X

അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 6.8 ലക്ഷം പേര്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 6.8 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇക്കാലയളവില്‍ 4177 പേര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ പൗരത്വം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഓരോ വര്‍ഷവും പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു.

2017ല്‍ 1,33,049 പേരും, 2018ല്‍ 1,34,561 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2019-1,44,017, 2020-85,248 എന്നിങ്ങനെയാണ് മറ്റു വര്‍ഷങ്ങളിലെ കണക്ക്. 2021 ജനുവരി മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 1.11 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വമുപേക്ഷിച്ച് മറ്റു രാജ്യങ്ങളുടെ പൗരന്മാരായി മാറി. അഞ്ചു വര്‍ഷത്തിനിടെ ആകെ 6,08,162 പേര്‍ ഇന്ത്യ പൗരത്വം ഉപേക്ഷിച്ചു. 10,645 പേരാണ് ഇന്ത്യന്‍ പൗരത്വത്തിനായി 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ അപേക്ഷിച്ചത്. ഇതില്‍ 4177 പേര്‍ക്ക് മാത്രം ഇന്ത്യന്‍ പൗരത്വം അനുവദിച്ചു. 2016ല്‍ 1106 പേര്‍ക്കും, 2017ല്‍ 817 പേര്‍ക്കും പൗരത്വം അനുവദിച്ചു. 2018ല്‍ ഇത് 628 ആയി ചുരുക്കി. 2019ല്‍ 987 പേര്‍ക്കും, 2020ല്‍ 639 പേര്‍ക്കും ഇന്ത്യന്‍ പൗരത്വം അനുവദിച്ചെന്നും രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം, ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും, 2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഇതു വരെ തയാറാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി സഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 10നു പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ തയാറായാല്‍ പൗരത്വത്തിനു അര്‍ഹരായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

web desk 3: