X

2025ല്‍ 32 ടീമുകളുടെ ക്ലബ് ലോകകപ്പ്; വേദിയകാന്‍ മൊറോക്കോ

ദോഹ: 2025 മുതല്‍ ക്ലബ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഇപ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ലോകകപ്പ് പോലെ നാല് വര്‍ഷത്തിലൊരിക്കല്‍ 32 ടീമുകള്‍ പങ്കെടുക്കുന്ന ഒരു ക്ലബ് ലോകകപ്പ് നടക്കും എന്നും അദ്ദേഹം പറഞ്ഞു. ആദ്യ പതിപ്പ് 2025 വേനല്‍ക്കാലത്ത് നടക്കും എന്നും ഇന്‍ഫന്റീനോ പറഞ്ഞു. കോ ണ്‍ഫെഡറേഷന്‍ കപ്പിന്റെ സ്ലോട്ടില്‍ ആയിരിക്കും 2025ല്‍ ഈ ഇവന്റ് നടക്കുക എന്നും ഇന്‍ഫാന്റിനോ വ്യക്തമാക്കി. നിലവിലെ ക്ലബ് ലോകകപ്പില്‍ ആകെ 10 ദിവസമാണ് കളി നടക്കുന്നത്. അത് ഇനി 30 ദിവസമാകും.

ഇപ്പോഴുള്ള ഫോര്‍മാറ്റില്‍ ഏഴ് ടീമുകള്‍ ഉള്‍പ്പെടുന്നത് എങ്കില്‍ അത് 32ആയി മാറും. അതേ സമയം ലോകകപ്പ് സെമി ഫൈനല്‍ വരെ കുതിച്ച് എത്തിയ മൊറോക്കോയ്ക്ക് സന്തോഷം നല്‍കുന്ന തീരുമാനവും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന് വേദിയാവുക മൊറോക്കോയാണ്. ഫിഫ പ്രസിഡന്റ് ആണ് ഇക്കാര്യം ഇന്ന് അറിയിച്ചത്. യുഎസ്എയില്‍ നിന്നുള്ള സിയാറ്റില്‍ സൗണ്ടേഴ്‌സ്, സ്‌പെയിനില്‍ നിന്നുള്ള റയല്‍ മാഡ്രിഡ്, ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റി എന്നീ ടീമുകളാണ് ഇത്തവണത്തെ ക്ലബ്ബ് ലോകകപ്പിനായി മാറ്റുരയ്ക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.

ഫിഫ ലോകകപ്പില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത് സെമി ഫൈനല്‍ വരെ എത്തിയതിന് പുറമെ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് മൊറോക്കോ. അതേസമയം, യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ വേദിയാകുന്ന 2026 ലോകകപ്പില്‍ 48 രാജ്യങ്ങളാണ് ഏറ്റുമുട്ടുക. ഒരു വനിതാ ക്ലബ് ലോകകപ്പും ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു.

web desk 3: