X

രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍; കേരളത്തെ പാടെ അവഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകളാണ് അനുവദിച്ചത്.

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍(അഞ്ച്), അസം, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക (മൂന്ന്), ഹരിയാന, ജമ്മു കശ്മീര്‍ (രണ്ട്), മഹാരാഷ്ട്ര (നാല്), മധ്യപ്രദേശ്, നാഗാലാന്‍ഡ് (ഒന്ന്) ഒഡീഷ, ബംഗാള്‍ (രണ്ട്), യു.പിയില്‍ ഒന്ന് എന്നിങ്ങനെയാണ് മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചിരിക്കുന്നത്. കോളേജുകളില്‍ 30 സര്‍ക്കാര്‍ കോളേജുകളും 20 സ്വകാര്യ കോളേജുകളുമാണുള്ളത്. ഇവയില്‍ ട്രസ്റ്റുകള്‍ക്ക് അനുവദിച്ചതുമുണ്ട്.

അതേ സമയം ഒന്നുപോലും കേരളത്തിലില്ല. മിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാരും ഔദ്യോഗികമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഈ ആവശ്യം അവഗണിക്കപ്പെട്ടു.

നേരത്തെ നഴ്‌സിങ് കോളേജുകള്‍ അനുവദിച്ചുള്ള പ്രഖ്യാപനത്തിലും കേരളത്തെ കേന്ദ്രം തഴഞ്ഞിരുന്നു. അത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. അതേ സമയം പട്ടിക ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ലെന്നാണ് വാര്‍ത്തകള്‍.

webdesk14: