X

4060 ഇന്ത്യന്‍ പൗരന്മാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തടവിലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി വിചാരണ തടവുകാരുള്‍പ്പടെ 4060 ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗള്‍ഫ് രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ പ്രവാസികളുടെ വിശദാംശങ്ങളെക്കുറിച്ച് രാജ്യസഭയില്‍ മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യു.എ.ഇ (1663 തടവുകാര്‍), സഊദി അറേബ്യ (1363 തടവുകാര്‍) ഖത്തര്‍ (466 തടവുകാര്‍), കുവൈത്ത് (460 തടവുകാര്‍ ), ബഹറൈന്‍ (63 തടവുകാര്‍), ഒമാന്‍ (45 തടവുകാര്‍). എന്നിങ്ങനെയാണ് തടവുകാരുടെ എണ്ണം.

വിദേശ രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് മന്ത്രി പി.വി വഹാബിന് മറുപടി നല്‍കി. വിദേശത്തുള്ള ഇന്ത്യന്‍ എംബസികളും കാര്യാലയങ്ങളും ഇന്ത്യന്‍ പൗരന്‍മാരെ തടവിലാക്കുകയോ ജയിലിലടക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. അവര്‍ക്ക് സാധ്യമായ എല്ലാ കോണ്‍സുലാര്‍, നിയമ സഹായങ്ങളും നല്‍കുന്നതിനു പുറമേ, ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പെട്ടിട്ടുള്ള പ്രാദേശിക അഭിഭാഷക സമിതിയും എംബസികള്‍ക്ക് കീഴിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട പ്രവാസികളുടെ റിപ്പോര്‍ട്ടുകള്‍ മറിച്ചാണ് സൂചിപ്പിക്കുന്നതെ ന്ന് പി.വി വഹാബ് പറഞ്ഞു.

ഇന്ത്യന്‍ പ്രവാസികളുടെ മോചനവും മടങ്ങിവരവും വേഗത്തിലാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്ന് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കഴിഞ്ഞ ദിവസം ശൂന്യവേളയില്‍ പ്രത്യേക നിവേദനത്തിലൂടെ വഹാബ് ആവശ്യപ്പെട്ടിരുന്നു.

web desk 3: