X

ഹംപിയിലെ ചരിത്ര സ്മാരകത്തിന്റെ ചിത്രവുമായി പുതിയ അമ്പതു രൂപ നോട്ട് ഉടനെത്തുന്നു

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് 50 രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. ഹംപിയിലെ ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് പുതുതായി പുറത്തിറക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നിലവില്‍ പ്രചാരത്തിലുള്ള 50 രൂപ നോട്ടുകളില്‍നിന്ന് കെട്ടിലും മട്ടിലും തീര്‍ത്തും വിഭിന്നമായാണ് പുതിയ നോട്ടുകളാണ് പുറത്തിറക്കുന്നത്.

നോട്ടിന്റെ മറുവശത്താണ് ഹംപിയിലെ ചരിത്രസ്മാരകമായ തേരിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഇടതുവശത്തായി നോട്ട് പുറത്തിറങ്ങുന്ന വര്‍ഷം രേഖപ്പെടുത്തിയിരിക്കും. സ്വച്ഛ് ഭാരത് ലോഗോ, വിവിധ ഭാഷകളിലുള്ള നോട്ടിന്റെ മൂല്യം എന്നിവയും ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് റിസര്‍വ്വ് ബാങ്ക് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുകയും പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

ഫഌറസെന്റ് നീലയായിരിക്കും നോട്ടിന്റെ നിറം. 2005 മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് ഇവ. പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ നോട്ടുകള്‍ ഉപയോഗത്തില്‍ തുടരുമെന്നും റിസര്‍വ്വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പുറത്തിറക്കുന്നത്. 66 എംഎം135എംഎം വലിപ്പത്തിലുള്ള നോട്ടുകളായിരിക്കും ഇവ. മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടിന്റെ നടുഭാഗത്തായിരിക്കും. ഭാരത്, ആര്‍ബിഐ എന്നിവ ആലേഖനം ചെയ്ത സുരക്ഷാ നാടയായിരിക്കും നോട്ടിലുണ്ടാവുക. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് വലതു വശത്തായിരിക്കും ഗവര്‍ണറുടെ ഒപ്പ്. അശോക സ്തംഭവും വലതുവശത്തായിരിക്കും. മുകള്‍ ഭാഗത്ത് ഇടതുവശത്തും താഴ്ഭാഗത്ത് വലതു വശത്തുമായിരിക്കും നോട്ടിന്റെ നമ്പറുകള്‍.

ഏതാനും ദിവസങ്ങളായി റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 50 രൂപ നോട്ടുകളുടേതെന്ന പേരില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചെറിയ തുകയുടെ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ 50 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത്.

chandrika: