Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

സിപിഎമ്മിന് രക്ഷയില്ല

EDITORIAL

Published

on

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പാര്‍ട്ടി നേതാക്കള്‍ ഒന്നിനുപിറകെ ഒന്നായി അറസ്റ്റിലാകാന്‍ തുടങ്ങിയതോടെ എല്ലാ പ്രതിരോധവും നഷട്‌പ്പെട്ട അവസ്ഥയിലാണ് സി.പി.എം. പാര്‍ട്ടിയുടെ സ്വന്തം നോമിനിയായി ദേവസ്വം കമ്മീഷണറും പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന വാസുവിന് ശേഷം മുന്‍ എം.എല്‍.എ കൂടിയായ മറ്റൊരു പ്രസിഡന്റ് എ. പത്മകുമാറും അകത്തായിരിക്കുകയാണ്. പത്മകുമാറിന്റെ മൊഴികളാകട്ടെ കടുത്ത പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ തള്ളിയിടുന്നത്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുള്‍പ്പെടെയുള്ള ഉന്നത നേതൃത്വത്തിന്റെ പങ്കിലേക്കുള്ള അദ്ദേഹത്തിന്റെ സൂചനകള്‍ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. ഏതു സാഹചര്യത്തിലും ആരും അറസ്റ്റിലാകുമെന്ന അവസ്ഥ അവരുടെ ഉറക്കം കെടുത്തുമ്പോള്‍ വിശ്വാസി സമൂഹത്തെ സംബന്ധിച്ചടുത്തോളം ഇത് ഉപ്പുതിന്നവന്റെ വെള്ളംകുടിയാണ്.
54 വര്‍ഷത്തെ ഇടത് രാഷ്ട്രീയ പാരമ്പര്യമുള്ള ഉന്നത നേതാവിനെ മുഖ്യ ആസൂത്രകനായി പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നതോടെ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി ശബരിമലയിലെ സ്വര്‍ണക്കൊള്ള മാറുന്നതോടൊപ്പം കവര്‍ച്ചക്കുപിന്നിലെ കൂട്ടുത്തരവാദിത്തവും മറനീക്കിപ്പുറത്തുവരികയാണ്. സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണം മുതല്‍ സജീവമായിരുന്നതും, 1991ല്‍ കോന്നിയില്‍ നിന്ന് നിയമസഭാംഗമായതും, പിണറായി പക്ഷത്തിന്റെ ശക്തനായ നേതാവുമായിരുന്നു പത്മകുമാര്‍. 2019 ലാണ് ഇദ്ദേഹം ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നത്.
പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് അഴിമതി കേസില്‍ കുടുങ്ങിയത് സി.പി.എമ്മിന്റെ ‘ശുദ്ധമായ കൈ’ വാദങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ കാലത്താണ് വിവാദ വിഷയങ്ങള്‍ അരങ്ങേറിയതെന്നതും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സാധ്യതയില്ലെന്ന ആരോപണം ഇവിടെ ശക്തമാവുകയാണ്. അന്വേഷണം മുന്‍ ദേവസ്വം മന്ത്രിയിലേക്കും നീളുമോ എന്ന ആശങ്ക സി.പി.എമ്മിനുള്ളില്‍ ശക്തമാണ്. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, പത്മകുമാറിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ മറച്ചുപിടിക്കാന്‍ കഴിയില്ലെന്നത് വസ്തുതമാത്രമാണ്. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റക്കാരനാവില്ലെന്നും, നിലവില്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും പറഞ്ഞ് ഗോവിന്ദന്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും, ഈ നീക്കം തിരഞ്ഞെടുപ്പ് ഗോദയില്‍ സി.പി.എമ്മിന് വലിയ വെല്ലുവിളിയായിമാറുകതന്നെചെയ്യും. പത്മകുമാറിന്റെ റിമാന്റ് റിപ്പോര്‍ട്ട്തന്നെ സി.പി.എമ്മിന്റെ കള്ളക്കളിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാന്‍ പത്മകുമാര്‍ ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികളെന്ന് എഴുതിച്ചേര്‍ത്തെന്നാണ് എസ്.ഐ.ടിയുടെ നിര്‍ണായക കണ്ടെത്തല്‍. കട്ടിള പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. ‘സംഭവങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാറിനും അപേക്ഷ നല്‍കിയിരുന്നു. ഇത് പരിശോധിച്ച് ഉചിതമായ നടപടിയെക്കാന്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു’ എന്ന പത്മകുമാറിന്റെ മൊഴി പുറത്തുവരുന്നത് ഫയലൊന്നും താന്‍ കണ്ടിട്ടില്ലെന്ന് കടകംപള്ളി വിശദീകരിക്കുമ്പോഴാണ്.
വിവാദങ്ങള്‍ കത്തിനില്‍ക്കെയുള്ള ഈ മണ്ഡലകാല ദര്‍ശനവും സര്‍ക്കാര്‍ കുളമാക്കിയിരിക്കുകയാണ്. ദിനംപ്രതി ലക്ഷങ്ങള്‍ എത്തുന്ന സന്നിധാനത്ത് ഒരുമുന്നൊരുക്കവും നടക്കാത്തതിനാല്‍ പത്ത് മണിക്കൂറു വരെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്. ചെറിയ കുട്ടികളും പ്രായമായവരുമടക്കം കുടിവെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ മറയാക്കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാര്‍ ഭക്തരെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ശബരി മലയിലെ സ്ത്രീപ്രവേശന വിഷയത്തിലും ഈ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വിശ്വാസ സമൂഹത്തെ കണ്ണുനീര്‍ കുടിപ്പിക്കുന്ന തരത്തിലായിരുന്നു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കവെ തന്നെ സി.പി.എം സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു തുടങ്ങി. ശബരിമലയില്‍ സ്ത്രീകള്‍ ദശനത്തിനെത്തുന്നതിനു മുന്നോടിയായി എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്നു ദേവസ്വം ബോര്‍ഡിനു അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഇത് കേരളത്തില്‍ പരക്കെ പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍, പ്രസ്ഥാവനയില്‍ നിന്നും നടപടികളില്‍ നിന്നും ഒട്ടും പിന്നോക്കം പോകാന്‍ പിണറായി വിജയന്‍ തയാറായില്ല. സൗകര്യങ്ങളൊരുക്കാന്‍ കൂടുതല്‍സമയം വേണമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആവശ്യം പോലും പിണറായി വിജയന്‍ അംഗീകരിച്ചിരുന്നില്ല. അയ്യപ്പന്റെ സ്വത്ത് കൊള്ളയടിച്ചും ശബരിമലയിലെ ആചാരങ്ങളെ വെല്ലുവിളിച്ചും അസൗകാര്യങ്ങളാല്‍ ഭക്തരെ വീര്‍പ്പുമുട്ടിച്ചും വിശ്വാസി സമൂഹത്തോട് യുദ്ധപ്രഖ്യാപനം നടത്തിയതിനുള്ള അനിവാര്യമായ തിരിച്ചടിക്കാണ് ഈ സര്‍ക്കാര്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

Continue Reading

editorial

ഗസ്സ പദ്ധതി: പുതിയ സംഘര്‍ഷങ്ങളിലേക്കോ

15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.

Published

on

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച ഗസ്സ പദ്ധതിക്ക് യു.എന്‍ രക്ഷാ സമിതി അംഗീകാരം നല്‍കിയതോടെ, ഫലസ്തീന്‍ വീണ്ടും ലോകശ്രദ്ധയുടെ കേന്ദ്രബിന്ദുവായിരിക്കുകയാണ്. 15 അംഗ രക്ഷാ സമിതിയിലെ 13 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായ പ്രമേയം, ഗസ്സയെ കീറിമുറിക്കാനും അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, ഒരു ‘നിര്‍ണ്ണായക ചുവടുവെപ്പ്’ എന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ച ഈ നീക്കം, മേഖലയില്‍ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് ശമനം നല്‍കുമോ, അതോ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴി തുറക്കുമോ എന്നതാണ് ഉയരുന്ന അടിസ്ഥാന ചോദ്യം.

റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും, ശക്തമായ പിന്തുണയോടെയാണ് പ്രമേയം രക്ഷാസമിതി അംഗീകരിച്ചത്. രണ്ടാംഘട്ട വെടിനിര്‍ത്തലിനും ദ്വിരാഷ്ട്ര പരിഹാരമെന്ന ദീര്‍ഘകാല ലക്ഷ്യത്തിലേക്കും ഇത് വഴിയൊരുക്കുമെന്നാണ് ഗുട്ടറസ് പ്രതീക്ഷിക്കുന്നത്. ഫലസ്തീനികളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതും സ്വയം നിര്‍ണയാവകാശം അംഗീകരിക്കുന്നതുമാണ് പ്രമേയമെന്ന നിലപാടാണ് ഫലസ്തീന്‍ അതോറിറ്റിയും സ്വീകരിച്ചിരിക്കുന്നത്. പ്രമേയത്തെ സമാധാന ശ്രമമായി ഇവരൊക്കെ കാണാന്‍ ശ്രമിക്കുമ്പോഴും അതിന്റെ ഉള്ളടക്ക ത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാണ്.

ഗസ്സയുടെ പ്രതിരോധ ശക്തിയായ ഹമാസ് യു.എന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. അന്താരാഷ്ട്ര സേനയുടെ സാന്നിധ്യം അംഗീകരിക്കില്ലെന്നും നടപടി ഗുണം ചെയ്യില്ലെന്നുമാണ് അവരുടെ നിലപാട്. ഗസ്സയുടെ ഭൂമിശാസ്ത്രപരമായ സമഗ്രതയെ തകര്‍ക്കുന്നതും വിദേശ ശക്തിക്ക് മേഖലയില്‍ നേരിട്ടുള്ള സ്വാധീനം നല്‍കുന്നതുമാണ് പദ്ധതി. ഇസ്രാഈലിന്റെ അധിനിവേശത്തെ തടയാനോ, ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേ റ്റാനോ അല്ലാതെ, മേഖലയെ നിയന്ത്രിക്കാന്‍ വരുന്ന അന്താ രാഷ്ട്ര സൈന്യത്തിന്റെ സാന്നിധ്യം പുതിയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ സാധ്യതയുണ്ട്. ഫലസ്തീന്‍ അതോറിറ്റി ഈ നീക്കത്തെ പിന്തുണയ്ക്കുമ്പോഴും, ഈ പ്രമേയം ഫലസ്തീനികളുടെ അടിസ്ഥാന ആവശ്യങ്ങളെ എത്രത്തോളം നിറവേറ്റുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.

പ്രമേയം രണ്ടാംഘട്ട വെടിനിര്‍ത്തലിന് ഊന്നല്‍ നല്‍കുന്നുണ്ടെങ്കിലും, ഒരു സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ച് വ്യക്തമായ ഉറപ്പുകളില്ല. ഇസ്രാഈല്‍ അധിനിവേശത്തില്‍ നിന്നുള്ള സംരക്ഷണം എന്ന ഫലസ്തീന്‍ ആവശ്യം പ്രമേയത്തില്‍ വേണ്ടത്ര പരിഗണിക്കുന്നില്ല. അന്താരാഷ്ട്ര സേനയുടെ വി ന്യാസം ഇസ്രാഈലിന്റെ സൈനിക നടപടികളെ എത്രത്തോളം നിയന്ത്രിക്കുമെന്നതിലും വ്യക്തതയില്ല. ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പുവരുത്തേണ്ടത് അടിയന്തര ആവശ്യമാണ്. എന്നാല്‍, ഈ പദ്ധതി ഇതിനെക്കുറിച്ച് കൃത്യമായ ഉറപ്പുകള്‍ നല്‍കുന്നില്ല. ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യത്തിലേക്ക് വഴിതുറക്കും എന്ന് പറയുന്നുണ്ടെങ്കിലും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തിന് പദ്ധതി നേരിട്ട് ഉറപ്പുനല്‍കുന്നില്ല. ഫലസ്തീനികളുടെ അതിജീവനത്തിനും സ്വയംനിര്‍ണ്ണയാ വകാശത്തിനും വേണ്ടി നിലകൊള്ളുന്നതിനേക്കാള്‍, ഗസ്സ യിലെ സാഹചര്യം ‘നിയന്ത്രിക്കാന്‍’ വേണ്ടിയുള്ള താല്‍ക്കാലിക പരിഹാരമായേ പദ്ധതിയെ കാണാനാകൂ എന്നതാണ് യാഥാര്‍ത്ഥ്യം.

നിലവിലെ ഗസ്സയെ മൂന്ന് ഭാഗങ്ങളാക്കി വിഭജിക്കുന്നതാണ് ട്രംപ് മുന്നോട്ടുവച്ച ഗസ്സ പദ്ധതി. ഇസ്രാഈലി സൈന്യത്തിന്റെയും അന്താരാഷ്ട്ര സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള ഗ്രീന്‍ സോണ്‍ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിക്കാണ് യു.എസ് കോപ്പുകൂട്ടുന്നത്. ഇതോടെ ഫലസ്തീനി കള്‍ മുഴുവന്‍ നിലവിലെ ഗസ്സയുടെ പകുതി ഭൂപ്രദേശം മാത്രം വരുന്ന റെഡ്‌സോണിലേക്ക് ആട്ടിയോടിക്കപ്പടും. ഗ്രീന്‍, റെഡ് സോണുകള്‍ക്കിടയിലെ ഇടനാഴിയായ യെല്ലോ സോണില്‍ ഇസ്രാഈല്‍ – അന്താരാഷ്ട്ര സൈന്യം നിലയുറപ്പിക്കും. മാത്രമല്ല, അന്താരാഷ്ട്ര സൈന്യം എന്ന പേരില്‍ വിന്യ സിക്കപ്പെടുന്നത് യു.എന്‍ സമാധാന സേനയായിരിക്കില്ല. പകരം യു.എസ് നിര്‍ദേശിക്കുന്ന ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള സൈന്യത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സേനയായിരിക്കും. പരിശീലനം ലഭിച്ച ഫലസ്തീന്‍ പൊലീസ് സേനക്കൊപ്പമായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഫ ലത്തില്‍ ഇസ്രാഈല്‍ താല്‍പര്യങ്ങളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

ഗസ്സ പദ്ധതിയുടെ അംഗീകാരം ഒരു വഴിത്തിരിവാണ്. ഇത് സമാധാനത്തിന്റെ ദിശയിലേക്ക് വഴി തുറക്കുമോ, അതോ ഗസ്സയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അഖണ്ഡതയെ തകര്‍ത്ത് പുതിയ അധികാര കേന്ദ്രങ്ങളെ സൃ ഷ്ടിക്കുമോ എന്നത് വരും ദിവസങ്ങളിലെ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. ഫലസ്തീനികളുടെ ന്യായമായ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെ ഒരു സമാധാന ശ്രമവും വിജയിക്കില്ല. അതിനാല്‍, യു.എന്‍ രക്ഷാ സമിതിയുടെ ഈ നീക്കം ഒരു ‘നിര്‍ണ്ണായക ചുവടുവെപ്പാകണമെങ്കില്‍’, അത് തദ്ദേശീയ ജനതയുടെ അതിജീവനത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്.

 

Continue Reading

editorial

തീര്‍ത്ഥാടനവും കുളമാക്കുന്ന സര്‍ക്കാര്‍

ഒരുതരത്തിലുള്ള മുന്നൊരുക്കവുമില്ലാത്തതിനാല്‍ സന്നിധാനത്ത് ഭയാനകമായ സാഹചര്യങ്ങളാണ് വൃശ്ചികം ആരംഭിച്ച ദിവസം മുതല്‍ കാണാന്‍കഴിയുന്നത്.

Published

on

അയ്യന്റെ സ്വത്ത് കൊള്ളയടിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ തീര്‍ത്ഥാടന കാലവും അവതാളത്തിലാക്കുന്നതിനാണ് ഇത്തവണത്തെ മണ്ഡലകാലത്ത് അയ്യപ്പ സന്നിധി സാക്ഷിയാകുന്നത്. ഒരുതരത്തിലുള്ള മുന്നൊരുക്കവുമില്ലാത്തതിനാല്‍ സന്നിധാനത്ത് ഭയാനകമായ സാഹചര്യങ്ങളാണ് വൃശ്ചികം ആരംഭിച്ച ദിവസം മുതല്‍ കാണാന്‍കഴിയുന്നത്. അനിയന്ത്രിതമായ തിരക്കിനാല്‍ മനുഷ്യജീവന്‍ പൊലിയുന്ന സാഹചര്യങ്ങള്‍ സംജാതമായിട്ടും ദേവസ്വംബോര്‍ഡും പൊലീസ് സംവിധാനവും ഒരുപോലെ നോക്കുകുത്തികളാകുകയാണ്.

പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുപോലും തീര്‍ത്ഥാടകര്‍ മറികടന്നിരിക്കുന്ന സ്ഥിതി യുണ്ടായിത്തീര്‍ന്നു. മണിക്കൂറുകളോളം ക്യൂവില്‍ നിന്നിട്ടും ദര്‍ശനം ലഭിക്കാതെ പലര്‍ക്കും മടങ്ങിപ്പേകോണ്ടിവരുമ്പോള്‍ ഒരു തുള്ളിവെള്ളംപോലും ലഭ്യമാകാതെ നരകയാതന അനുഭവിക്കുകയാണ് തീര്‍ത്ഥാടക ലക്ഷങ്ങള്‍. ബെംഗളൂരു, സേലം എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയില്‍ ക്യൂ നിന്നശേഷം ദര്‍ശനംകിട്ടാതെ മടങ്ങിയത്.

കോടികള്‍ പൊടിപൊടിച്ച് കോണ്‍ക്ലേവ് നടത്തിയവരുടെ കണ്ണ് ശബരിമലയുടെ വികസനത്തിലോ ഭക്തരുടെ സൗകര്യത്തിലോ അല്ല, മറിച്ച് അയ്യന്റെ സ്വത്തില്‍ മാത്രമായിരുന്നുവെന്നത് അരക്കിട്ടുറപ്പിക്കപ്പെടുകയാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവ വികാസങ്ങളെല്ലാം. ഇന്നലെ പമ്പയില്‍ നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്‍ നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയായി. അപ്പോഴേക്കും നിയന്ത്രണങ്ങളെല്ലാം മറികടന്ന് ആളുകള്‍ വീണ്ടും നടപ്പന്തലിലേക്കൊഴുകി. പലര്‍ക്കും ആറോ ഏഴോ മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ദര്‍ശനം സാധ്യമായത്. തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണുണ്ടായത്. ഇതുകാരണം പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല.

സന്ദര്‍ശന പ്രവാഹത്തിന്റെ സൂചനകള്‍ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. ഒന്നരദിവസത്തിനിടെ ഒന്നരലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. സാധാരണ വലിയ തിരക്കുള്ള ദിവസങ്ങളില്‍ മാത്രം കാണുന്നത്ര ഞെരുക്കമായിരുന്നു വൃശ്ചികം ഒന്നിന് എരുമേലിയില്‍. തലേന്ന് രാത്രിതന്നെ അയ്യപ്പന്‍മാര്‍ ഇവിടെ എത്തി. സ്‌പോട്ട് ബുക്കിങ്ങിന് കൃത്യമായി എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ ദിനം തന്നെ ഈ നിയന്ത്രണങ്ങളൊന്നും പാലിക്കാതെ അനിയന്ത്രിതമായി കയറ്റിവിട്ടതോടെ എല്ലാ നിയന്ത്രണങ്ങളും തെറ്റുകയായിരുന്നു.

ഭക്തര്‍ പലവഴിയിലൂടെ സന്നിധാനത്തെത്തിയതാണ് ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതെന്ന് പറയുന്ന പൊലിസ് മേധാവി അത് നിയന്ത്രിക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണെന്ന് കൂടി വ്യക്തമാക്കേണ്ടത്. സ്വര്‍ണക്കൊള്ളയുടെ പേരില്‍ പ്രതിഛായ നഷട്‌പ്പെട്ട സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ പുനസംഘടിപ്പിച്ചുവെങ്കിലും പുതിയ ഭരണ സമിതിയും കൈ മലര്‍ത്തുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ കെ. ജയകുമാര്‍ പറഞ്ഞിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം തന്നെ പറയുന്നു.

പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാന്‍ പൊലീസ് ചീഫ് ഓഫീസര്‍ക്ക് കത്ത് നല്‍കും, സ്‌പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലില്‍ ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കും, മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കും എന്നെല്ലാം പറയുന്ന ദേവസ്വം പ്രസിഡന്റ് ഇതെല്ലാം ഒരുക്കാന്‍ ദര്‍ശന കാലം കഴിയാന്‍ കാത്തിരിക്കുകയാണോ എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാന്‍ സാധാരണയായി ഉണ്ടാകാറുള്ള എന്‍. ഡി.ആര്‍.എഫ്, ആര്‍.എ.എഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയുടെയും സര്‍ക്കാറിന്റെയും വാദം. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്. ശബരിമലയുടെ വികസനമെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയതും. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാറിനും ദേവസ്വംവകുപ്പിനും സാധ്യമല്ല.

 

Continue Reading

Trending