X
    Categories: gulfNews

2117ല്‍ ചൊവ്വയില്‍ നഗരം; പ്രതീക്ഷയുടെ ആകാശവാതില്‍ തുറന്ന് ഹോപ് പ്രോബ് – ലോകത്തെ വിസ്മയിപ്പിച്ച് യു.എ.ഇ

ദുബൈ: ഹോപ് പ്രോബ് എന്ന ചൊവ്വാ ദൗത്യം യു.എ.ഇക്ക് സ്വപ്‌നനേട്ടത്തിലേക്കുള്ള ആദ്യ കാല്‍വയ്‌പ്പേ ആയിട്ടുള്ളൂ. 2117ല്‍ ചുവന്ന ഗ്രഹത്തില്‍ ഒരു നഗരം എന്ന യു.എ.ഇയുടെ ഡ്രീം പ്രോജക്ടിലേക്കുള്ള ആദ്യപടി. ഒരു നൂറ്റാണ്ടു കഴിഞ്ഞുള്ള ലക്ഷ്യത്തിലേക്കുള്ള വഴിത്തിരിവാണ് കഴിഞ്ഞ ദിവസത്തെ വിജയകരമായ ചൊവ്വാദൗത്യമെന്ന് അബൂദാബി സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റ് ദിമിത്ര അത്രി പറയുന്നു. ഗള്‍ഫ് മാദ്ധ്യമമായ ഖലീജ് ടൈംസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചൊവ്വയില്‍ ജീവന്റെ തെളിവൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ ഹൈഡ്രജന്‍ ദ്രാവകത്തിന് നിലനില്‍ക്കാന്‍ കഴിയുന്ന സാന്ദ്രത കൂടിയ അന്തരീക്ഷമാണ് ചുവന്ന ഗ്രഹത്തില്‍ ഉള്ളത്. ഗ്രഹങ്ങള്‍ക്ക് എങ്ങനെയാണ് അന്തരീക്ഷം നഷ്ടപ്പെടുന്നത് എന്നത് ഗ്രഹശാസ്ത്രത്തിലെ അടിസ്ഥാന ചോദ്യമാണ്. ചൊവ്വയുടെ അന്തരീക്ഷം എന്തു കൊണ്ട് ക്ഷയിക്കുന്നു എന്നതിനെ കുറിച്ച് ഹോപ് പ്രോബ് ദൗത്യം ഒരുപാട് ഉത്തരങ്ങള്‍ തരും’- നാസയിലെ സ്ഥിരാംഗം കൂടിയായ അത്രി പറയുന്നു.

2017ലാണ് യു.എ.ഇ ചൊവ്വാ നഗരം പദ്ധതി പ്രഖ്യാപിച്ചത്. മാര്‍സ് സയന്റിഫിക് സിറ്റി എന്നാണ് പേര്. യു.എ.ഇയുടെ ചൊവ്വാ നഗരം. അസാധാരണമായ ദേശീയ പദ്ധതി എന്നാണ് ദുബൈ ഇതിനെ വിശേഷിപ്പിക്കുന്നത്. അഞ്ഞൂറ് ദശലക്ഷം ദിര്‍ഹമാണ് യു.എ.ഇ ഇതിനായി നീക്കിവച്ചിട്ടുള്ളത്. ഇതിനു മാത്രമായി 1.9 ദശലക്ഷം ചതുരശ്ര അടി വലിപ്പത്തില്‍ പുതിയ ഗവേഷണ കേന്ദ്രം പണിപ്പുരയിലാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു ഹോപ് പ്രോബിന്റെ വിക്ഷേപണം. ഒരു അറബ് രാഷ്ട്രത്തിന്റെ ആദ്യ ചൊവ്വാ ദൗത്യമായിരുന്നു ഇത്. പേടകത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഏഴു മാസം കൊണ്ട് 493.5 ദശലക്ഷം കിലോമീറ്ററാണ് പേടകം പിന്നിടേണ്ട ദൂരം. 687 ദിവസം ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ടാകും. രാഷ്ട്ര രൂപീകരണത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

Test User: