X

അഴിമതിക്കെതിരെ പൊരുതി യുപിഎ സര്‍ക്കാറിനെ താഴെയിറക്കിയ നാലു പേര്‍, അവരിപ്പോള്‍ എവിടെയാണ്? എന്ത് ചെയ്യുന്നു?

 

അഴിമതിക്കെതിരെ അതിശക്തം നിലകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നിര്‍ണായകമായ ഒരു വഴിത്തിരിവിട്ട നാലുപേരുണ്ട്. വിനോദ് റായി, അണ്ണാ ഹസാരെ, അരവിന്ദ് കെജ്രിവാള്‍, അര്‍ണബ് ഗോസ്വാമി. ഈ നാലുപേര്‍ ഇപ്പോള്‍ എവിടെയാണ്, എന്തു ചെയ്യുന്നു എന്നതിലേക്കുള്ള ചെറിയ ഒരന്വേഷണം. രണ്ടു പ്രാവശ്യം തുടര്‍ച്ചയായി അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാരിനെ വലിച്ചിട്ടതില്‍ ഈ നാലു പേരുടെ പങ്ക് വളരെ പ്രധാനമാണ്.

വിനോദ് റായി

സിഎജി (2014),വിനോദ് റായിയുടെ കീഴില്‍ സിഎജി നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം യു.പി.എ സര്‍ക്കാറിന്റെ ടുജി സ്‌പെക്ട്രം കരാറില്‍ ഒരു ലക്ഷം കോടിയുടെ നഷ്ടം സര്‍ക്കാറിന് ഉണ്ടായെന്ന റിപ്പോര്‍ട്ടാണ്. യുപിഎ സര്‍ക്കാറിലെ നിരവധി മന്ത്രിമാര്‍ രാജിവെച്ചു, ചിലര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. യുപിഎ സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തിരിച്ചടി നല്‍കിയ റിപ്പോര്‍ട്ടായിരുന്നു സിഎജിയുടേത്. വര്‍ഷങ്ങളോളം ഡല്‍ഹി സിബിഐ കോടതിയില്‍ വാദം കേട്ടൊടുവില്‍ ഒരു തെളിവ് പോലും ഇല്ലെന്ന് കണ്ടെത്തി കോടതി കുറ്റം ചുമത്തപ്പെട്ടവരെ വെറുതെ വിട്ടു.

2014ന് ശേഷം :റായിയെ എന്‍ഡിഎ സര്‍ക്കാര്‍ 2017 ജനുവരി -18 ല്‍ ബാങ്കിംഗ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനാക്കി. നിലവില്‍ യുഎന്‍ പാനല്‍ ഓഫ് എക്‌സ്റ്റേണല്‍ ഓഡിറ്റര്‍മാരുടെ ചെയര്‍മാനും റെയില്‍വേയുടെ ഓണററി ഉപദേശകനും റെയില്‍വേ കയാ കല്‍പ് കൗണ്‍സില്‍ അംഗവുമാണ് റായി.

അണ്ണാ ഹസാരെ

അഴിമതി വിരുദ്ധ നിയമമായ ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ 2011 ഏപ്രില്‍ 5 ന് നിരാഹാര സമരം ആരംഭിച്ചു. നിരാഹാര സമരം രാജ്യത്ത് വ്യാപകമായ തുടര്‍ പ്രതിഷേധസമരങ്ങള്‍ക്ക് കാരണമായി. യുപിഎ സര്‍ക്കാറിനും കോണ്‍ഗ്രസിനുമെതിരെ ജനവികാരം ഉയരാന്‍ ഇത് കാരണമായി.

2014ന് ശേഷം പൊലീസ് സംരക്ഷണത്തൊടു കൂടെ സ്വന്തം ഓഫിസ് കെട്ടിടവും സെക്രട്ടേറിയല്‍ സ്റ്റാഫും അടക്കം സര്‍വ്വസൗകര്യത്തോടെ അദ്ദേഹം തന്റെ ഗ്രാമമായ റാലേഗന്‍ സിദ്ധിയില്‍ താമസിക്കുന്നു. ജന്‍ ലോക്പാല്‍ ബില്‍ ഒരിക്കലും നടപ്പിലായില്ല. 2014 ന് ശേഷം അണ്ണാ ഹസാരെ ഒരിക്കലും ജന്‍ ലോക്പാല്‍ ബില്ലിനെ കുറിച്ച് സംസാരിച്ചിട്ടില്ല.

അരവിന്ദ് കെജ്രിവാള്‍

മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, പിന്നീട് പൊതുപ്രവര്‍ത്തന രംഗത്തേക്ക്, അണ്ണാ ഹസാരയുടെ കൂടെ പ്രവര്‍ത്തിച്ചു, ലോക്പാല്‍ ബില്ലിനായി അദ്ദേഹത്തോടൊപ്പം ഉപവസിച്ചു. ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ലെന്ന് ശപഥം ചെയ്തു.

2014ന് ശേഷം ആം ആദ്മി പാര്‍ട്ടി ആരംഭിച്ചു. രണ്ട് തവണ ദില്ലി മുഖ്യമന്ത്രിയായി. ഒരിക്കല്‍ പോലും ജന്‍ലോക്പാല്‍ ബില്ലിനായി പിന്നീട് ആവശ്യം ഉന്നയിക്കുകയോ നിലവിലെ എന്‍ഡിഎ സര്‍ക്കാറിന്റെ അഴിമതികളെ ചോദ്യം ചെയ്യുകയോ ചെയ്തില്ല.

അര്‍ണബ് ഗോസ്വാമി

വാര്‍ത്ത അവതാരകനും ടൈംസ് നൗ എഡിറ്ററുമായിരുന്നു. 2 ജി കുംഭകോണം, കല്‍ക്കരി ഗേറ്റ് അഴിമതി തുടങ്ങിയ യുപിഎ സര്‍ക്കാറിന്റെ കാലത്തെ അഴിമതികളെക്കുറിച്ച് ഒരു സമ്പൂര്‍ണ്ണ പരമ്പര നടത്തി. രാഹുല്‍ ഗാന്ധിയുമായുള്ള അഭിമുഖത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് ‘പപ്പു’ എന്ന പേര് ചാര്‍ത്തി നല്‍കി .

2014ന് ശേഷം സ്വന്തമായി ടെലിവിഷന്‍ ന്യൂസ് ചാനല്‍ ആരംഭിച്ചു. എന്‍ഡിഎ എംപി രാജീവ് ചന്ദ്രശേഖറില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചു. പിന്നീട് ചന്ദ്രശേഖര്‍ ബിജെപിയില്‍ ചേര്‍ന്നു. 2019 മെയ് മാസത്തില്‍ രാജീവ് തന്റെ ഓഹരി ഉപേക്ഷിച്ചു (തുടര്‍ച്ചയായ ബി.ജെ.പിയുടെ രണ്ടാം ലോക്‌സഭാ വിജയത്തിന് ശേഷം) ചാനലിന്റെ പ്രധാന ഓഹരി അര്‍ണബിന്റെ പേരിലായി. സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍ണബിന്റെ ഇന്നത്തെ ആസ്തി 383 കോടി രൂപയാണ്. നിലവിലെ സര്‍ക്കാരിനെതിരായ അഴിമതി കേസുകളൊന്നും അര്‍ണബ് തന്റെ റിപ്പബ്ലിക് ചാനലിലൂടെ ഇത് വരെ ഉയര്‍ത്തി കൊണ്ട് വന്നിട്ടില്ല.

web desk 1: