X

യു.പി മന്ത്രിമാരില്‍ പകുതിയും ക്രിമിനല്‍ കേസ് പ്രതികള്‍; കോടിപതികള്‍ 80 ശതമാനം

ലക്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ 44 മന്ത്രിമാരില്‍ 20 പേരും(45 ശതമാനം) ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. നേതാക്കളുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് യു.പി ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ദിനേശ് ശര്‍മ, സ്വതന്ത്ര ദേവ് സിങ്, മൊഹ്സിന്‍ റാസ എന്നിവരുടെ സത്യവാങ്മൂലം വിശകലനം ചെയ്യാതെയാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശര്‍മ ലക്‌നോ മേയര്‍ സ്ഥാനം രാജിവെച്ചിരുന്നുു. മറ്റു രണ്ടുപേരും നിലവില്‍ നിയമസഭാ അംഗങ്ങളോ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളോ അല്ല.

കൊള്ള, മോഷണം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവയാണ് മന്ത്രിമാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍. 44 മന്ത്രിമാരില്‍ 35 മന്ത്രിമാരും കോടിപതികളാണ്. മന്ത്രിമാരുടെ ശരാശരി ആസ്തി 5.34 കോടിയും. സത്യവാങ്മൂലം പ്രകാരം അലഹബാദ് സൗത്ത് എംഎല്‍എ ഗോപാല്‍ ഗുപ്ത നന്തിയാണ് ഏറ്റവും സമ്പന്നനായ മന്ത്രി. നന്തിയുടെ ആസ്തി 57.11 കോടി. 71 ലക്ഷം രൂപയാണ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ സമ്പാദ്യം. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് 9 കോടി രൂപയുടെ സമ്പാദ്യമുണ്ട്. 28 മന്ത്രിമാര്‍ തങ്ങളുടെ കടബാധ്യതയും വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരില്‍ ഏറ്റവും സമ്പന്നനായ നന്തിയാണ് ഇക്കാര്യത്തിലും ഒന്നാമത്. കടബാധ്യത 26.02 കോടി. പത്താം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയില്‍ പഠിച്ചിട്ടുള്ളവരാണ് ഏഴ് മന്ത്രിമാര്‍(16 ശതമാനം). ബിരുദമോ അതിനുമുകളില്‍ വിദ്യഭ്യാസ യോഗ്യതയോ ഉള്ളവര്‍ 37 പേര്‍(84 ശതമാനം). 25നും 50നും ഇടയില്‍ പ്രായമുള്ളവരാണ് 18 മന്ത്രിമാര്‍(41 ശതമാനം). 26 പേരുടെ പ്രായം 51നും 80നും ഇടയില്‍. 44 പേരില്‍ അഞ്ച് പേര്‍ മാത്രമാണ് വനിതാ മന്ത്രിമാര്‍.

chandrika: