X

ടുജി സ്‌പെക്ട്രം; വിധി കോണ്‍ഗ്രസ്, ഡി.എം.കെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാവും

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, രാജ്യസഭാ എം.പി കനിമൊഴി എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളേയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതോടെ നാമാവശേഷമായത് മോദി ഭരണത്തിന് വിത്തു പാകുകയും ഒരു പതിറ്റാണ്ട് നീണ്ട യു.പി ഭരണത്തിന്റെ വേരറുക്കുകയും ചെയ്ത അഴിമതി ആരോപണക്കേസാണ്. മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യത ഉണ്ടെന്നിരിക്കെ ഇത് അന്തിമവിധിയായി കണക്കാക്കാനാകില്ലെങ്കിലും ടുജി സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ പഴികേട്ട കോണ്‍ഗ്രസിനും ഡി.എം.കെക്കും ഏറെ ആശ്വാസം പകരുന്നതാണ് വിധി.

ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച ടുജി സ്‌പെക്ട്രം അഴിമതിക്കേസിനു പിന്നാലെ കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത് അഴിമതി ആരോപണങ്ങള്‍ കൂടി ശക്തമായതോടെയാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഭരണം പിടിക്കാമെന്ന യു.പി.എയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായത്. രണ്ടാം യു.പി.എയുടെ അഴിമതി ഉയര്‍ത്തികാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നയിച്ചത്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ടുജി സ്‌പെക്ട്രം അഴിമതിയായായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ രാഷ്ട്രീയത്തിലേക്ക് അനിഷേധ്യനായി ഉദയം ചെയ്യുന്നതു തന്നെ ഇത്തരം അഴിമതിയെ തുറുപ്പു ചീട്ടാക്കിയായിരുന്നു. ഒരു ഘട്ടത്തില്‍ മന്‍മോഹന്‍ സിംഗിനെയും സോണിയ ഗാന്ധിയേയും തന്നെ ആരോപണങ്ങളിലേക്ക് ബി.ജെ.പി വലിച്ചിഴക്കുകയും ചെയ്തിരുന്നു.

സര്‍ക്കാറിനെതിരെ അണ്ണാഹസാരെ ഉള്‍പ്പെടെയുള്ളവര്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ടുജി സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളും ദിവസങ്ങളോളം പ്രക്ഷുബ്ധമായി. ആരോപണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാര്‍ലമെന്റ്ിന് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കി. രാജയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ വരെ എത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐക്കെതിരെ സുപ്രീംകോടതി നടത്തിയ വിമര്‍ശം പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിങിനെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെ മകന്‍ കനിമൊഴിയുടെ അറസ്റ്റും ഭാര്യ ദയാലു അമ്മാളുവിനെതിരായ അന്വേഷണവും കരുണാനിധിയെ കോണ്‍ഗ്രസുമായി അകറ്റുകയും ചെയ്തു.

അഴിമതിക്കെതിരായ പ്രതിഷേധവും ഹിന്ദുത്വ അജണ്ടയും സമം ചേര്‍ത്ത് ബി.ജെ.പിയും മോദിയും നടത്തിയ പ്രചരണം ബി.ജെ.പിയെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ത്തുകയും അവര്‍ ഭരണം പിടിക്കുകയും ചെയ്തു. അപ്പീല്‍ പോകുമെന്ന് സി.ബി,ഐ പറയുമ്പോഴും നിലവിലെ വിധി ഡി.എം.കെ യോടൊപ്പം തന്നെ കോണ്‍ഗ്രസിനും ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്. ഇത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം, ബി.ജെ.പി ദേശീയ നേതൃത്വത്തെ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കും. ജയലളിതയുടെ മരണശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ലക്ഷ്യമിട്ട് കാത്തിരിക്കുന്ന ബി.ജെ.പിക്ക് ഇനി കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര എളുപ്പമാകില്ല. അണ്ണാഡി.എം.കെയില്‍ ഭിന്നിപ്പുണ്ടാക്കി പ്രബല വിഭാഗത്തെ കൂടെ നിര്‍ത്തി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടാമെന്ന ബി.ജെ.പി മോഹത്തിനാണ് വിധിയോടെ തിരിച്ചടിയായിരിക്കുന്നനത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടില്‍ ഡി.എം.കെ കൂടുതല്‍ ശക്തമാവും. കേസില്‍ കുറ്റവിമുക്തരായതോടെ ഡി.എം.കെയുമായി കോണ്‍ഗ്രസിന് പൂര്‍വ്വാധികം ശക്തമായി കൈകോര്‍ക്കുകയുമാകാം.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ച സംഭവവും രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഡിഎംകെ നേതാവുമായുള്ള മോദിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ രഹസ്യങ്ങള്‍ ഇതുവകെ പുറത്തായിട്ടില്ല. അതുകൊണ്ട് തന്നെ അടുത്ത തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ദേശീയ തെരഞ്ഞെടുപ്പിലും ടുജി കേസിലെ വിധി നിര്‍ണായകമാകും.

chandrika: