Connect with us

india

ശുചിത്വമില്ലാത്ത വെള്ളം ബ്രാന്‍ഡഡ് കുപ്പികളില്‍ നിറച്ച് വില്‍പ്പന; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു.

Published

on

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു. ട്രെയിനുകളില്‍ ബ്രാന്‍ഡഡ് മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വില്‍ക്കുന്ന കുപ്പികള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയില്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു യുവാവ് പ്ലാറ്റ്‌ഫോമിലെ അത്യന്തം വൃത്തിഹീനമായ ഒരു ടാങ്കില്‍ നിന്നും വെള്ളം കോരി കുപ്പികളില്‍ നിറയ്ക്കുന്നതാണ് കാണുന്നത്. ശുചിത്വമില്ലാത്ത ടാപ്പ്, ചുറ്റുമുള്ള മാലിന്യങ്ങള്‍, സമീപത്തെ മാലിന്യത്തൊട്ടി ഇതൊന്നും നോക്കാതെയാണ് ഇയാള്‍ കുപ്പികള്‍ നിറയ്ക്കുന്നത്. വെള്ളം നിറച്ച ശേഷം കുപ്പികള്‍ ഒരു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റില്‍ വച്ച് ട്രെയിനിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്ന യുവാവ് ചിത്രീകരണം നടക്കുന്ന കാര്യം മനസ്സിലായപ്പോള്‍ തിടുക്കത്തില്‍ മുഴുവന്‍ കെട്ടും എടുത്ത് ട്രെയിനിലേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഈ സംഭവം റെയില്‍വേ യാത്രകളിലെ യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും വലിയ ചോദ്യംചിഹ്നത്തില്‍ ആക്കിയിരിക്കുകയാണ്. വ്യാജമോ പുനരുപയോഗിച്ച കുപ്പികളോ ഉപയോഗിച്ച് വെള്ളം വില്‍ക്കുന്ന വില്‍പനക്കാര്‍ക്കെതിരെ റെയില്‍വേ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു. ദീര്‍ഘദൂര യാത്രകളില്‍ പോലും ഇനി എങ്ങനെ വിശ്വാസത്തോടെ വെള്ളം കുടിക്കും എന്ന ആശങ്കയും ഉപയോക്താക്കള്‍ പ്രകടിപ്പിച്ചു. വില്‍പ്പനക്കാരെ നിയന്ത്രിക്കാനും സ്‌റ്റേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യന്‍ റെയില്‍വേ പല നടപടികളും എടുത്തിട്ടുണ്ടെങ്കിലും, ഇത്തരം സംഭവങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നു. ഏറ്റവും പുതിയ ഈ വീഡിയോയെക്കുറിച്ച് റെയില്‍വേ അധികാരികള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം, സ്‌റ്റേഷനുകളിലെ ജലവിതരണം ഉടന്‍ തന്നെ പരിശോധിക്കണമെന്ന്, കര്‍ശന നിരീക്ഷണം വേണമെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആവശ്യം ഉയരുന്നു.

india

ഹോംവര്‍ക്ക് ചെയ്യാത്തതിന് എല്‍കെജി കുട്ടിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ചു; രണ്ട് അധ്യാപികമാര്‍ക്കെതിരെ അന്വേഷണം

സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.

Published

on

ഛത്തീസ്ഗഢ്: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ നാലു വയസ്സുകാരനായ എല്‍കെജി വിദ്യാര്‍ത്ഥിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.

നാരായണ്‍പൂര്‍ ഗ്രാമത്തിലെ നഴ്സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളില്‍, കുട്ടി ഹോംവര്‍ക്ക് ചെയ്തിട്ടില്ലെന്ന് കണ്ട അധ്യാപിക കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തേക്ക് വിളിച്ച് സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കയറുപയോഗിച്ച് തൂക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് സഹായം തേടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പ്രതിഷേധം വളര്‍ത്തി.

സ്‌കൂള്‍ മാനേജ്‌മെന്റ് ഗുരുതരമായ പിഴവ് സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ക്ലസ്റ്റര്‍ ഇന്‍-ചാര്‍ജിന്റെ വിശദമായ റിപ്പോര്‍ട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നുമാണ് ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറുടെ പ്രതികരണം.

 

Continue Reading

india

ഇത്യോപ്യ അഗ്‌നിപര്‍വത സ്‌ഫോടന പുകപടലം: രാജ്യത്തെ വിമാന സര്‍വീസുകള്‍ താറുമാറായി

ഞായറാഴ്ച നടന്ന സ്‌ഫോടനത്തിനു ശേഷം 14 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന ചാരനിറത്തിലുള്ള പുക യമന്‍-ഒമാന്‍ വഴിയേ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.

Published

on

ന്യൂഡല്‍ഹി: ഇത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വത സ്‌ഫോടനത്തിനെ തുടര്‍ന്ന് രൂപപ്പെട്ട വന്‍ പുകപടലം ഇന്ത്യയിലെ നിരവധി വിമാന സര്‍വീസുകളെ ഗുരുതരമായി ബാധിച്ചു. ഞായറാഴ്ച നടന്ന സ്‌ഫോടനത്തിനു ശേഷം 14 കിലോമീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന ചാരനിറത്തിലുള്ള പുക യമന്‍-ഒമാന്‍ വഴിയേ കടന്ന് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലും പിന്നീട് ഉത്തരേന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വ്യാപിച്ചു.

എയര്‍ ഇന്ത്യ, ആകാശ എയര്‍ തുടങ്ങിയ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ മാത്രം 11 വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു.

ചൊവ്വാഴ്ച പുകപടലം പാകിസ്താന്റെ ഭാഗങ്ങളിലേക്കും അവിടെ നിന്ന് ചൈനയിലേക്കും നീങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. രാത്രി 7.30 ഓടെ പുകമേഘം പൂര്‍ണമായി ഇന്ത്യ വിട്ടേക്കുമെന്നാണ് നിര്‍ദേശം. എന്നാല്‍ ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പുകപടലം വ്യാപിക്കാനും സാധ്യതയുണ്ട്.

പുകപടലം മണിക്കൂറില്‍ 100120 കി.മീ വേഗതയിലാണ് സഞ്ചരിക്കുന്നത്. 15,000 മുതല്‍ 45,000 അടി വരെ ഉയരങ്ങളില്‍ ചാരവും സള്‍ഫര്‍ ഡയോക്‌സൈഡും പൊടിയും നിറഞ്ഞ പുകമേഘമാണ് നീങ്ങുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. വിമാന എന്‍ജിനുകളുടെ പ്രവര്‍ത്തനത്തെ ചാരകണങ്ങള്‍ പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളങ്ങളില്‍ റണ്‍വേയും ടാക്‌സിവേയും നിരന്തര നിരീക്ഷണത്തില്‍ വയ്ക്കാനും അമിതമായ ചാരക്കൂട്ടം കണ്ടാല്‍ ഉടന്‍ വൃത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അന്തരീക്ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ജിദ്ദകൊച്ചി ആകാശ എയര്‍, ദുബൈകൊച്ചി ഇന്‍ഡിഗോ, കൊച്ചിദുബൈ ഇന്‍ഡിഗോ, കൊച്ചിജിദ്ദ ആകാശ എയര്‍ തുടങ്ങിയ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരികയും ചെയ്തു.

 

Continue Reading

india

ഡല്‍ഹിയില്‍ ആറുവയസ്സുകാരനെ പിറ്റ്ബുള്‍ ആക്രമിച്ചു; ചെവി കടിച്ചെടുത്തു, നായയുടെ ഉടമ അറസ്റ്റില്‍

ആറുവയസ്സുകാരന്റെ വലത് ചെവി പിറ്റ്ബുള്‍ കടിച്ചെടുത്ത സംഭവത്തില്‍ കുട്ടി ഗുരുതരമായി പരിക്കേറ്റു.

Published

on

ഡല്‍ഹി: രാജ്യ തലസ്ഥാനത്തില്‍ തെരുവ്നായ ശല്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രേം നഗറില്‍ ഉണ്ടായ പിറ്റ്ബുള്‍ ആക്രമണം ആശങ്ക വളര്‍ത്തുന്നു. ആറുവയസ്സുകാരന്റെ വലത് ചെവി പിറ്റ്ബുള്‍ കടിച്ചെടുത്ത സംഭവത്തില്‍ കുട്ടി ഗുരുതരമായി പരിക്കേറ്റു. നായയുടെ ഉടമ രാജേഷ് പാല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് വീട്ടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയല്‍വാസിയുടെ പിറ്റ്ബുള്‍ കുട്ടിയെ ആക്രമിച്ചത്. സംഭവം മാരകമാകുന്നതിന് മുമ്പ് മാതാപിതാക്കളും അയല്‍ക്കാരും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ കുട്ടിയെ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി, തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നായയെ രാജേഷ് പാലിന്റെ മകന്‍ സച്ചിന്‍ പാല്‍ ഒന്നര വര്‍ഷം മുമ്പ് വീട്ടിലെത്തിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ വധശ്രമക്കേസില്‍ സച്ചിന്‍ ജയിലില്‍ കഴിയുകയാണ്.

കുട്ടിയുടെ പിതാവ് ദിനേശ് (32) കീര്‍ത്തി നഗറിലെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവനാണ്. അദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷ് പാലിനെതിരെ പ്രേം നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending