X

മോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷം: വാഗ്ദാനം ചെയ്ത ജോലിയെവിടെ?

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാംവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ സാധ്യതകള്‍ വെറുംവാക്കായി. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനും കാറുകളിലെ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതിലും മാത്രമാണ് മോദി സര്‍ക്കാരിന് ശ്രദ്ധ. രാജ്യത്തെ യുവാക്കള്‍ക്ക് ഉറപ്പ് നല്‍കിയ തൊഴില്‍ സാധ്യതകള്‍ നല്‍കാന്‍ മോദിക്ക് ഇതുവരേയും കഴിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ റിപ്പോര്‍ട്ടനുസരിച്ച് എട്ട് മേഖലകളിലായി 2.3ലക്ഷത്തിന്റെ പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്ക്. നിര്‍മ്മാണം, ഗതാഗതം, വ്യാപാരം, തുടങ്ങി ആരോഗ്യമേഖലകളിലുള്‍പ്പെടെ പുതിയ തൊഴില്‍ സംരംഭങ്ങളാണ് സൃഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടുകോടിയിലധികം തൊഴിലാളികളാണ് ഈ മേഖലകളിലേക്ക് ആവശ്യം. എന്നാല്‍ ഒരു ശതമാനത്തില്‍ കുറച്ചധികം മാത്രമാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്.

രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ചില പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ തുടങ്ങി വിദേശ നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തിച്ചുള്ള ഒട്ടേറെ പദ്ധതികള്‍ക്ക് മോദി സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതികള്‍ നടപ്പിലാക്കി തൊഴില്‍ നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു.

രാജ്യം മുഴുവന്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്ത ജോലി എവിടെയെന്നാണ് ചോദിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മയുടെ നിലവാരം അതേ രീതിയില്‍ തുടരുന്നുവന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലിനപേക്ഷിച്ച 11ശതമാനം ആളുകള്‍ക്കും ഇതുവരേയും തൊഴില്‍ ലഭിച്ചിട്ടില്ല. പെട്ടെന്നുള്ള നോട്ട് പിന്‍വലിക്കല്‍ മൂലം നിര്‍മ്മാണമേഖലയിലെ വളര്‍ച്ച മുരടിച്ചു പോവുകയാണുണ്ടായത്. പദ്ധതികള്‍ തുടരാത്തതും നോട്ട് പിന്‍വലിക്കലും വലിയ രീതിയിലാണ് രാജ്യത്തെ തൊഴില്‍ സാധ്യതകളെ ബാധിച്ചിട്ടുള്ളതെന്നാണ് സാരം.

chandrika: