crime

17കാരിയെ റോഡിൽ തടഞ്ഞ് യുവാക്കൾ പീഡിപ്പിച്ചു, വീഡിയോ പകർത്തി ഭീഷണി; ടോയ്‌ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യ ശ്രമം

By webdesk14

December 01, 2024

ലക്നൗ: ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് പതിനേഴുകാരി ടോയ്‌ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാഴ്ച മുൻപ് പെൺകുട്ടി റോഡിലൂടെ നടക്കുമ്പോഴാണ് രണ്ട് പുരുഷന്മാർ വഴിയിൽ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിഡിയോ ഇവർ ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ വിഡിയോ ഓൺലൈനിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

വീട്ടിൽ നിന്നും അമ്മയെ കാണാൻ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു പെൺകുട്ടി. റോഡിൽ വെച്ച് പ്രതികളിലൊരാൾ പെൺകുട്ടിയെ തടഞ്ഞ് നിർത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി. ഇയാൾക്കൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. പിന്നീട് പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ബഹളം വെച്ച പെൺകുട്ടിയെ മർദ്ദിക്കുകയും പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

പീഡന വിവരം പുറത്ത് പറഞ്ഞാൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ പുറത്ത് വരുമെന്ന ഭയത്താൽ കഴിഞ്ഞ ദിവസം 17 കാരി ടോയ്‌ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത്  പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി ബറേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തതായും പൊലീസ് അറിയിച്ചു.