X
    Categories: indiaNews

കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ വെട്ടിച്ചുരുക്കല്‍ നടപടി അനുവദിക്കരുതെന്ന് ലോക്‌സഭയില്‍ സമദാനി

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനപദ്ധതിയുടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നും ഒരു വിധത്തിലും റണ്‍വേ വെട്ടിച്ചുരുക്കല്‍ നടപടി അനുവദിക്കരുതെന്നും ഇന്ന് ലോക്‌സഭയില്‍ മലപ്പുറം എംപി ഡോ എംപി അബ്ദുസമദ് സമദാനി ആവശ്യപ്പെട്ടു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള കാര്യക്ഷമവും ക്രിയാത്മകവുമായ ഏകോപനത്തിലൂടെ പദ്ധതിയുടെ സാമ്പത്തിക വശവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്നും ഏറെ താമസിച്ചുപോയ വികസനപദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കണമെന്നും 377 വകുപ്പ് പ്രകാരമുള്ള സബ്മിഷനിലൂടെ വിഷയം അവതരിപ്പിച്ചുകൊണ്ട് സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഔദ്യോഗിക നടപടിക്രമങ്ങള്‍ ബന്ധപ്പെട്ടവര്‍ പൂര്‍ത്തിയാക്കാത്തത് കാരണം വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടിലുള്ള ആശങ്കയും സഭയെ അറിയിച്ചു. എന്നാല്‍ ഈ മേഖലയിലെ ജനപ്രതിനിധികളുടെ അഭ്യര്‍ത്ഥന പ്രകാരം മന്ത്രി മുമ്പ് റദ്ദാക്കിയ ഈ നിര്‍ദ്ദേശം ഒരിക്കലും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു. റണ്‍വേ വെട്ടിച്ചുരുക്കല്‍ നടപടി പ്രവാസികളടക്കം നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ രാജ്യാന്തര വിമാനത്താവളത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ക്ഷേമത്തെയും ഭാവിപുരോഗതിയെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

web desk 3: