X

മുസ്‌ലിംകള്‍ പള്ളികളില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോകണം; അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും; ബി.ജെ.പി മുന്‍ മന്ത്രി ഈശ്വരപ്പ

തര്‍ക്ക ഭൂമികളിലെ പള്ളികളില്‍ നിന്ന് മുസ്‌ലിംകള്‍ സ്വയം ഒഴിഞ്ഞു പോകണമെന്ന് മുന്‍ കര്‍ണാടക മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പ. സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഈശ്വരപ്പ പറഞ്ഞു.

കര്‍ണാടകയിലെ ബലാഗവിയില്‍ ഹിന്ദു പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധുര ഉള്‍പ്പെടെ 2 സ്ഥലങ്ങള്‍ കൂടി പരിഗണനയിലുണ്ട്. കോടതി വിധി വന്നയുടന്‍, ഇന്നോ നാളെയോ ആകട്ടെ. ഞങ്ങള്‍ ക്ഷേത്രങ്ങളുടെ നിര്‍മാണം ആരംഭിക്കും. അതില്‍ യാതൊരു സംശയവുമില്ല.

പള്ളി നിര്‍മ്മിച്ച സ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ (മുസ്‌ലിംകള്‍) സ്വയം ഒഴിഞ്ഞു പോകുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. എത്രപേര്‍ കൊല്ലപ്പെടുമെന്നോ എന്തെല്ലാം സംഭവിക്കുമെന്നോ ഞങ്ങള്‍ക്ക് പറയാനാകില്ല,’ ഈശ്വരപ്പ പറഞ്ഞു.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകുമെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.
‘ജനുവരി 22ന് ലോകം മുഴുവന്‍ അയോധ്യയിലേക്ക് ഉറ്റുനോക്കും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമാണ് കോടതി നടപടികള്‍. മധുരയിലെ കൃഷ്ണ ക്ഷേത്രത്തില്‍ സര്‍വ്വേ നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. എല്ലാം ഓരോന്നോരോന്നായി നടക്കും,’ ഈശ്വരപ്പ പറഞ്ഞു.

ഡിസംബറിലും ബി.ജെ.പി നേതാവ് സമാനമായ പരാമര്‍ശം നടത്തിയിരുന്നു. രാജ്യത്ത് ക്ഷേത്രം പൊളിച്ചു പണിത ഒരു പള്ളിയെയും വെറുതെ വിടില്ല എന്നായിരുന്നു അന്ന് പറഞ്ഞത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ബി.ജെ.പിക്ക് മുസ്‌ലിംകളുടെ വോട്ട് വേണമെന്നില്ലെന്നും മുമ്പ് പറഞ്ഞിരുന്നു.

webdesk14: