Connect with us

india

കശ്മീര്‍ താഴ്‌വരയില്‍ കടുത്ത ശീത തരംഗം; മൈനസ് ഡിഗ്രിയിലേക്ക് താപനില

മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു.

Published

on

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലുടനീളം കടുത്ത ശീത തരംഗം വീശിയടിക്കുകയാണ്. മൈനസ് ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതിനെ തുടര്‍ന്ന് റോഡുകള്‍ മഞ്ഞുപാളികളാല്‍ മൂടി യാത്രാ ബുദ്ധിമുട്ട് രൂക്ഷമാണ്. മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു. ഒക്ടോബര്‍ മുതല്‍ തുടരുന്ന തണുപ്പ് ഇപ്പോള്‍ ഏറ്റവും കഠിനഘട്ടത്തിലാണ്. ശ്രീനഗറില്‍ കഴിഞ്ഞ രാത്രി മൈനസ് 3.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ 5.4 ഡിഗ്രി, അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായ അനന്ത്‌നാഗില്‍ 4.4 ഡിഗ്രി എന്നിങ്ങനെ കനത്ത തണുപ്പായിരുന്നു. വടക്കന്‍ മേഖലകളായ കുപ്വാര, ബന്ദിപ്പൊര, റാഫിയാബാദ്, കൊക്കനാഗ്, സോനാമാര്‍ഗ് എന്നിവിടങ്ങളിലും മൈനസ് ഡിഗ്രിയിലായിരുന്നു താപനില. ജമ്മു മേഖലയില്‍ തണുപ്പ് താരതമ്യേന കുറഞ്ഞെങ്കിലും താപനിലയില്‍ ഇടിവ് തുടരുകയാണ്. ജമ്മു നഗരത്തില്‍ 9.8 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ ബനിഹാലില്‍ താപനില 0.5 ഡിഗ്രിയായി താഴ്ന്നു. ലഡാക്കിലും കടുത്ത ശൈത്യമാണ്; ലെഹില്‍ 8.5, കാര്‍ഗിലില്‍ 8.8, ന്യൂബയില്‍ 6.6 ഡിഗ്രി രേഖപ്പെടുത്തി. തണുത്ത കാറ്റ്, കനത്ത മഞ്ഞ്, തുടരുന്ന താപനില ഇടിവ് എന്നിവ സംയുക്തമായി സാധാരണ ജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. ആരോഗ്യ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായ സംവിധാനങ്ങള്‍ സജ്ജമാക്കി അധികൃതര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മധ്യപ്രദേശില്‍ 13 കാരനെ കാണാതായി; കട്ടിലിനരികില്‍ കണ്ടെത്തിയത് അസ്വാഭാവിക കുറിപ്പ്

. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു.

Published

on

ബോപ്പാല്‍: ‘ ദൈവത്തെ സേവിക്കാനാണ് പോകുന്നത്, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക ‘, ഇത്തരമൊരു കുറിപ്പ് കട്ടിലിനരികില്‍ എഴുതി വച്ചിട്ടാണ് മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലെ 13 കാരന്‍ ഞായറാഴ്ച രാത്രിയില്‍ വീട് വിട്ടത്. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു. സൊഹാഗ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാണാതായ വിവരം അറിഞ്ഞതോടെ ബന്ധുക്കളുടെ വീടുകള്‍, ബന്‍ഗംഗ പ്രദേശം, സമീപ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കുടുംബം തിരച്ചിലിനിറങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഐപിസി സെക്ഷന്‍ 137(2) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ പ്രചരിക്കുകയും ആളുകള്‍ക്ക് വിവരം ലഭിച്ചാല്‍ ഉടന്‍ അറിയിക്കണമെന്ന് പിതാവ് ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Continue Reading

india

വെള്ളത്തിന് പകരം കറിയില്‍ ആസിഡ് ഒഴിച്ച് വീട്ടമ്മ;കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍

ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഘടാലിലെ മനോഹര്‍പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രസ്‌നേശ്വര്‍ബതിയില്‍ നവംബര്‍ 23നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് മുതിര്‍ന്നവരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ആദ്യം ഘടാലിലെ സബ്ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടിയന്തരമായി കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ഇപ്പോഴും എല്ലാവരുടെയും നില ഗുരുതരമാണ്, പ്രത്യേകിച്ച് ഒരു കുഞ്ഞിന്റെ ആരോഗ്യനില അതീവ ആശങ്കാജനകമാണ്. വെള്ളി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളിയായ സന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. ജോലിക്കായി അവിടെ സാധാരണയായി ആസിഡ് സൂക്ഷിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ കറിയില്‍ വീട്ടമ്മ അബദ്ധത്തില്‍ വെള്ളത്തിന് പകരം ആസിഡ് ചേര്‍ത്തുവെന്നാണ് പ്രാഥമിക വിവരം. ആസിഡും വെള്ളവും സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ ഒരേപോലെ തോന്നിയതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഭക്ഷണം കഴിച്ച ഉടനെ ആറുപേരും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില മോശമായതോടെ കൂടുതല്‍ ചികിത്സയിലേക്ക് മാറ്റേണ്ടി വന്നു.

Continue Reading

india

ഭദ്രക് എസ്ബിഐ ശാഖയുടെ സ്‌റ്റെയര്‍കേസ് പൊളിച്ചു; ഏണി കയറി ബാങ്കിലെത്തുന്ന ഉപഭോക്താക്കള്‍; സുരക്ഷയെക്കുറിച്ച് വിമര്‍ശനങ്ങള്‍

ഒഡിഷയിലെ ഭദ്രക്കിലെ എസ്ബിഐ ശാഖയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വിചിത്ര ദൃശ്യങ്ങള്‍ സൃഷ്ടിച്ചു.

Published

on

ഭുവനേശ്വര്‍: ഒഡിഷയിലെ ഭദ്രക്കിലെ എസ്ബിഐ ശാഖയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വിചിത്ര ദൃശ്യങ്ങള്‍ സൃഷ്ടിച്ചു. കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് കെട്ടിടത്തിന്റെ മുന്‍ഭാഗവും സ്‌റ്റെയര്‍കേസും അധികാരികള്‍ പൊളിച്ചു മാറ്റി. ഇതോടെ ട്രാക്ടറിന് മുകളില്‍ സ്ഥാപിച്ച ഏണി കയറിയാണ് ഉപഭോക്താക്കള്‍ ബാങ്കില്‍ പ്രവേശിക്കേണ്ടി വന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഉപഭോക്താക്കളുടെ അടിസ്ഥാന സുരക്ഷയെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചരമ്പ മാര്‍ക്കറ്റ് മുതല്‍ ഭദ്രക് റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള അനധികൃത നിര്‍മാണങ്ങള്‍ നീക്കുന്നതിനായുള്ള വലിയ തോതിലുള്ള കൈയേറ്റ വിരുദ്ധ പ്രവര്‍ത്തനത്തിനിടെയായിരുന്നു നടപടി. താല്‍ക്കാലിക കടകള്‍, നിര്‍മാണഭാഗങ്ങള്‍, താമസ കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങി നിരവധി നിര്‍മാണങ്ങള്‍ പൊളിച്ചതായി റിപ്പോര്‍ട്ട്. എസ്ബിഐ ശാഖ നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ പടിക്കെട്ടും മുന്‍ഭാഗവും കയ്യേറ്റ ഭൂമിയിലാണ് പണിതതെന്ന് അധികാരികള്‍ വ്യക്തമാക്കി. കയ്യേറ്റം സംബന്ധിച്ച് കെട്ടിട ഉടമയ്ക്കും ബാങ്കിനും പലവട്ടം നോട്ടിസ് നല്‍കിയിരുന്നെങ്കിലും പ്രതികരണമോ പരിഹാരനടപടികളോ ഉണ്ടായില്ലെന്ന് സബ് കലക്ടര്‍, തഹസില്‍ദാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പ്രവേശന സൗകര്യം ഒരുക്കാതെ ഒരു പൊതുമേഖലാ ബാങ്ക് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന ചോദ്യവുമായി നെറ്റിസണ്‍സ് രംഗത്ത് എത്തി. അതേസമയം ശനിയാഴ്ച മുതല്‍ ബാങ്കില്‍ പുതിയ പടിക്കെട്ടുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണപെടുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നതായി അറിയുന്നു.

Continue Reading

Trending