X

ഇന്ത്യയില്‍ ഭരണഘടന പ്രതിസന്ധി ഉടലെടുക്കുന്നു, ഉത്തരവാദി ഗവണ്‍മെന്റ് തന്നെ; ഇ.ടി മുഹമ്മദ് ബഷീര്‍

ഇന്ത്യയില്‍ ഭരണഘടന പ്രതിസന്ധി ഉടലെടുക്കുകയാണെന്നും ഇതിന് ഉത്തരവാദി ഗവണ്മെന്റ് തന്നെയാണെന്നും മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹളാദ് ജോഷി വിളിച്ചുകൂട്ടിയ പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കന്മാരുടെ യോഗത്തില്‍ വ്യക്തമാക്കി.

പാര്‍ലിമെന്റിന്റെ പവിത്രത തന്നെ ഗവണ്മെന്റ് തീര്‍ത്തും കളങ്കപ്പെടുത്തിയിരിക്കുകയാണ്. മതേതരത്വവും ജനാധിപത്യവും തീരെ ഇല്ലാതാവുകയാണ്. എക്‌സിക്യൂട്ടീവ് തെറ്റായ പ്രവര്‍ത്തികളുടെ നടത്തിപ്പുകാരായി മാറുന്നു. മാധ്യമസ്വാതന്ത്ര്യവും അഭിപ്രായ പ്രകടന അവകാശവും കനത്ത വെല്ലുവിളികള്‍ നേരിടുന്നു. സമീപ കാലത്ത് വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഏക സിവില്‍കോഡും, പൗരത്വ ഭേദഗതി നിയമവും കൊണ്ടുവരാന്‍ ഗവണ്മെന്റ് വീണ്ടും ശ്രമിക്കുന്നു എന്നതാണ്.

തീകൊള്ളികൊണ്ട് തല ചൊറിയാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള അപരാധമാണിത്. ഇവിടെ നടക്കുന്നത് വിദ്യാഭ്യാസത്തിന്റെ മലിനീകരണമാണ്. പുതിയ തലമുറയുടെ സിരകളില്‍ വിഷം കുത്തിവെക്കുകയാണ് ഇത് മൂലം ചെയ്യുന്നത്. ഹജ്ജിന്റെ കാലം വരികയാണ് ഇന്ത്യയിലെ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ ലക്‌നൗ കഴിഞ്ഞാല്‍ ഏറ്റവും വലുത് കോഴിക്കോട് ആണ്. ഹജ്ജ് യാത്രക്കാരുടെ കഴുത്ത് ഞെരിക്കുന്ന വിമാനക്കൂലിയാണ് കോഴിക്കോട് നിന്നും ഈടാക്കുന്നത്. ഇത് ക്രൂരമായ അനീതിയാണ്. ഇത് തിരുത്താന്‍ ഗവണ്മെന്റ് തയ്യാറാവണം.

ആരാധനാലയങ്ങള്‍ക്കായി തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത് തടയാന്‍ വേണ്ടി ഇന്ത്യന്‍ പാര്‍ലിമെന്റ് നിര്‍മിച്ച 1991ലെ പ്ലേസ് ഓഫ് വാര്‍ഷിപ്പ് ആക്റ്റ് ഇപ്പോള്‍ ഗവണ്മെന്റ് തന്നെ കൂട്ട് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഗവണ്മെന്റ് ബോധപൂര്‍വം സമുദായ സൗഹാര്‍ദ്ധം തകര്‍ക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്നും എംപി വ്യക്തമാക്കി. യോഗത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍, കൊമേഴ്‌സ് & ഇന്‍ഡസ്ട്രിയല്‍ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

webdesk13: