X

42 ലക്ഷം തട്ടിയ സംഭവം; ഡി.വൈ.എഫ്.ഐ നേതാവും ഭര്‍ത്താവായ സി.പി.എം നേതാവും ഒളിവില്‍

തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ ഒളിവില്‍. തലയോലപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ കൃഷ്‌ണേന്ദു (27), വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത് (35) എന്നിവരാണ് ഒളിവില്‍ പോയത്. ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും പാര്‍ട്ടി അംഗവുമാണ് കൃഷ്‌ണേന്ദു.

കൃഷ്‌ണേന്ദുവിന്റെ ഭര്‍ത്താവും സി.പി.എം. തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ അനന്തു ഉള്‍പ്പെടെ കൂടുതല്‍പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് തലയോലപ്പറമ്പ് പൊലീസ് നല്‍കുന്ന സൂചന. നിലവില്‍ അനന്തുവും ഒളിവിലാണ്. കൃഷ്‌ണേന്ദു ഒറ്റയ്ക്കാണ് പണം തട്ടിയതെന്നും ദേവിപ്രജിത്തിന് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പ് നടത്തുന്ന കാലയളവില്‍ കൃഷ്‌ണേന്ദു പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയും വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഉദയംപേരൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ഗോള്‍ഡ് ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. സെപ്റ്റംബറില്‍ 4 മുതല്‍ 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂര്‍ത്തിയാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ കൃഷ്‌ണേന്ദു സ്ഥാപനത്തിലേക്ക് വരാതായതായി ഉടമ പറഞ്ഞു.

2023 ഏപ്രില്‍ മുതല്‍ ഇടപാടുകാര്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്‍കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇവര്‍ അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു.

കൂടാതെ ഇടപാടുകാര്‍ പണം നല്‍കിയത് ഉടമ കണ്ടുപിടിക്കാതിരിക്കാന്‍ സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകള്‍ക്ക് കേടുവരുത്തി, തെളിവുകള്‍ നശിപ്പിച്ചു. ഇരുവരെയും പാര്‍ട്ടി അംഗത്വത്തില്‍നിന്ന് മാസങ്ങള്‍ക്ക് മുമ്പ് പുറത്താക്കിയെന്നാണ് സി.പി.എം ഏരിയാ കമ്മിറ്റി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, ഇവരെ പുറത്താക്കണമെന്ന് ലോക്കല്‍ കമ്മിറ്റി മേല്‍ഘടകങ്ങള്‍ക്ക് കത്തുനല്‍കിയിട്ടേയുള്ളൂ. കത്ത് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണ്.

webdesk13: