X
    Categories: Newsworld

488 മാധ്യമ പ്രവര്‍ത്തകരെ ഈ വര്‍ഷം ജയിലിലടച്ചു;അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യയും

പാരീസ്: ഈ വര്‍ഷം ലോകത്താകെ 488 മാധ്യമപ്രവര്‍ത്തകര്‍ ജയിലലടയ്ക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസയം 46 മാധ്യമപ്രവര്‍ത്തകരാണ് 2021ല്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊലപാതക നിരക്കാണിത്. മാധ്യമസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എഫ് എന്ന എന്‍.ജി.ഒ പുറത്തുവിട്ടതാണ് ഈ കണക്കുകള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാന്‍ അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യയും മുന്നിലാണ്. ചൈനയാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചിരിക്കുന്നത്. 127 മാധ്യമപ്രവര്‍ത്തകരെയാണ് ചൈന ഈ വര്‍ഷം തടങ്കലിലാക്കിയത്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പ്രകാരം മെക്‌സിക്കോയും അഫ്ഗാനിസ്ഥാനുമാണ് മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും അപകടരമായ രാജ്യങ്ങളായി ആര്‍.എസ്.എഫ് കണക്കാക്കുന്നത്. ആറ് മാധ്യമപ്രവര്‍ത്തകരാണ് ഇരു രാജ്യങ്ങളിലും കൊല്ലപ്പെട്ടത്. യമനും ഇന്ത്യയുമാണ് തൊട്ട് പിറകിലുള്ള രാജ്യങ്ങള്‍. നാല് മാധ്യമപ്രവര്‍ത്തകരാണ് ഇവിടങ്ങളില്‍ കൊല്ലപ്പെട്ടത്.ആര്‍.എസ്.എഫ് ഈ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ 1995 മുതല്‍ ജയലയ്ക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇത്രത്തോളം ഉയര്‍ന്നിട്ടില്ലെന്ന് ആര്‍.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്‍മര്‍, ബെലാറസ്, ഹോങ്കോങ് എന്നിവിടങ്ങളിലെ മാധ്യമങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ മൂലം തടവിലാക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവാണ് ഈ വര്‍ഷമുണ്ടായത്. 46 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ ഭൂരിപക്ഷവും ആസൂത്രിത കൊലപാതകങ്ങളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 

 

 

web desk 3: