X
    Categories: Sports

2022 ഖത്തര്‍ ലോകകപ്പ് വലിയ വിജയമാകും: സ്‌കോട്ടിഷ് ഇതിഹാസതാരം

 

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് വലിയ വിജയമാകുമെന്ന് സ്‌കോട്ടിഷ് ഫുട്‌ബോളിലെ ഇതിഹാസതാരം ഗ്രീം സൗനെസ്സ്. മൂന്നു ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള ഈ സ്‌കോട്ടിഷ് മിഡ്ഫീല്‍ഡര്‍ ബിഇന്‍സ്‌പോര്‍ട്‌സിനെ കായികവിദഗ്ദ്ധന്‍ എന്നനിലയില്‍ ഖത്തറില്‍ സ്ഥിരംസന്ദര്‍ശകനാണ്.
2022 ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഖത്തറിന് സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വര്‍ഷത്തെ റഷ്യന്‍ ലോകകപ്പിനെക്കുറിച്ച് ആശങ്കകള്‍ പലരും പങ്കുവച്ചിരുന്നു. എന്നാല്‍ അവയെല്ലാം മറികടന്ന് ഏറ്റവും മികച്ച ലോകകപ്പാണ് റഷ്യയില്‍ നടന്നത്. 2022ല്‍ ഖത്തറിലും അതുതന്നെ ആവര്‍ത്തിക്കും- സൗനെസ്സ് പറഞ്ഞു. ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പവലിയന്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിവര്‍പൂളിന്റെ മുന്‍നിര താരമായിരുന്ന ഗ്രീം സൗനെസ്സ് മൂന്ന് യൂറോപ്യന്‍ കപ്പുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഖത്തര്‍ 2022 ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം വലിയ വാര്‍ത്തയാണ്.
ഏഷ്യ ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. ഖത്തറില്‍ ലോകകപ്പ് സംഘടിപ്പിക്കപ്പെടുന്നതിനായി ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് താനെന്നും സൗനെസ്സ് പറഞ്ഞു. അനിതരസാധാരണമായ ഒന്നായിരിക്കും 2022ല്‍ ലോകം കാണാന്‍ പോകുന്നത്. ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ഒരേ ഹോട്ടലില്‍ താമസിച്ചുകൊണ്ട് വിവിധ സ്‌റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ ആസ്വദിക്കാനാകും. ഒരു ദിവസം രണ്ടു മത്സരങ്ങള്‍ നേരിട്ടുകാണാനാകുമെന്നത് കായികപ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് വലിയ രാജ്യങ്ങളില്‍ നടക്കുമ്പോള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്താന്‍ ദീര്‍ഘനേരം യാത്ര ചെയ്യേണ്ടതായി വരും. 1978ല്‍ അര്‍ജന്റീനയിലും 1982ല്‍ സ്‌പെയിനിലും 1986ല്‍ മെക്‌സിക്കോയിലും നടന്ന ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞിട്ടുള്ള സൗനെസ്സ് തന്റെ ലോകകപ്പ് അനുഭവങ്ങളും പങ്കുവച്ചു.

chandrika: