X

2018ലെ എല്‍ഡിസി നിയമനം നിഷേധിച്ചത് വൈകിയത് മൂലം: മന്ത്രി എം ബി രാജേഷ്

എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥിയെ മനപൂര്‍വ്വം ഒഴിവാക്കാനായി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടയുടനെ തന്നെ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് 2018 മാര്‍ച്ച് 28ന് എന്‍ജെഡി ഒഴിവുകള്‍ ഉള്‍പ്പെടെ ഏതാനും എല്‍ഡിസി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 6 ജില്ലകളിലായി 12 ഒഴിവുകളാണ് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 29,30 തീയ്യതികള്‍ അവധി ദിനങ്ങളായിരുന്നു. 14 ജില്ലകളിലെയും ക്ലാര്‍ക്കുമാരുടെ നിയമന ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍ നിയമനത്തിനുള്ള നടപടി യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഈ ദിവസങ്ങളില്‍ നടപടി സ്വീകരിച്ചിരുന്നു. വകുപ്പ് തലവന്റെ അനുമതി ലഭിക്കാന്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി രാത്രി 11.30നാണ് ഒപ്പിടീച്ചത്. തുടര്‍ന്ന് എല്ലാ ജില്ലാ ഓഫീസിലേക്കും 11.36 മുതല്‍ ഇമെയില്‍ വഴി ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂര്‍ ,ഏറണാകുളം ജില്ലകള്‍ക്ക് അയക്കുന്നത് രാത്രി 12 നാണ്.

2018 മാര്‍ച്ചില്‍ റാങ്ക് ലിസ്റ്റ് അവസാനിക്കുന്നത് പരിഗണിച്ച് മികച്ച പ്രവര്‍ത്തനമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയത്. അവധി ദിനത്തില്‍ ഓഫീസിലെത്തിയും അര്‍ദ്ധരാത്രി വരെ ജോലിചെയ്തും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രദ്ധിച്ചു. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ നിരവധി പേര്‍ ആ കാലയളവില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ വ്യക്തമാകുന്നത് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയില്ല എന്നാണ്. ജോലി ലഭിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥിയുടെ ദുഖം മനസിലാക്കുന്നു. അതോടൊപ്പം തന്നെ ആത്മാര്‍ത്ഥമായി അര്‍ധരാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്ത ഉദ്യോഗസ്ഥരെയും കാണണം. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ സര്‍ക്കാരിനെതിരെ വാര്‍ത്ത ചമയ്ക്കാനുള്ള നീക്കമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട നിലയില്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ ശക്തമായ സമരം നടന്നത് 2021 ജനുവരി ഫെബ്രുവരി മാസത്തിലാണ്. ഈ സമരത്തില്‍ പങ്കെടുത്തതിന്, മൂന്ന് വര്‍ഷം മുന്‍പേ അവസാനിച്ച റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥിക്ക് ജോലി നിഷേധിച്ചു എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. മന്ത്രി പറഞ്ഞു.

web desk 3: