X
    Categories: Sports

ക്രിക്കറ്റ് മാന്യന്‍മാരുടെ കളി

ലോഡ്‌സ്: ഒരു ആതിഥേയ ടീം ലോകകപ്പ് നേടുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങളും അഘോഷങ്ങളും ചെറുതാവില്ല. വലിയ വാഹനങ്ങള്‍ കൊടിതോരണങ്ങള്‍, റോഡ് നിറയെ യുവാക്കള്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണ്. ആതിഥേയരായ ഇംഗ്ലണ്ട് കിവീസിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയപ്പോള്‍ ആ പതിവ് കാഴ്ച നമ്മുക്ക് ഇംഗ്ലണ്ടിലെ ഒരു തെരുവുകളിലും കാണാന്‍ സാധിച്ചില്ല. കളി കാണാനെത്തിയ ആരാധകര്‍ മത്സര ശേഷം മാന്യമായി എഴുന്നേറ്റ് നിന്നു കൈയ്യടിക്കുകയും ചെയ്തു. പുറത്തിറങ്ങിയാല്‍ കാണുന്ന കാഴ്ച കുറച്ച് യുവാക്കള്‍ ചെറിയ രീതിയില്‍ മാത്രം ആഘോഷിക്കുന്നുണ്ട്. അവര്‍ക്കൊപ്പം പാകിസ്താന്റെ കൊടികള്‍ പാറുന്നുണ്ട് ഇന്ത്യയുടെ കൊടി പാറുന്നുണ്ട് ക്യാപ്റ്റന്‍ കോലിക്കായി ജയ് വിളിക്കുന്നുണ്ട്. അതിനെല്ലാം പുറമെ നമുക്ക് കാണാന്‍ സാധിക്കുന്ന അപൂര്‍വം കാഴ്ചകളിലൊന്നാണ് പലതരത്തിലുള്ള പ്രതിഷേധ ബോര്‍ഡുകള്‍. ഫലസ്തീന്‍ വിഷയം മുതല്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ വരെ ആ പ്രതിഷേധത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.

എന്നാലും ലോകകപ്പ് ഫൈനലിലെ ഇംഗ്ലീഷ് പാരമ്പര്യമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യം. കാത്ത് കാത്തിരുന്ന ലോകകപ്പ്, എന്നും ചരിത്രം കൈവിട്ട ലോകകപ്പ്, 1987 മുതല്‍ നിര്‍ഭാഗ്യം മാത്രം കൂടെയുള്ള ഇംഗ്ലണ്ട്. ഫുട്‌ബോള്‍ എടുത്താലും സമാന സ്ഥിതി. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഒരുപിടി യുവതാരങ്ങളുമായി എത്തിയ ഇംഗ്ലണ്ട് സെമിയില്‍ കലമുടച്ചു. ഇവിടെ ലോകകപ്പ് വന്നപ്പോള്‍ അവര്‍ മനസ്സിലുറപ്പിച്ചിരുന്നു. ഇതിലും നല്ല അവസരം അവര്‍ക്ക് കിട്ടാനില്ലെന്ന്്. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും മികച്ച ടീമായിരുന്നു ഇംഗ്ലണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ കളിക്കുന്നു ഒരു ഇടവേളയില്‍ അല്‍പം നിറം മങ്ങിയെങ്കിലും വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി കിരീടം നേടുന്നു. അവര്‍ ഒരിക്കലും വീരവാതം മുഴക്കുന്നില്ല. പക്ഷെ അവര്‍ പറയാതെ മൈതാനത്ത് കാണിച്ചു തന്ന ചിത്രമുണ്ട്. ഞങ്ങള്‍ ഈ ലോകകപ്പിന് യോഗ്യരാണ്. ഫൈനലിലേക്ക് വരുമ്പോള്‍ ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ മാത്രമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോടും സെമിയില്‍ കിവീസിനോടും ഇന്ത്യ തോറ്റിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ടീമിനെയും തോല്‍പ്പിച്ച പാകിസ്താന് സെമിയിലേക്ക് പോലും യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.

അങ്ങിനെ ഒരു പാട് രസകരമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അമ്പയറിങ്ങില്‍ പല ടീമുകളും പരാതിയുമായി കളംനിറഞ്ഞു. മഴ ചില മത്സരങ്ങള്‍ തടസ്സപ്പെടുത്തിയെങ്കിലും ടൂര്‍ണമെന്റ് മനോഹരമായി പുരോഗമിച്ചു. ഈ ലോകകപ്പിലെ മികച്ച ഓള്‍ റൗണ്ടര്‍ അത് ഷാക്കിബ് തന്നെയാണ്. 600 റണ്‍സിനോടൊപ്പം നിരവധി വിക്കറ്റും ഈ താരം നേടിയിട്ടുണ്ട്. ഫൈനലിന്റെ മനോഹാരിത സ്‌റ്റോക്‌സിന്റെ ഇന്നിംങ്‌സായിരുന്നു. പൊട്ടിതെറിക്കുന്ന സ്റ്റോക്‌സ് നിര്‍ണായക സമയത്ത് ആ പൊട്ടിത്തെറി മറന്ന് മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തി. എന്തൊക്കെ പറഞ്ഞാലും ഈ ലോകകപ്പ് എന്നും മനസ്സില്‍ നിലനില്‍ക്കും. അതിന്റെ കാരണം അത് അവരുടെ ജെന്റില്‍മാനിസം തന്നെയാണ്.

chandrika: