X

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി

ഡോ. ടി. സൈനുല്‍ ആബിദ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യ പ്രവര്‍ത്തക ദയാഭായി നടത്തിവന്ന സമരം അവസാനിപ്പിച്ചതിനു തൊട്ടുപിറകെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ മറ്റൊരു സമരം നടക്കുകയുണ്ടായി. ഇടതുപക്ഷ കോളജധ്യാപക സംഘടന നടത്തിയ ആ സമരം കേരളത്തിലെ കോളേജധ്യാപകരുടെ അവകാശ സംരക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. വര്‍ഷങ്ങളോളം ഇതേ സംഘടനയുടെ ഭാരവാഹിയായിരുന്ന ഒരാളാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നതാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം അങ്ങേയറ്റം പ്രതിസന്ധികളിലകപ്പെട്ട് നില്‍ക്കുന്ന ഘട്ടത്തിലാണ് സമരമെന്നത് ചരിത്രത്തിന്റെ വിധിവൈപരീത്യമാകാം.

കേരള സര്‍വകലാശാലയിലെ രണ്ട് സിന്‍ഡിക്കേറ്റ് മെമ്പര്‍മാരുള്‍പ്പെടെ പതിനഞ്ച് സെനറ്റ് മെമ്പര്‍മാരെ പിന്‍വലിച്ചതും കേരളത്തിലെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോടെല്ലാം രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചതുമെല്ലാം സര്‍ക്കാരുമായി ഇടഞ്ഞ കേരള ഗവര്‍ണറുടെ നടപടിക്രമം എന്നതിനപ്പുറം ഇടതു സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന സ്വജനപക്ഷപാത നിലപാടുകള്‍ക്കുള്ള തിരിച്ചടി കൂടിയാണത്.

കേരളാ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീയുടെ നിയമനം യു.ജി.സിയുടെ ചട്ടപ്രകാരമല്ലെന്നു പറഞ്ഞു സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യം നിലനില്‍ക്കെ, കേരളത്തിലെ മറ്റു എട്ട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരും ഇപ്പോള്‍ അതേ രീതിയില്‍ ക്രമവിരുദ്ധമായി നിയമിക്കപ്പെട്ടവരാണ് എന്നതും അവരുടെയല്ലാം നിയമനവുംകൂടി റദ്ദാക്കപ്പെടാനിടയുണ്ട് എന്നതും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നതാണ്. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായവരെ മാത്രം സര്‍വകലാശാലകളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നതിനായി യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തിയ സംസ്ഥാന സര്‍ക്കാരും നിയമന ഘട്ടങ്ങളില്‍ അതില്‍ പലതിനും കൂട്ടുനിന്ന കേരള ഗവര്‍ണറും ഇപ്പോള്‍ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയാണ്. ഇത് നിയമനിര്‍മാണ രംഗത്ത് വലിയ പ്രതിസന്ധികള്‍ക്ക് വഴിവെക്കുന്നതും ചരിത്രത്തില്‍ ഇതേവരെ ദര്‍ശിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ തള്ളിവിടുന്നതുമാണ്.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി 2021 സെപ്തംബറില്‍ നിയോഗിച്ച ഡോ. ശ്യാം ബി. മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ട് നാല് മാസം പിന്നിട്ടു. റിപ്പോര്‍ട്ടിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഇന്നേവരെ ആരോഗ്യകരമായ ഒരു ചര്‍ച്ചയും കേരളത്തില്‍ നടന്നിട്ടില്ല. അതിലെ ആദ്യ ശുപാര്‍ശ തന്നെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാദേശികമായ അസംതുലിതാവസ്ഥക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അടിയന്തര പരിഹാരം കാണണമെന്നതാണ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ നാല് ജില്ലകളില്‍ ഇതര ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായി കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ കുറവാണെന്നത് കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയവയെ ഉടച്ചുവാര്‍ക്കുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. ചാന്‍സലര്‍ പദവിയില്‍നിന്നും ഗവര്‍ണറെ നീക്കം ചെയ്ത് വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് വെവ്വേറെ ചാന്‍സലര്‍മാരെ നിശ്ചയിക്കുന്ന കാര്യവും റിപ്പോര്‍ട്ട് മുന്നോട്ട്‌വെക്കുന്നു. ശ്യാം ബി. മേനോന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി നിലവിലകപ്പെട്ട വമ്പന്‍ പ്രതിസന്ധിയില്‍നിന്നും എങ്ങനെ തടിയൂരാമെന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ഇപ്പോഴത്തെ ചോദ്യം.

ഉന്നതമായ അക്കാദമിക യോഗ്യതകള്‍ നേടി വര്‍ഷങ്ങളായി കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും താല്‍ക്കാലിക ജോലി മാത്രം ചെയ്തുവരുന്ന എത്രയോ കഴിവുറ്റ യുവതീ യുവാക്കളെ പുറംതള്ളിക്കൊണ്ടാണ് സ്വന്തക്കാരെയും ബന്ധുക്കളെയും മാത്രം സര്‍വകലാശാലകളിലെ ഉയര്‍ന്ന അധ്യാപക തസ്തികകളില്‍ നിയമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി സംസ്ഥാനത്തെ അന്‍പത്തി അഞ്ച് സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പ്രിന്‍സിപ്പല്‍ പദവിക്ക് യോഗ്യതയും സീനിയോറിറ്റിയുമുള്ള സര്‍ക്കാര്‍ കോളജ് അധ്യാപകരുടെ നീണ്ട ലിസ്റ്റ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം ലഭ്യമാണ്. പാര്‍ട്ടി അനുകൂലികള്‍ ആ ലിസ്റ്റില്‍ വളരെ കുറവാണ് എന്നതാണ് അതില്‍ നിന്നും നിയമനം നടത്താന്‍ തടസ്സമായ കാരണം. ഇതേക്കുറിച്ച് അന്വേഷിച്ചാല്‍ അവിടെ മാത്രം ‘യു.ജി.സി ചട്ടങ്ങള്‍’ എന്ന് പറഞ്ഞു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്ലപിള്ളചമയുന്നത് കാണാം.
സര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരായുള്ള തിരിച്ചടികളാണ് ഇപ്പോള്‍ കോടതി വിധികളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ അതി പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ജെ.എന്‍.യു, അലീഗഡ് ഐ. ഐ.ടികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം അനുദിനം ഇടിച്ചു താഴ്ത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ നോമിനിയായ ഗവര്‍ണറാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് വാചാലനാകുന്നത് എന്നതും ഇതിനിടയില്‍ കാണേണ്ടി വരുന്ന മറ്റൊരു വിരോധാഭാസമാണ്.

അക്കാദമിക മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അനീതിയും സ്വജനപക്ഷപാതവും വെളിവാകുമ്പോള്‍ അതില്‍ തീരുമാനങ്ങള്‍ എടുക്കേണ്ട ഗവര്‍ണറുടെ നേരെ പഴിചാരി രക്ഷതേടുക എന്ന തന്ത്രമാണ് ഇടുപക്ഷം സമീപകാലത്ത് സ്വീകരിക്കുന്ന ‘ചെപ്പടിവിദ്യ’. ഗവര്‍ണറുടെ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ സംവരണ തത്വങ്ങള്‍ പാടെ അവഗണിച്ച് യോഗ്യതകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ സര്‍വകലാശാലകളിലെ നിയമനങ്ങള്‍ നടത്തിയവരാണ് യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്. കേരളത്തില്‍ സര്‍ക്കാറുകള്‍ മാറി മാറി വന്നിരുന്ന കാലത്ത് അക്കാദമിക മേഖലയില്‍ ഇത്തരം കൊടും അന്യായങ്ങളും അനീതിയും വന്‍തോതില്‍ നടത്താന്‍ ഇടതു പക്ഷത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ഭരണം ലഭ്യമായതോടെ ധാര്‍ഷ്ട്യവും ധിക്കാരവും ഏകാധിപത്യവും സാമൂഹ്യ നീതിയുടെ നഗ്‌നമായ ലംഘനവും ഏറ്റവും കൂടുതല്‍ നടമാടുന്ന ഇടമായി സര്‍വകലാശാലകളെയും അക്കാദമിക സ്വയംഭരണ സ്ഥാപനങ്ങളെയും ഇവര്‍ മാറ്റിമറിച്ചു. ഇത് കേരളത്തിലെ അക്കാദമിക മേഖലയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് നികത്താനാകാത്ത പ്രതിസന്ധികളാണ്.

web desk 3: