X

‘ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിച്ചെന്ന് വ്യക്തമായി’ പി.കെ കുഞ്ഞാലിക്കുട്ടി; സന്തോഷം നല്‍കുന്ന വിധി ഇ.ടി

ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും എം.പി ഇടി മുഹമ്മദ് ബഷീറും.

സുപ്രീംകോടതി വിധി പ്രതീക്ഷ നല്‍കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നീതി പുലരും എന്നാണ് പ്രതീക്ഷ. ഗുജറാത്ത് സര്‍ക്കാര്‍ പക്ഷപാതകരമായി പെരുമാറി. നിഷ്പക്ഷമായി നടക്കേണ്ട നീതിന്യായ വ്യവസ്ഥയെ കൂട്ടിലാക്കിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ ജനതക്ക് പ്രതീക്ഷ ഉയര്‍ത്തുന്ന വിധിയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇവിടെ ഗുജറാത്ത് സര്‍ക്കാര്‍ ആണ് കോടതിയെ തെറ്റിധരിപ്പിച്ചത്. ഇത് കോടതിക്ക് ബോധ്യമായി. ഗുജറാത്ത് സര്‍ക്കാര്‍ എത്രമാത്രം പക്ഷപാതപരമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നത്. ബിജെപി ഭരണം തുടര്‍ച്ചയായി വന്നാലുണ്ടാകുന്ന ഭവിഷ്യത്താണ് രാജ്യം അനുഭവിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷമുന്നേറ്റത്തിന് ബില്‍കി ബാനു വിധി കാരണമായേക്കും. സര്‍ക്കാര്‍ സംവിധാനം സത്യസന്ധമായി മുന്നോട്ടു പോകുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വളരെയധികം സന്തോഷം നല്‍കുന്ന വിധിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അധികാരത്തിന്റെ ഹുങ്കില്‍ എന്ത് നെറികേടും ചെയ്യാമെന്ന സംഘപരിവാര്‍ ഗവണ്മെന്റിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധി. സധൈര്യം നിയമപോരാട്ടം നടത്തി വിജയം നേടിയ സഹോദരി ബില്‍ക്കിസ് ബാനുവിന് അഭിവാദ്യങ്ങളെന്നും ഇടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ എത്ര ഉന്നതരായാലും നിയമത്തിന് അതീതരല്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് കേസില്‍ സുപ്രീംകോടതി വിമര്‍ശിച്ചത്. നീതിയുടെ അക്ഷരങ്ങള്‍ മാത്രമല്ല, അര്‍ത്ഥവും കോടതിക്കറിയാം. പ്രതികളോടുള്ള സഹതാപത്തിനും അനുകമ്പയ്ക്കും സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

webdesk14: