X

സുഡാനില്‍ നിന്ന് 561 പേര്‍ ജിദ്ദയിലെത്തി; 192 പേര്‍ ആദ്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്

അഷ്റഫ് വേങ്ങാട്ട്

റിയാദ്: ഓപ്പറേഷന്‍ കാവേരിയില്‍ സുഡാനില്‍ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി 561 പേര്‍ ജിദ്ദയിലെത്തി. ഇവരെ ജിദ്ദയില്‍ നിന്ന് ഇന്ന് തന്നെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കും . ഡല്‍ഹിയിലേക്കുള്ള ആദ്യ വിമാനത്തില്‍ 192 പേരാണ് യാത്രതിരിക്കുക. നേരത്തെ ആദ്യ കപ്പലില്‍ 278 പേരും വ്യോമസേനയുടെ ആദ്യ വിമാനത്തില്‍ 148 പേരും രണ്ടാം വിമാനത്തില്‍ 135 പേരുമാണ് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയത്. പതിനാറ് മലയാളികള്‍ ഉള്‍പ്പടെ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ഇന്നലെ സഊദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് ജിദ്ദ തുറമുഖത്തെത്തിയത്. കപ്പലില്‍ നിന്ന് പുറത്തിറങ്ങിയവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ജിദ്ദ തുറമുഖ മേധാവി മാസിന്‍ ഹമദ് അല്‍ ഹിംലി എന്നിവരും ഇന്ത്യ, സഊദി ഉദ്യോഗസ്ഥ പ്രമുഖരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.

കപ്പലിലും ഇരു വിമാനങ്ങളിലെത്തിയവര്‍ക്കും ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 27 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സുഡാന്‍ സൈന്യത്തിന്റെ ഔദാര്യം പരമാവധി ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. കൂടുതല്‍ കപ്പലുകളിലും വിമാനങ്ങളിലുമായി ഒഴിപ്പിക്കല്‍ തുടരുമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നിര്‍ണ്ണായകമായ സൗകര്യങ്ങള്‍ ഒരുക്കി തന്ന സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാനും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഹൃദ്യമായ നന്ദി രേഖപെടുത്തി.

കപ്പലിലെത്തിയവര്‍ക്കും വിമാനങ്ങളിലെത്തിയവര്‍ക്കും എമിഗ്രെഷന്‍ നാട്ടിലാകുമെന്നതു റിപ്പോര്‍ട്ട്. അടിയന്ത്രഘട്ടമായതിനാല്‍ മതിയായ രേഖകളോ പാസ്‌പോര്‍ട്ടോ ഇല്ലാതെയാണ് പലരും യാത്ര ചെയ്തത്. ഇന്ന് മുതല്‍ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിക്കുക.

രേഖകള്‍ ഇല്ലാത്തവരെല്ലാം സുഡാനിലെ ഇന്ത്യന്‍ എംബസി നല്‍കിയ എമെര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വഴിയാണ് യാത്ര തുടര്‍ന്നത്. പാസ്‌പോര്‍ട്ട് കൈവശമുള്ളവരും സഊദിയില്‍ വിസിറ്റിംഗ് വിസയുള്ളവരുമായ കുടുംബങ്ങളടക്കുള്ളവരുടെ കാര്യത്തില്‍ എന്തെങ്കിലും ആനുകൂല്യങ്ങള്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. കപ്പലില്‍ ജിദ്ദയിലെത്തിയ പതിനാറ് മലയാളികളില്‍ വയനാട് സ്വദേശികളായ ഉമ്മയെയും രണ്ട് മക്കളെയും കൂടെ കൂട്ടാന്‍ ഭര്‍ത്താവ് ദുബായില്‍ നിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവര്‍ ദുബായിലേക്ക് പുറപ്പെടുന്നതിന്റെ ഒരു ദിവസം മുമ്പായിരുന്നു ആഭ്യന്തര യുദ്ധം തുടങ്ങിയത് .ഇക്കാര്യത്തില്‍ കെഎംസിസി നേതാക്കളുടെ സഹായത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു വരികയാണ്.

webdesk11: