X

പ്രായം കുറഞ്ഞ തീര്‍ത്ഥാടകയായി 45 ദിവസം പ്രായമായ കുഞ്ഞും പുണ്യഭൂമിയിലേക്ക്

45 ദിവസം പ്രായമായ ആദില മര്‍ജാന്‍

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഏറ്റവും പ്രായം കുറഞ്ഞ ഹജ്ജ് തീര്‍ത്ഥാടക മക്കയിലേക്ക് പുറപ്പെട്ടു. ഏറ്റവും പ്രായം കുറഞ്ഞ തീര്‍ത്ഥാടകയായ 45 ദിവസം പ്രായമായ ആദില മര്‍ജാന്‍ ആണ് ഇന്നലെ 5 മണിക്ക് പുറപ്പെട്ട എ ഐ 5183 എന്ന വിമാനത്തില്‍ പുണ്യനഗരിയിലേക്ക് യാത്രയായത്. തീര്‍ത്ഥാടക ആലുവ എടത്തല അബ്ദുല്‍ റഹ്മാന്‍ അല്‍ഫിയ ദമ്പതികളുടെ മ കളാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ക്യാമ്പ് ഓഫിസര്‍ എന്‍ പി ഷാജഹാന്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ എം കുഞ്ഞുമോന്‍, ഭാരവാഹികളായ ഷംജല്‍, ഇബ്രാംഹിം കുഞ്ഞ്, സലിം, സെല്ല് ഓഫിസര്‍ ജസില്‍ തോട്ടത്തികുളം, ഷബീര്‍ മണക്കാടന്‍, എം എ സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞ് തീര്‍ത്ഥാടകയെ യാത്രയാക്കിയത്.

അതേസമയം കരിപ്പൂരില്‍ നിന്ന് ഇന്നലെ രണ്ടു വിമാനങ്ങളിലായി 600 തീര്‍ത്ഥാടകര്‍ കൂടി പുറപ്പെട്ടു. 285 പുരുഷ ന്മാരും, 315 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. എം.പി അബ്ദുസ്സമദ് സമദാനി, അദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, മുളളൂര്‍ക്കര മുഹമ്മദലി സഖാഫി എന്നിവര്‍ ഹജ്ജ് ക്യാമ്പിലെത്തി. ഇന്ന് മൂന്ന് വിമാനങ്ങളിലായി 900 പേര്‍ യാത്രയാവും. ആദ്യ വിമാനം രാവിലെ 8.40നും രണ്ടാമത്തേത് 10.45നും മൂന്നാമത്തെ വിമാനം 1.55നും പുറപ്പെടും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കരിപ്പൂരില്‍ നിന്ന് ഇനി 12 വിമാന സര്‍വ്വീസുകള്‍ കൂടിയാണ് ബാക്കിയുളളത്. കഴിഞ്ഞ 7 ന് ആരംഭിച്ച സര്‍വ്വീസുകള്‍ 20ന് അവസാനിക്കും.

നെടുമ്പാശേരി ഹജ്ജ് ക്യാമ്പില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ 680 തീര്‍ഥാടകര്‍ കൂടി യാത്രയായി. 340 പേരുമായി എഐ 5181 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം ഉച്ചക്ക് 2 മണിക്കും എഐ 5183 നമ്പര്‍ വിമാനം വൈകീട്ട് 5.35 നുമാണ് പുറപ്പെട്ടത്. 1360 തീര്‍ഥാടകര്‍ കൂടിയാണ് ഇനി നെടുമ്പാശേരി എംബാര്‍ക്കേഷന്‍ പോയന്റില്‍ നിന്നും യാത്ര തിരിക്കാനുള്ളത്. ഇന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ തീര്‍ഥാടകര്‍ ഇന്നലെ വൈകീട്ടോടെ ഹജ്ജ് ക്യാമ്പില്‍ എത്തി. തീര്‍ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ ജനപ്രതിനിധികളടക്കം നിരവധി പ്രമുഖരാണ് ഹജ്ജ് ക്യാമ്പിലെത്തിയത്. എം.പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, എ.എം.ആരിഫ്, വി.കെ.ശ്രീകണ്ഠന്‍, മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാഫര്‍ മാലിക് ഐ എ എസ് തുടങ്ങിയവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ഇന്നലെയും പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.

chandrika: