X
    Categories: indiaNews

രണ്ടു മാസത്തിനിടെ രാജ്യത്ത് അംഗീകാരം നഷ്ടപ്പെട്ടത് 40 മെഡിക്കല്‍ കോളജുകള്‍ക്ക്

ന്യൂഡല്‍ഹി; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ രണ്ടു മാസത്തിനിടെ രാജ്യത്ത് അംഗീകാരം നഷ്ടപ്പെട്ടത് 40 മെഡിക്കല്‍ കോളജുകള്‍ക്ക്. തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, അസം, പഞ്ചാബ്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലായി 100ഓളം മെഡിക്കല്‍ കോളജുകള്‍ അംഗീകാരം നഷ്ടപ്പെടുന്നതിന്റെ വക്കിലാണെന്നും എന്‍.എം.സി വ്യക്തമാക്കി.

മെഡിക്കല്‍ കോളജുകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് പറയുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഈ സ്ഥാപനങ്ങളില്‍ പാലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സി.സി.ടി.വി ക്യാമറകള്‍, ആധാര്‍ ലിങ്ക്ഡ് ബയോ മെട്രിക് പഞ്ചിങ് സംവിധാനങ്ങള്‍, ഫാക്വല്‍റ്റി രജിസ്റ്റര്‍ എന്നിവയൊന്നും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

സര്‍ക്കാറിന്റെ കണക്കുകള്‍ അനുസരിച്ച് 2014നു ശേഷം രാജ്യത്ത് മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നത് സാര്‍വത്രികമായതോടെയാണ് ഈ വര്‍ധനവുണ്ടായത്. 2014ല്‍ രാജ്യത്ത് 387 മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്നത് 654 ആയാണ് വര്‍ധിച്ചത്. 69 ശതമാനം വര്‍ധന. ഇതില്‍ തന്നെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണത്തില്‍ 94 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 51,348 എം.ബി.ബി.എസ് സീറ്റ് ഉണ്ടായിരുന്നത് 99,763 ആയാണ് വര്‍ധിച്ചത്. 31,185 സീറ്റുണ്ടായിരുന്ന മെഡിക്കല്‍ പി.ജി സീറ്റുകള്‍ 64,559 ആയി വര്‍ധിച്ചു (107 ശതമാനം വര്‍ധന).
എന്നാല്‍ ഇത്തരത്തില്‍ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതിനായി നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ പലതും സ്ഥാപനങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് പരിശോധനകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി.

webdesk11: