ട്ടി പ്രതിനിധികളായ ബി.എല്‍.എ മാരുമെല്ലാം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണം അസാധ്യമായിത്തീരുമെന്നതായിരുന്നു ഈ ആവശ്യങ്ങളുടെ നിദാനം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ തീര്‍ത്തും ദുരൂഹമായ വേഗതയോടെ കമീഷന് മുന്നോട്ടു പോവുകയാണ്. നിരന്തരമായി യോഗം വിളിക്കുകയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും നടപടിക്രമങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തയാറാകാത്ത കമ്മീഷന് പരിഹാസ്യമായ സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടികളോട് സ്വീകരിക്കുന്നത് എന്നതാണ് യഥാര്‍ത്ഥ്യം.
എസ്.ഐ.ആര് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാറുമെല്ലാം സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് കോടതി പരിഗണിക്കുന്നതിന് മുബെതന്നെ എസ്.ഐ.ആര് നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ഊര്‍ജ്ജിത ശ്രമമാണോ കമ്മീഷന്റെ ഭാഗത്തുനിന്ന് നടക്കുന്നത് എന്നതും സംശയിക്കപ്പെടേണ്ടതാണ്. അതിനിടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന ബി.എല്‍.ഒ ആപ് പണി മുടക്കുകയും ചെയ്യുന്നതോടെ ബി.എല്‍.ഒ മാരുടെ ദുരിതം ഇരട്ടിയായിമാറുകയാണ്.
ആപ് കൃത്യമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നാലോ അഞ്ചോ മിനിറ്റ് കൊണ്ട് ഒരു വോട്ടറുടെ വിവരങ്ങള്‍ അപ്പ്ലോഡ് ചെയ്യാവുന്നിടത്ത് 10, 20 മിനിറ്റ് സമയംവരെയാണ് പലപ്പോഴും വേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ കമ്മീഷന്റെ എല്ലാ ന്യായീകരണങ്ങളും അസ്ഥാനത്തായി മാറുകയാണ്. യാഥാര്‍ത്ഥ്യബോധം ഉണ്ടങ്കില്‍ കടുംപിടുത്തം അവസാനിപ്പിച്ച് സമയം നീട്ടുക എന്നതാണ് കമ്മീഷന്റെ മുന്നിലുള്ള ഏക മാര്‍ഗം. എന്നാല്‍ ഹിഡന്‍ അജണ്ട അതിന് അവരെ അനുവദിക്കുന്നില്ലെന്നതാണ് വസ്തുത.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പാര്‍ട്ടി നേതാക്കള്‍ ഒന്നിനുപിറകെ ഒന്നായി അറസ്റ്റിലാകാന്‍ തുടങ്ങിയതോടെ എല്ലാ പ്രതിരോധവും നഷട്പ്പെട്ട അവസ്ഥയിലാണ് സി.പി.എം. പാര്‍ട്ടിയുടെ സ്വന്തം നോമിനിയായി ദേവസ്വം കമ്മീഷണറും പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന വാസുവിന് ശേഷം മുന്‍ എം.എല്‍.എ കൂടിയായ മറ്റൊരു പ്രസിഡന്റ് എ. പത്മകുമാറും അകത്തായിരിക്കുകയാണ്. പത്മകുമാറിന്റെ മൊഴികളാകട്ടെ കടുത്ത പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ തള്ളിയിടുന്നത്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുള്‍പ്പെടെയുള്ള ഉന്നത നേതൃത്വത്തിന്റെ പങ്കിലേക്കുള്ള അദ്ദേഹത്തിന്റെ സൂചനകള്‍ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. ഏതു സാഹചര്യത്തിലും ആരും അറസ്റ്റിലാകുമെന്ന അവസ്ഥ അവരുടെ ഉറക്കം കെടുത്തുമ്പോള്‍ വിശ്വാസി സമൂഹത്തെ സംബന്ധിച്ചടുത്തോളം ഇത് ഉപ്പുതിന്നവന്റെ വെള്ളംകുടിയാണ്.
54 വര്‍ഷത്തെ ഇടത് രാഷ്ട്രീയ പാരമ്പര്യമുള്ള ഉന്നത നേതാവിനെ മുഖ്യ ആസൂത്രകനായി പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നതോടെ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി ശബരിമലയിലെ സ്വര്‍ണക്കൊള്ള മാറുന്നതോടൊപ്പം കവര്‍ച്ചക്കുപിന്നിലെ കൂട്ടുത്തരവാദിത്തവും മറനീക്കിപ്പുറത്തുവരികയാണ്. സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണം മുതല്‍ സജീവമായിരുന്നതും, 1991ല്‍ കോന്നിയില്‍ നിന്ന് നിയമസഭാംഗമായതും, പിണറായി പക്ഷത്തിന്റെ ശക്തനായ നേതാവുമായിരുന്നു പത്മകുമാര്‍. 2019 ലാണ് ഇദ്ദേഹം ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നത്.
പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് അഴിമതി കേസില്‍ കുടുങ്ങിയത് സി.പി.എമ്മിന്റെ ‘ശുദ്ധമായ കൈ’ വാദങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ കാലത്താണ് വിവാദ വിഷയങ്ങള്‍ അരങ്ങേറിയതെന്നതും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സാധ്യതയില്ലെന്ന ആരോപണം ഇവിടെ ശക്തമാവുകയാണ്. അന്വേഷണം മുന്‍ ദേവസ്വം മന്ത്രിയിലേക്കും നീളുമോ എന്ന ആശങ്ക സി.പി.എമ്മിനുള്ളില്‍ ശക്തമാണ്. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, പത്മകുമാറിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ മറച്ചുപിടിക്കാന്‍ കഴിയില്ലെന്നത് വസ്തുതമാത്രമാണ്. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റക്കാരനാവില്ലെന്നും, നിലവില്‍ കുറ്റാരോപിതന് മാത്രമാണെന്നും പറഞ്ഞ് ഗോവിന്ദന് പ്രതിരോധിക്കുന്നുണ്ടെങ്കിലും, ഈ നീക്കം തിരഞ്ഞെടുപ്പ് ഗോദയില്‍ സി.പി.എമ്മിന് വലിയ വെല്ലുവിളിയായിമാറുകതന്നെചെയ്യും. പത്മകുമാറിന്റെ റിമാന്റ് റിപ്പോര്‍ട്ട്തന്നെ സി.പി.എമ്മിന്റെ കള്ളക്കളിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള്‍ കൈമാറാന്‍ പത്മകുമാര്‍ ദേവസ്വം മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികളെന്ന് എഴുതിച്ചേര്‍ത്തെന്നാണ് എസ്.ഐ.ടിയുടെ നിര്‍ണായക കണ്ടെത്തല്‍. കട്ടിള പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. ‘സംഭവങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാറിനും അപേക്ഷ നല്‍കിയിരുന്നു. ഇത് പരിശോധിച്ച് ഉചിതമായ നടപടിയെക്കാന്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു’ എന്ന പത്മകുമാറിന്റെ മൊഴി പുറത്തുവരുന്നത് ഫയലൊന്നും താന്‍ കണ്ടിട്ടില്ലെന്ന് കടകംപള്ളി വിശദീകരിക്കുമ്പോഴാണ്.
വിവാദങ്ങള്‍ കത്തിനില്‍ക്കെയുള്ള ഈ മണ്ഡലകാല ദര്‍ശനവും സര്‍ക്കാര്‍ കുളമാക്കിയിരിക്കുകയാണ്. ദിനംപ്രതി ലക്ഷങ്ങള്‍ എത്തുന്ന സന്നിധാനത്ത് ഒരുമുന്നൊരുക്കവും നടക്കാത്തതിനാല്‍ പത്ത് മണിക്കൂറു വരെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്. ചെറിയ കുട്ടികളും പ്രായമായവരുമടക്കം കുടിവെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ മറയാക്കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാര്‍ ഭക്തരെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ശബരി മലയിലെ സ്ത്രീപ്രവേശന വിഷയത്തിലും ഈ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വിശ്വാസ സമൂഹത്തെ കണ്ണുനീര് കുടിപ്പിക്കുന്ന തരത്തിലായിരുന്നു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കവെ തന്നെ സി.പി.എം സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു തുടങ്ങി. ശബരിമലയില്‍ സ്ത്രീകള്‍ ദശനത്തിനെത്തുന്നതിനു മുന്നോടിയായി എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്നു ദേവസ്വം ബോര്‍ഡിനു അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നിര്‍ദേശം നല്കി. ഇത് കേരളത്തില്‍ പരക്കെ പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍, പ്രസ്ഥാവനയില്‍ നിന്നും നടപടികളില്‍ നിന്നും ഒട്ടും പിന്നോക്കം പോകാന്‍ പിണറായി വിജയന് തയാറായില്ല. സൗകര്യങ്ങളൊരുക്കാന്‍ കൂടുതല്‍സമയം വേണമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആവശ്യം പോലും പിണറായി വിജയന് അംഗീകരിച്ചിരുന്നില്ല. അയ്യപ്പന്റെ സ്വത്ത് കൊള്ളയടിച്ചും ശബരിമലയിലെ ആചാരങ്ങളെ വെല്ലുവിളിച്ചും അസൗകാര്യങ്ങളാല്‍ ഭക്തരെ വീര്‍പ്പുമുട്ടിച്ചും വിശ്വാസി സമൂഹത്തോട് യുദ്ധപ്രഖ്യാപനം നടത്തിയതിനുള്ള അനിവാര്യമായ തിരിച്ചടിക്കാണ് ഈ സര്‍ക്കാര്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
editorial
ഗസ്സ പദ്ധതി: പുതിയ സംഘര്‍ഷങ്ങളിലേക്കോ
15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച ഗസ്സ പദ്ധതിക്ക് യു.എന്‍ രക്ഷാ സമിതി അംഗീകാരം നല്‍കിയതോടെ, ഫലസ്തീന് വീണ്ടും ലോകശ്രദ്ധയുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. 15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, ഒരു ‘നിര്‍ണ്ണായക ചുവടുവെപ്പ്’ എന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ച ഈ നീക്കം, മേഖലയില്‍ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ശമനം നല്‍കുമോ, അതോ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴി തുറക്കുമോ എന്നതാണ് ഉയരുന്ന അടിസ്ഥാന ചോദ്യം.
റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും, ശക്തമായ പിന്തുണയോടെയാണ് പ്രമേയം രക്ഷാസമിതി അംഗീകരിച്ചത്. രണ്ടാംഘട്ട വെടിനിര്‍ത്തലിനും ദ്വിരാഷ്ട്ര പരിഹാരമെന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്കും ഇത് വഴിയൊരുക്കുമെന്നാണ് ഗുട്ടറസ് പ്രതീക്ഷിക്കുന്നത്. ഫലസ്തീനികളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതും സ്വയം നിര്‍ണയാവകാശം അംഗീകരിക്കുന്നതുമാണ് പ്രമേയമെന്ന നിലപാടാണ് ഫലസ്തീന് അതോറിറ്റിയും സ്വീകരിച്ചിരിക്കുന്നത്. പ്രമേയത്തെ സമാധാന ശ്രമമായി ഇവരൊക്കെ കാണാന്‍ ശ്രമിക്കുമ്പോഴും അതിന്റെ ഉള്ളടക്ക ത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാണ്.
ഗസ്സയുടെ പ്രതിരോധ ശക്തിയായ ഹമാസ് യു.എന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. അന്താരാഷ്ട്ര സേനയുടെ സാന്നിധ്യം അംഗീകരിക്കില്ലെന്നും നടപടി ഗുണം ചെയ്യില്ലെന്നുമാണ് അവരുടെ നിലപാട്. ഗസ്സയുടെ ഭൂമിശാസ്ത്രപരമായ സമഗ്രതയെ തകര്‍ക്കുന്നതും വിദേശ ശക്തിക്ക് മേഖലയില്‍ നേരിട്ടുള്ള സ്വാധീനം നല്കുന്നതുമാണ് പദ്ധതി. ഇസ്രാഈലിന്റെ അധിനിവേശത്തെ തടയാനോ, ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേ റ്റാനോ അല്ലാതെ, മേഖലയെ നിയന്ത്രിക്കാന്‍ വരുന്ന അന്താ രാഷ്ട്ര സൈന്യത്തിന്റെ സാന്നിധ്യം പുതിയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ സാധ്യതയുണ്ട്. ഫലസ്തീന് അതോറിറ്റി ഈ നീക്കത്തെ പിന്തുണയ്ക്കുമ്പോഴും, ഈ പ്രമേയം ഫലസ്തീനികളുടെ അടിസ്ഥാന ആവശ്യങ്ങളെ എത്രത്തോളം നിറവേറ്റുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
പ്രമേയം രണ്ടാംഘട്ട വെടിനിര്‍ത്തലിന് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും, ഒരു സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ച് വ്യക്തമായ ഉറപ്പുകളില്ല. ഇസ്രാഈല്‍ അധിനിവേശത്തില്‍ നിന്നുള്ള സംരക്ഷണം എന്ന ഫലസ്തീന് ആവശ്യം പ്രമേയത്തില്‍ വേണ്ടത്ര പരിഗണിക്കുന്നില്ല. അന്താരാഷ്ട്ര സേനയുടെ വി ന്യാസം ഇസ്രാഈലിന്റെ സൈനിക നടപടികളെ എത്രത്തോളം നിയന്ത്രിക്കുമെന്നതിലും വ്യക്തതയില്ല. ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പുവരുത്തേണ്ടത് അടിയന്തര ആവശ്യമാണ്. എന്നാല്‍, ഈ പദ്ധതി ഇതിനെക്കുറിച്ച് കൃത്യമായ ഉറപ്പുകള്‍ നല്‍കുന്നില്ല. ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യത്തിലേക്ക് വഴിതുറക്കും എന്ന് പറയുന്നുണ്ടെങ്കിലും സ്വതന്ത്ര ഫലസ്തീന് രാഷ്ട്രത്തിന്റെ രൂപീകരണത്തിന് പദ്ധതി നേരിട്ട് ഉറപ്പുനല്‍കുന്നില്ല. ഫലസ്തീനികളുടെ അതിജീവനത്തിനും സ്വയംനിര്‍ണ്ണയാ വകാശത്തിനും വേണ്ടി നിലകൊള്ളുന്നതിനേക്കാള്‍, ഗസ്സ യിലെ സാഹചര്യം ‘നിയന്ത്രിക്കാന്‍’ വേണ്ടിയുള്ള താല്‍ക്കാലിക പരിഹാരമായേ പദ്ധതിയെ കാണാനാകൂ എന്നതാണ് യാഥാര്‍ത്ഥ്യം.
നിലവിലെ ഗസ്സയെ മൂന്ന് ഭാഗങ്ങളാക്കി വിഭജിക്കുന്നതാണ് ട്രംപ് മുന്നോട്ടുവച്ച ഗസ്സ പദ്ധതി. ഇസ്രാഈലി സൈന്യത്തിന്റെയും അന്താരാഷ്ട്ര സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള ഗ്രീന്‍ സോണ്‍ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിക്കാണ് യു.എസ് കോപ്പുകൂട്ടുന്നത്. ഇതോടെ ഫലസ്തീനി കള്‍ മുഴുവന്‍ നിലവിലെ ഗസ്സയുടെ പകുതി ഭൂപ്രദേശം മാത്രം വരുന്ന റെഡ്സോണിലേക്ക് ആട്ടിയോടിക്കപ്പടും. ഗ്രീന്‍, റെഡ് സോണുകള്‍ക്കിടയിലെ ഇടനാഴിയായ യെല്ലോ സോണില്‍ ഇസ്രാഈല്‍ – അന്താരാഷ്ട്ര സൈന്യം നിലയുറപ്പിക്കും. മാത്രമല്ല, അന്താരാഷ്ട്ര സൈന്യം എന്ന പേരില്‍ വിന്യ സിക്കപ്പെടുന്നത് യു.എന്‍ സമാധാന സേനയായിരിക്കില്ല. പകരം യു.എസ് നിര്‍ദേശിക്കുന്ന ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള സൈന്യത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സേനയായിരിക്കും. പരിശീലനം ലഭിച്ച ഫലസ്തീന് പൊലീസ് സേനക്കൊപ്പമായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഫ ലത്തില്‍ ഇസ്രാഈല്‍ താല്പര്യങ്ങളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ഗസ്സ പദ്ധതിയുടെ അംഗീകാരം ഒരു വഴിത്തിരിവാണ്. ഇത് സമാധാനത്തിന്റെ ദിശയിലേക്ക് വഴി തുറക്കുമോ, അതോ ഗസ്സയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അഖണ്ഡതയെ തകര്‍ത്ത് പുതിയ അധികാര കേന്ദ്രങ്ങളെ സൃ ഷ്ടിക്കുമോ എന്നത് വരും ദിവസങ്ങളിലെ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. ഫലസ്തീനികളുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെ ഒരു സമാധാന ശ്രമവും വിജയിക്കില്ല. അതിനാല്‍, യു.എന്‍ രക്ഷാ സമിതിയുടെ ഈ നീക്കം ഒരു ‘നിര്‍ണ്ണായക ചുവടുവെപ്പാകണമെങ്കില്‍’, അത് തദ്ദേശീയ ജനതയുടെ അതിജീവനത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

