X

കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ കുറവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസികള്‍ കേരളത്തിലെക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രവാസികളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എംപി പി. വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രധനകാര്യ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്.
2016-17 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 30,428 ദശലക്ഷം ഡോളര്‍ മാത്രമാണ് കേരളത്തിലേക്ക് എത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ കുറവാണിതെന്ന് വ്യക്തമാക്കുന്നു. 2015-16ല്‍ 65,592 ദശലക്ഷം ഡോളര്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍, 2013-14ല്‍ 69,638 ദശലക്ഷം ഡോളറായിരുന്നു വരുമാനം. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറവ് രേഖപ്പെടുത്തുകയായിരുന്നു. നോട്ട് നിരോധനം ഉള്‍പ്പെടെ സാമ്പത്തിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണങ്ങളാണ് വിദേശത്തു നിന്നുള്ള വരുമാനം കുറയാന്‍ ഇടയാക്കിയതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വെ നടത്തിയ പഠനത്തില്‍ രാജ്യത്തെ ആകെ ജനസഖ്യയില്‍ 2.7 ശതമാനം പേര്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നതായി കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ജനസഖ്യയില്‍ 4.5 ശതമാനം പേര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടു അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാനസിക പിരിമുറുക്കങ്ങള്‍ നിയന്ത്രിക്കുന്നതിനായി 1982ല്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അബ്ദുല്‍ വഹാബിനെ അറിയിച്ചു. 339 ജില്ലകളില്‍ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. മാനസികോരാഗ്യം വീണ്ടെടുക്കല്‍, പുന:രധിവാസം, ചികിത്സ, പരിശീലനങ്ങള്‍, ക്ലാസുകള്‍ തുടങ്ങിയവയും നടത്തി വരുന്നു. ഇതിനായി 21 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 39 പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ് കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്നു. ഇവരുടെ മാനസിക നില മെച്ചപ്പെടുത്തിയ ശേഷം കഴിവുകളെ വികസിപ്പിച്ചെടുക്കാന്‍ ബംഗളുരുവില്‍ നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്, തെസ്പൂരില്‍ ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോളി റീജിയണല്‍ ഇന്‍സിസ്റ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്, റാഞ്ചിയില്‍ സെന്റട്രല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സൈക്യാട്രിയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ പാചക വാതക കണക്ഷനു വേണ്ടിയുള്ള അപേക്ഷകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണെന്നും അബ്ദുല്‍ വഹാബിന്റെ മറ്റൊരു ചോദ്യത്തിന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. വര്‍ദ്ധിച്ചു വരുന്ന ആവശ്യകത അനുസരിച്ച് സംസ്ഥാനത്ത് പുതിയ പാചക വാതക ഔട്ട്‌ലെറ്റുകള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

chandrika: