X
    Categories: indiaNews

ലോക്ഡൗണിനൊടുവില്‍ തിയറ്റര്‍ തുറന്നു; 150 സീറ്റുകളില്‍ ഒരുക്കിയ ആദ്യഷോക്കെത്തിയത് നാല് പേര്‍ മാത്രം

ന്യൂഡല്‍ഹി: നീണ്ടകാലത്തെ ലോക്ഡൗണിനും അണ്‍ലോക്ക് പ്രക്രിയക്കും ഒടുവില്‍ രാജ്യത്ത് തിയറ്ററുകള്‍ തുറന്നെങ്കിലും സിനിമ കാണാനെത്തിയത് അഞ്ചില്‍ കുറഞ്ഞ ആളുകള്‍ മാത്രം. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ്​ ഏരിയയിലെ തിയറ്ററില്‍ രാവിലെ 11.30​െന്‍റ ഷോക്ക്​ വെറും നാലു ടിക്കറ്റുകള്‍ മാത്രമാണ്​ വിറ്റുപോയത്​. 2.30 യുടെ ഷോക്ക്​ അഞ്ചുപേരും.

ആകെ 300 സീറ്റുകളുളള  തിയറ്ററിലാണ്​ വിരലിലെണ്ണാവുന്നവര്‍ മാത്രം സിനിമ കാണാന്‍ എത്തിയത്. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പകുതി സീറ്റില്‍ മാത്രം ഇരിപ്പിടം ഒരുക്കിയാണ്​ തിയറ്ററുകള്‍ വീണ്ടും തുറന്നത്​. തിയറ്ററില്‍ 150 സീറ്റുകളില്‍ മാത്രമാണ് പ്രവേശനമുളളത്. പ്രവര്‍ത്തന ചെലവ് പോലും ആദ്യദിവസം ലഭിച്ചില്ല എന്നതാണ് വസ്തുത.

അതേസമയം പുതിയ സിനിമകളൊന്നും തിയറ്ററില്‍ ഇതുവരെ റിലീസ് ചെയ്യാത്തതാണ് കാണികളെ കുറച്ചതെന്നും അടുത്ത ആ​ഴ്​ചയോടെ പുതിയ സിനിമകള്‍ റിലീസ്​ ചെയ്യുമെന്നും അതോടെ തിയറ്റര്‍ നിറയുമെന്നുമാണ്​ തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ. ഒരാഴ്​ചയോടെ തിയറ്ററുകളില്‍ ആളുകള്‍ എത്തിതുടങ്ങുന്നതോടെ ഡല്‍ഹിയിലെ 130 സ്​ക്രീനുകളിലും പ്രദര്‍ശനം തുടങ്ങാനാകുമെന്നാണ്​ പ്രതീക്ഷയെന്നും തിയറ്റര്‍ ഉടമകള്‍ പറയുന്നു.

അഞ്ചാംഘട്ട അൺ​ലോക്കി​െൻറ ഭാഗമായാണ്​ തിയറ്ററുകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്​. ഉച്ചയ്ക്ക് 12 മുതൽ എട്ടുമണി വരെയാണ്​ പ്രദർശന സമയം. തിയറ്ററിൽ പ്രവേശിക്കുന്നതിന്​ മുമ്പ്​ ശരീര താപനില പരിശോധിക്കും. കൂടാതെ പോപ്​കോൺ ഉൾപ്പെടെ ഭക്ഷ്യവസ്​തുക്കൾ യു.വി സാനിറ്റൈസേഷൻ നടത്തും.

അതേസമയം, അടച്ചിടലിന്റെ 7ാം മാസം സിനിമ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ തിയറ്റര്‍ തുറക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് മാര്‍ച്ച് 11 മുതല്‍ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. കോവിഡ് ജാഗ്രത പാലിച്ച് കുറഞ്ഞ സീറ്റുകളില്‍ തിയറ്ററുകള്‍ തുറക്കുന്നതു നഷ്ടമാകുമോയെന്ന ആശങ്കയും വിനോദ നികുതി പോലുള്ള അധിക ബാധ്യതകളുമാണ് തിയറ്റര്‍ തുറക്കുന്നതില്‍ നിന്നും ഉടമകളെ അലട്ടുന്നത്. ജിഎസ്ടിക്കു പുറമേ സംസ്ഥാനം ഏര്‍പ്പെടുത്തിയ വിനോദ നികുതി പിന്‍വലിക്കണമെന്ന ചലച്ചിത്ര വ്യവസായ മേഖലയുടെ ആവശ്യത്തോടു സര്‍ക്കാര്‍ ഇനിയും അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല.

chandrika: