X

ജനാധിപത്യ, മതേതര ഇന്ത്യ പ്രതീക്ഷിക്കുന്നത്-ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വിഭജിച്ചിരുന്ന കാലത്തില്‍ നിന്നുള്ള വിമോചനം മാത്രമായിരുന്നില്ല നവോത്ഥാനം. മറിച്ച് വ്യക്തി സ്വാതന്ത്ര്യത്തിന്റെ മൗലിക ഇടങ്ങളെ ഹനിക്കുന്ന ദുരാചാരങ്ങളെയും സാമൂഹിക അസമത്വങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിച്ച രീതി കൂടിയായിരുന്നു നവോത്ഥാനം. മറ്റു ജീവജാലങ്ങളില്‍നിന്ന് മനുഷ്യന്‍ വിഭിന്നനാണെന്ന് ബോധ്യപ്പെടുത്താന്‍ നടത്തുന്ന നവോത്ഥാന ഇടപെടലുകളെ ഇല്ലാതാക്കികൊണ്ടിരിക്കുന്ന തീവ്ര മനോഭാവങ്ങളാണ് ഇന്നത്തെ ഇന്ത്യയില്‍ അധികരിച്ചുകൊണ്ടിരിക്കുന്നത്. വര്‍ധിച്ചുവരുന്ന വര്‍ഗീയ വിദ്വേഷങ്ങളും പ്രവാചക നിന്ദയും അതിനുദാഹരണം.

ജാതീയ ചിന്തയും വര്‍ഗീയ ബോധവും സാമൂഹിക മണ്ഡലത്തില്‍ സജീവമായിരുന്ന ഇരുണ്ട കാലഘട്ടത്തില്‍നിന്ന് പുരോഗതി പ്രാപിച്ച് നവോത്ഥാനം നേടിയ ഇന്ത്യ മത വെറിയുടെയും ജാതീയ ചിന്തകളുടെയും പേരില്‍ പുറകോട്ടുപോയികൊണ്ടിരിക്കുന്നു. നവോത്ഥാനവും പുരോഗതിയും കൈവരിച്ചുകൊണ്ടേയിരിക്കേണ്ട ഇന്ത്യ നവോത്ഥാനത്തില്‍നിന്ന് മുന്നോട്ടുപോവുകയാണ് വേണ്ടത.് മറിച്ച് നവോത്ഥാനത്തിന്റെ പിന്നാമ്പുറത്തേക്ക് നീങ്ങുകയല്ല. ഇന്ത്യയില്‍ ഇനി അഹിന്ദുക്കളില്ലെന്നും പൗരജനങ്ങളെല്ലാം ഹിന്ദുക്കളാണന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഹിന്ദുത്വ ബ്രാഹ്മണ്യശക്തികള്‍. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ചതുശ്രേണികളില്‍ ഉള്‍പ്പെട്ട ഹിന്ദുക്കളായി അറിയപ്പെടുമെന്നാണ് പരിവാര ശക്തികള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞാനിയായ ഹിന്ദു എന്നീ നാലു വിഭാഗങ്ങളായാണ് ഹിന്ദുവിനെ ഹിന്ദുത്വ രാഷ്ട്രവാദികള്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന് ഉപോല്‍ബലകമായ ഘടകം ഗോള്‍വാള്‍ക്കറുടെ We or Our Na-tionhood Defined എന്ന ഗ്രന്ഥവുമാണ്. ഹിന്ദു വംശത്തിലും മതത്തിലും ഭാഷയിലും സംസ്‌കാരത്തിലും ഉള്‍പ്പെടാത്ത എല്ലാം സ്വാഭാവികമായി ദേശീയ ജീവിതത്തിന്റെ അതിര്‍ത്തിക്ക് പുറത്തായിരിക്കുമെന്നാണ് പ്രസ്താവിക്കുന്നത്.

ഇന്ത്യയില്‍ രൂപംകൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമെല്ലാം മുന്നോട്ടുവെച്ച ആദര്‍ശ സംഹിതകളുടെ അടിത്തറ മാനവസ്‌നേഹവും മതമൈത്രിയുമായിരുന്നു. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവും ഹിന്ദുമത നവീകരണ പ്രസ്ഥാനത്തിന്റെ നായകനുമായ രാജാറാം മോഹന്റോയ് തുഹ്ഫതുല്‍ മുവഹിദീന്‍ (A Gift to the Mono-theists) എന്ന പാഴ്‌സി പുസ്തകത്തില്‍ സര്‍വ ലൗകിക മതാടിത്തറ നിര്‍മിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മതങ്ങള്‍ ധര്‍മത്തിലൂന്നിയ സാമൂഹിക ഇടപെടലുകളുടെയും ആധുനികവത്കരണത്തിന്റെയും ഇടങ്ങളായിരിക്കുമ്പോഴാണ് മതങ്ങള്‍ക്കും സമൂഹത്തിനും നവേത്ഥാനത്തില്‍ നിന്ന് മുന്നോട്ടു കുതിക്കാനാവുക. സാമൂഹികവും സാംസ്‌കാരികവും സാമുദായികവുമായ നവോത്ഥാനങ്ങള്‍ രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനും പുരോഗതിക്കും അനിവാര്യമാണ്. ഇന്ത്യയിലെ മതേതരത്വം പാശ്ചാത്യ രാജ്യങ്ങളിലെ മതേതര കാഴ്ചപ്പാടില്‍നിന്ന് വിഭിന്നമാണ്. പാശ്ചാത്യനാടുകളില്‍ മതേതരത്വം മതനിരാസത്തിന്റേതാണ് (Rejection of Religion) എന്നാല്‍ മതങ്ങളെ ഉള്‍കൊള്ളുന്ന മതേതരത്വമാണ് (Inclusion of Religions) ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നത്. മതങ്ങള്‍ക്കുള്ളിലെ വിവിധ വിശ്വാസ പ്രമാണങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് മതേതരത്വം സമ്പൂര്‍ണമാകുന്നത്. മതേതരത്വം മരിച്ചാല്‍ ഇന്ത്യ മരിച്ചു എന്ന് പറഞ്ഞത് പണ്ഡിറ്റ് നെഹ്‌റുവാണ്. ജനാധിപത്യ ഇന്ത്യയുടെ പ്രാണവായു മതേതരത്വമാണ് അതില്ലാതായാല്‍ ജാതിവെറിയന്‍മാരായ ഫാഷിസ്റ്റുകളുടേതാകും ഇന്ത്യ. വെറുപ്പിന്റേയും മനോവിഭ്രാന്തിയുടെയും മുകളില്‍ സമാധാനപൂര്‍ണവും സമൃദ്ധവുമായ സമൂഹത്തേയും ഫാഷിസ്റ്റുകള്‍ക്ക് കെട്ടിപ്പടുക്കാനാവില്ല. ഇന്ത്യയിലെ മതേതരത്വത്തെയും നവോത്ഥാന കാഴ്ചപ്പാടുകളെയും തകര്‍ത്തുകളയുന്ന ഒന്നാണ് പ്രവാചക നിന്ദ. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള ഹിന്ദുത്വ ആക്രമണത്തിന് രാഷ്ട്രീയവും പ്രത്യയ ശാസ്ത്രപരവുമായ രണ്ട് കാരണങ്ങളാണുള്ളത്. ഭക്ഷണത്തിന്റേയും വസ്ത്രത്തിന്റേയും പാര്‍പ്പിടത്തിന്റെയും പേരില്‍ രാഷ്ട്രീയമായും മതപരമായും വേട്ടയാടി ജയിലിലടച്ചാലും കൊലപ്പെടുത്തിയാലും വീടുകള്‍ തകര്‍ത്താലും ശരി ഇസ്‌ലാമിന്റെ ആദര്‍ശസംഹിതകളെ തകര്‍ക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. ആശയാദര്‍ശങ്ങളെ പക്വമായും ആരോഗ്യകരമായും സംവദിച്ചുകൊണ്ട് പ്രത്യയശാസ്ത്ര മുക്തമാക്കുന്നതിലൂടെ മാത്രമെ മതത്തെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. പ്രത്യയശാസ്ത്ര മുക്തിയിലൂടെ ഇസ്‌ലാമിനെയും ദൈവിക മതത്തേയും ആശയപരമായി പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എ.ഡി 631ല്‍ 60 പേരടങ്ങുന്ന ക്രിസ്തീയ പുരോഹിത സംഘം യമന്‍ അതിര്‍ത്തിപ്രദേശമായ നജ്‌റാനില്‍ നിന്ന് മദീനയിലെ പ്രവാചക സന്നിധിയിലേക്ക് വരുന്നത്. ഇസ്‌ലാമിക ക്രിസ്തീയ ആശയങ്ങള്‍ സംവാദ വിധേയമാക്കുന്നതിനിടയിലാണ് പുരോഹിതരുടെ ആരാധനാ സമയമെത്തിയത്. ആശയപരമായി വിയോജിപ്പുകളുണ്ടായിട്ടും മദീനാ പള്ളിയില്‍ സൗകര്യം ഏര്‍പ്പെടുത്തുകയും അവരുടെ ആരാധനാ കര്‍മ്മങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത പ്രവാചക സമീപനം സഹിഷ്ണുതാപരവും മാനവീകവുമാണ്. മൈക്കിള്‍ ഹാര്‍ട്ടിനെപ്പോലെയുള്ള ലോക പ്രതിഭകള്‍ മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയുംകുറിച്ച് പഠിക്കാന്‍ ഹേതുവായത് ഇതുപോലുള്ള പ്രവാചക ഗുണവിശേഷണങ്ങളായിരുന്നു. നിന്ദ്യതയും അവഹേളനവും അതിക്രമവും നേരിടേണ്ടി വന്ന പ്രവാചകന്‍ മുന്നോട്ടുവെച്ച ആശയാദര്‍ശങ്ങളില്‍നിന്ന് പുറകോട്ടുപോയിരുന്നുവെങ്കില്‍ ലോക ജനസംഖ്യയുടെ 24.7 ശതമാനത്തിലേക്ക് മുസ്‌ലിം സമൂഹം എത്തുമായിരുന്നില്ല.

മനുഷ്യന്റെ പ്രാഥമികമായ ഉള്‍പ്രേരണയാണ് അന്വേഷണാത്മകത അല്ലെങ്കില്‍ അറിയാനുള്ള ജിജ്ഞാസ. എന്തുകൊണ്ടാണ് ലോകത്ത് മുസ്‌ലിംകളോട് ഇത്രത്തോളം വിദ്വേഷം കാണിക്കുന്നത് എന്നതിന്റെ അന്വേഷണ ഫലമാണ് തമിഴ് മോട്ടിവേഷണല്‍ സ്പീക്കറും സാമൂഹിക പ്രവര്‍ത്തകയുമായ ശബരിമല ജയകാന്തന്റെ ഇസ്‌ലാമിക സ്വീകരണം. അതുകൊണ്ടുതന്നെ പ്രവാചകനെ നിന്ദിക്കുന്തോറും പ്രവാചകനെ അറിയാനും പഠിക്കാനുമുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരാവുകയാണ് മുസ്‌ലിം സമൂഹം ചെയ്യേണ്ടത്. അതുതന്നെയാണ് ജനാധിപത്യ മതേതര ഇന്ത്യ പ്രതീക്ഷിക്കുന്നതും. മറിച്ച് അക്രമാസക്തമായ സമരമുറകളിലേക്ക് നീങ്ങുന്നതും ജീവന്‍ ഹനിക്കുന്നതും ഫാസിസ്റ്റ് അജണ്ട ശക്തിപ്പെടുത്താന്‍ മാത്രമെ ഉപകരിക്കൂ. പ്രവാചകന്‍ മുഹമ്മദ് നബി (സ) യെ ആക്ഷേപിച്ചവരും അധിക്ഷേപിച്ചവരും മക്ക വിജയിച്ചടക്കിയ ദിനത്തില്‍ പറഞ്ഞത് ഇന്ന് പ്രതിക്രിയ ദിനമാണെന്നും രക്ത ചൊലിച്ചിലിന്റെ ദിനമാെണന്നുമാണ്. എന്നാല്‍ ഭരണാധികാരിയായ പ്രവാചകന്‍ അവരോട് പറഞ്ഞത് നിങ്ങള്‍ പേടിക്കേണ്ടതില്ലെന്നും നിര്‍ഭയരായിരിക്കാനുമാണ്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചവര്‍ക്കെതിരെ അധികാര രാഷ്ട്രീയ ധ്വംസനങ്ങളൊന്നും പ്രവാചകന്‍ നടത്താതിരുന്നത് കാരുണ്യത്തിന്റെ പ്രവാഹം ആ ഹൃദയത്തിലുള്ളതുകൊണ്ടായിരുന്നു.

ഏതൊരു വ്യക്തിയും സമൂഹത്തില്‍ ഓര്‍ക്കപ്പെടുന്നത് ജീവിത കാലത്ത് ചെയ്തുവെച്ച സല്‍കര്‍മത്തിന്റ പേരിലാണ്. മഹനീയ സ്വഭാവ മഹിമയും സല്‍ഗുണ സമ്പന്നതയും പ്രവാചക വ്യക്തി പ്രഭാവത്തിന്റെ അടയാളമായതു കൊണ്ടാണ് രണ്ടു ബില്യണ്‍ ലോക മുസ്‌ലിംകളുടെ ജനഹൃദയങ്ങളില്‍ പ്രവാചകന്‍ (സ) ജീവിക്കുന്നത്. ദൈവദൂതനും സന്മാര്‍ഗദര്‍ശിയുമായ പ്രവാചകനെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അറബ് രാജ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതും വേദനിപ്പിക്കുന്നതുമായിരുന്നു ബി.ജെ.പി ഔദ്യോഗിക വക്താക്കളുടെ പ്രവാചക അവഹേളനം. വെറുപ്പും അവഹേളനങ്ങളും സൃഷ്ടിക്കുന്നതിലൂടെ രാജ്യാതിര്‍ത്തിക്കപ്പുറം ഇന്ത്യ വെറുപ്പിന്റേയും വിദ്വേഷത്തിന്റെയും മൊത്ത കച്ചവടക്കാരായി മാറികൊണ്ടിരിക്കുകയാണ്. നിന്ദയും അവഹേളനവും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും അത് ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വീകാര്യത തകര്‍ക്കാനിടവരുത്തുകയും ചെയ്യും. ഇന്ത്യാ രാജ്യത്തിന്റെ പൊതുബോധത്തില്‍പ്പെട്ടതാണ് പ്രവാചക സ്‌നേഹം. ആ പൊതുബോധത്തിന് മങ്ങലേല്‍ക്കാതിരിക്കാനും സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കാനുമായിരിക്കണം ഭരണകൂടം തയ്യാറാവേണ്ടത്.

Chandrika Web: