X
    Categories: indiaNews

യുപിയില്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത ബിജെപി നേതാവിനെ ന്യായീകരിച്ച് സ്ഥലം എംഎല്‍എ; യോഗിക്ക് കത്തെഴുതുമെന്നും ബിജെപി അംഗം

ലക്നൗ: ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത ബിജെപി പ്രാദേശിക നേതാവിനെ ന്യായീകരിച്ച് സ്ഥലം എംഎല്‍എയും ബിജെപി നേതാവുമായ സുരേന്ദ്ര സിങ്.

ഒരാളുടെ മരണത്തിന് കാരണമായ വെടിവെപ്പ് നടത്തിയെ തന്റെ അനുയായി കൂടിയായ ബിജെപിയുടെ എക്സ് സര്‍വീസ്മെന്‍ സെല്‍ ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര സിങിനെ പിന്തുണച്ചാണ് യുപി ബിജെപി എംഎല്‍എ രംഗത്തെത്തിയത്. സ്വയം പ്രതിരോധത്തിനായാണ് അയാള്‍ വെടിയുതിര്‍ത്തതെന്നാണ് ബൈര എംഎല്‍എസുരേന്ദ്ര സിങിന്റെ വാദം.

മറ്റൊരു മാര്‍ഗവുമില്ലാതെയാണ് ധീരേന്ദ്ര സിങ് വെടിയുതിര്‍ത്തത്. അല്ലായിരുന്നെങ്കില്‍ വലിയ സംഘര്‍ഷം ഉണ്ടാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്യുമായിരുന്നു. സ്വയം പ്രതിരോധത്തിനായാണ് ധീരേന്ദ്ര സിങ് തോക്കെടുത്തതെന്നും, ബിജെപി എംഎല്‍എ ന്യായീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗിക്കു കത്തെഴുതുമെന്നും എംഎല്‍എ പറഞ്ഞു.

പ്രദേശത്ത് റേഷന്‍കട അനുവദിക്കുന്നതുമായ ബന്ധപ്പെട്ട് ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയാണ് 46കാരനായ ജയപ്രകാശ് എന്നയാളെ ബിജെപി നേതാവ് വെടിവെച്ച് കൊന്നത്. റേഷന്‍ കടകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്ന് യോഗം റദ്ദാക്കുകയാണെന്ന് ആര്‍ഡിഒ പ്രഖ്യാപിച്ചു. എന്നാല്‍ തര്‍ക്കം തുടരുന്നതിനിടെ ധീരേന്ദ്ര സിങ് തോക്കെടുത്ത് ആള്‍ക്കൂട്ടത്തിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്ത പഞ്ചായത്ത് ഭവന് സമീപം നടന്ന യോഗത്തിനിടെ നടന്ന വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതേസമയം, വ്യാഴാഴ്ച നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ട ജയപ്രകാശ് പാലിന്റെ ബന്ധുക്കളുടെ പരാതിയില്‍ ആറ് പേര്‍ അറസ്റ്റിലായി. കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെയാണ് കുടുംബം പരാതി നല്‍കിയത്. അറസ്റ്റിലായവരില്‍ പ്രധാന പ്രതിയുടെ സഹോദരന്ഡ ദേവേന്ദ്ര പ്രതാപ് സിങും ഉള്‍പ്പെടുന്നുണ്ട്. പൊലീസ് എഫ്ഐആറില്‍ 8 പേര്‍ക്കെതിരെയാണ് കേസ് രേഖപ്പെടുത്തിയത്.

വെടിവയ്പ്പ് സംഭവത്തില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ രംഗത്തെത്തി. യോഗി സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയുടെ അടുത്ത ഉദാഹരണമാണിതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

 

chandrika: