X

പെരും നുണകളില്‍ നിര്‍മിച്ച കേരള സ്റ്റോറി

റസാഖ് ആദൃശ്ശേരി

‘കേരള സ്റ്റോറി’യെന്ന സിനിമയുടെ ടീസറില്‍ ഹിന്ദി സിനിമാതാരം അദാ ശര്‍മ്മ പര്‍ദ്ദയും നിഖാബും ധരിച്ച് പ്രത്യക്ഷ്യപ്പെട്ടു പറയുന്നത് ‘തനിക്ക് ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ ഒരു തീവ്രവാദിയാണെന്നും അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ ആണെന്നുമാണ്. കേരളത്തില്‍നിന്നും 32,000 ത്തോളം യുവതികളെ മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ത്തെന്നു അവകാശപ്പെടുന്ന സിനിമയുടെ ആദ്യ ടീസര്‍ ഏഴ് മാസങ്ങള്‍ക്ക്മുമ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത്‌വിട്ടിരുന്നു. കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ കേരളത്തിലെ ലൗ ജിഹാദിനെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ഒരു ഭാഗമായിരുന്നു ആദ്യ ടീസറില്‍ ഉണ്ടായിരുന്നത്. ആ വീഡിയോയിലുള്ള സബ്‌ടൈറ്റിലില്‍ അര്‍ധരാത്രി ആയിട്ടും നിങ്ങളുടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തായിരിക്കും അനുഭവപ്പെടുക എന്നു ചോദിക്കുന്നതോടൊപ്പം കേരളത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി നിരവധി പെണ്‍കുട്ടികളെ കാണാതാവുകയും അവര്‍ പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ലെന്നുമാണ് പറയുന്നത്.

‘കേരളത്തിലെ മനോഹരമായ കായലുകള്‍ക്ക് പിന്നില്‍, കാണാതായ 32,000 സ്ത്രീകളുടെ ഭീകരകഥയുണ്ട്. ഭീതിജനകവും ഹൃദയഭേദകവുമായ സമൂഹത്തിന്റെ ഇരുണ്ട ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ‘ദി കേരള സ്റ്റോറി’ വെളിപ്പെടുത്തുന്നു’. എന്നാണ് ടീസറിന്റെ താഴെ കൊടുത്തിരിക്കുന്നത്. സുദീപ് തോ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിപുല്‍ അമൃത് ലാല്‍ഷായാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഈ സിനിമ അവതരണത്തിലൂടെ മുസ്‌ലിംകളോടുള്ള വെറുപ്പും വിദ്വേഷവും വര്‍ധിപ്പിക്കുകയും ഒപ്പം കേരളത്തെ ഇകഴ്ത്തി കാണിക്കുകയുമാണ് ലക്ഷ്യംവെച്ചിട്ടുള്ളത്.

കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ 2010 ജൂലൈ 24 ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിനു തെളിവായി സിനിമയുടെ പിന്നണിയിലുള്ളവര്‍ ചൂണ്ടി കാണിക്കുന്നത്. കേരളത്തെ മുസ്‌ലിം രാജ്യമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും 20 വര്‍ഷംകൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കുമെന്നാണ് അന്ന് വി.എസ് പറഞ്ഞത്. ‘ഒരു നുണയുടെ വലുപ്പമാണതിന്റെ വിശ്വാസം’ എന്നു പറഞ്ഞത് അഡോള്‍ഫ് ഹിറ്റ്‌ലറാണ്. ഈ വാക്കുകളെ അനര്‍ത്ഥമാക്കുംവിധം വി.എസിന്റെ വലിയ ‘നുണ’ സമൂഹത്തില്‍ വന്‍ പ്രതികരണങ്ങളുണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ചു ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘ്പരിവാറും ബി.ജെ.പിയും വലിയ വിവാദങ്ങളുയര്‍ത്തുകയും മുസ്‌ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലാക്കുകയും ചെയ്തു. തുടര്‍ന്നു മുസ്‌ലിം യുവാക്കള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ വിവിധ സ്ഥലങ്ങളിലുണ്ടായി. പലയിടത്തും പൊലീസ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു അവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ബി. ജെ.പി യു.പിയിലും ഗുജറാത്തിലുമൊക്കെ വ്യാപകമായി ‘വി.എസ് വര്‍ത്തമാനം’ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുകയും ചെയ്തു.

പലപ്പോഴും സി.പി.എം നേതാക്കളുടെ ഈ നിലപാട് കേരളത്തില്‍ ഇരുപത്തേഴ് ശതമാനത്തോളം വരുന്ന മുസ്‌ലിം സമൂഹത്തെ ബി.ജെ.പി ആഗ്രഹിച്ച ദ്വന്ദ്വത്തിലേക്ക് കൂട്ടിയിണക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളു. ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ക്ക് കരുത്ത്പകരാന്‍ ശ്രമിക്കേണ്ടതിനുപകരം, സി.പി.എം മുസ്‌ലിംകളെ ഫാസിസ്റ്റുകള്‍ക്ക് എറിഞ്ഞുകൊടുക്കാനും ജാതി ഹിന്ദുത്വ ധ്രുവീകരണത്തിന്റെ അരികുപറ്റി താല്‍ക്കാലിക നേട്ടം കൊയ്യാനുമാണ് ശ്രമിക്കാറുള്ളത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള ഈ നുണ പറച്ചിലുകള്‍ സംഘ്പരിവാര്‍ കാഴ്ചപ്പാടുള്ളവര്‍ സിനിമകളും നോവലുകളും ആക്കുന്നുവെന്നേയുള്ളു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍ മുസ്‌ലിംകളെകുറിച്ച് തെറ്റിദ്ധാരണാപരമായ പരാമര്‍ശങ്ങള്‍ നടത്തി, വീണ്ടും കുളം കലക്കി മീന്‍ പിടിക്കാന്‍ കേരള സ്റ്റോറിയിലൂടെ സംഘ്പരിവാര്‍ ശ്രമിക്കുമ്പോള്‍ വി.എസിന്റെയും സി.പി.എമ്മിന്റെയും വ്യാജ പ്രചാരണങ്ങള്‍ അവര്‍ക്ക് മുതല്‍കൂട്ടായി മാറുന്നു. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയും ബി.ജെ.പിയും ഭായി ഭായി കളിക്കുമ്പോള്‍ അതിനു സമൂഹം കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചു സി.പി.എം ഒരിക്കലും ചിന്തിക്കുന്നേയില്ല എന്നതാണ് ഖേദകരം.

മുസ്‌ലിംകളെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കി ചിത്രീകരിക്കുന്നതില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് അനല്‍പമായ പങ്കുണ്ട്. എല്ലാ ഭാഷകളിലും ഇത്തരം സിനിമകള്‍ നിര്‍മിക്കപ്പെടുന്നുണ്ടെങ്കിലും ബോളിവുഡ് സിനിമകളാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിക്കപ്പെടുന്നു. അപ്പോള്‍ അതിന്റെ കാഴ്ചക്കാരും കൂടുതലായിരിക്കും. സമൂഹത്തില്‍ സിനിമകള്‍ സൃഷ്ടിക്കുന്ന സ്വാധീനം ചെറുതല്ല. തീവ്രവാദം പോലെയുള്ള വിവാദാത്മകമായ വിഷയങ്ങളെ പ്രശ്‌നവത്കരിക്കുന്നതില്‍ ബോളിവുഡ് സിനിമകള്‍ ഏറെ മുന്നിലാണ്. അപ്പോള്‍ അത് പ്രേക്ഷകരിലുണ്ടാക്കുന്ന മനോഭാവം എത്ര വലുതായിരിക്കും? ഇസ്‌ലാം വിരുദ്ധത പ്രമേയമാക്കിയ ബോളിവുഡ് സിനിമകളും മറ്റു ഭാഷാ ചിത്രങ്ങളും നിര്‍മിക്കുന്നതിലൂടെ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക നേട്ടത്തിനുപുറമെ മറ്റു പല ലക്ഷ്യങ്ങളുമുണ്ട്.

ബി.ജെ.പി സര്‍ക്കാരുകളുടെ രാഷ്ട്രീയ അജണ്ടകളും നയങ്ങളും ബോളിവുഡിന്റെ സമീപനങ്ങളെ ആവേശിച്ചിരിക്കുന്നുവെന്നതിന് ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ‘ദി കശ്മീര്‍ ഫയല്‍സ്’ ഉദാഹരണം. കശ്മീരില്‍ മുസ്‌ലിം തീവ്രവാദികള്‍ 4000 ത്തോളം കശ്മീരി പണ്ഡിറ്റുകളെ കൊല ചെയ്തുവെന്ന പെരുംനുണയാണ് സിനിമ പറയുന്നത്. സംഘ്പരിവാര്‍ ആശയമായ ‘വെറുപ്പ്’ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നിര്‍മിക്കുന്ന ഇത്തരം സിനിമകള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും സഹായവും ലഭിക്കുന്നു. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പ്രശംസിക്കുകയും ടിക്കറ്റുകള്‍ക്ക് നികുതിയിളവ് നല്‍കുകയും ചെയ്തു. മുസ്‌ലിം ഐഡന്റിറ്റിയും തീവ്രവാദവും തമ്മില്‍ പ്രതീകാത്മക ബന്ധമുണ്ടെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതിലൂടെയെല്ലാം നടത്തുന്നത്. അതിന് സംഘ്പരിവാര്‍ സര്‍വ പ്രോല്‍സാഹനവും നല്‍കുകയും ചെയ്യുന്നു.

താടിയെന്നത് തീവ്രവാദിയുടെ രൂപമാണെന്ന നരേഷനാണിപ്പോള്‍ സിനിമകളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക സിംബലുകളെല്ലാം ഭീകരവാദ രൂപമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. താടിയും തൊപ്പിയും വെച്ച വില്ലന്‍, കൈയില്‍ തസ്ബീഹ് മാല. അയാള്‍ക്ക് ചുറ്റും ഷല്‍വാര്‍ ഖമീസും ഷാളും ധരിച്ച തോക്കുധാരികള്‍. അവര്‍ ഇന്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. എത്രയോ സിനിമകളിലെ പതിവുകാഴ്ചകളാണിതൊക്കെ. താടിവെച്ച ആളുകളെ കാണേണ്ട താമസം കുട്ടികള്‍ പോലും ‘ഭീകരവാദി’കളെന്നു വിളിക്കുന്ന അവസ്ഥയുണ്ടാക്കിയതും പൊതുമണ്ഡലത്തില്‍ മുസ്‌ലിംകള്‍ ദേശവിരുദ്ധരാണെന്ന മനോഭാവം ഉണ്ടാക്കിയെടുത്തതും ഇത്തരം സിനിമകളാണ്. അങ്ങനെ സംഘ്പരിവാറിന്റെ ലക്ഷ്യം എളുപ്പത്തില്‍ പൂവണിയുന്നു.

മുസ്‌ലിം ഐഡന്റിറ്റിയെ പ്രതിലോമ ചിഹ്നങ്ങളായി ചിത്രീകരിക്കുന്നതിലൂടെ മനസ്സിലാവുന്നത്, ഇസ്‌ലാമിന്റെ ചേതോഹരമായ ജീവിത സൗന്ദര്യത്തെ കുറിച്ചു അവരില്‍ ഭൂരിഭാഗവും അജ്ഞരാണ് എന്നുള്ളതാണ്. അല്ലെങ്കില്‍ മുസ്‌ലിം വിരുദ്ധത കുത്തിനിറച്ചാല്‍ തങ്ങളുടെ ഫിലിം ദിവസങ്ങളോളം തിയേറ്ററുകളില്‍ ഓടുമെന്നും അങ്ങനെ ലാഭമുണ്ടാക്കാമെന്നുമുള്ള ചിന്ത അവരെ നയിക്കുന്നുണ്ടാവാം. ഇസ്‌ലാം സൃഷ്ടിക്കുന്ന മൂല്യവത്തായ ഒരു സംസ്‌കാരത്തിന്റെ വളര്‍ച്ചയോടെ തങ്ങളുടെ ലാഭക്കൊതിയില്‍ അധിഷ്ഠിതമായ ചീഞ്ഞളിഞ്ഞ സംസ്‌കാരത്തിനു അന്ത്യമാവും എന്ന ഭയവും അവരെ അലട്ടുന്നുണ്ടാവാം.

ലോകത്തിനുമുമ്പില്‍ ഇസ്‌ലാമിനെ വികൃതമാക്കി കാണിക്കാന്‍ ഇസ്‌ലാം വിരുദ്ധ ശക്തികള്‍ പല ഗൂഢാലോചനകളും നടത്തിവരുന്നുണ്ട്. സാമ്രാജ്യത്ത ശക്തികള്‍ തന്നെയാണ് പണവും ആയുധവും കൊടുത്ത് ഭീകരവാദ സംഘടനകളെ വളര്‍ത്തിയെടുക്കുന്നത്. ഐ.എസ്.ഐ.എസ് ഉദാഹരണം. ഇസ്‌ലാമിനു നിരക്കാത്ത എന്തെല്ലാം ക്രൂരതകളാണ് ഈ സംഘടന ചെയ്തിരുന്നത്. ഇതിന്റെ തലവന്‍ ഒരു ജൂതനായിരുന്നുവെന്നാണ് പറയപ്പെട്ടിരുന്നത്. ഇത്തരം തീവ്രവാദ സംഘടനകളുമായി മുസ്‌ലിംകള്‍ക്ക് ഒരു ബന്ധമില്ലെന്നും തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിനു അന്യമാണെന്നും സംശയത്തിനിടയില്ലാത്തവിധം പരിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും വെച്ചു ഇസ്‌ലാമിക പണ്ഡിതന്മാര്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും കേരളത്തില്‍നിന്നും 32,000 ത്തോളം യുവതികളെ മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ത്തുവെന്നു ഒരു സിനിമ പറയുമ്പോള്‍ അത് കേരള സംസ്ഥാനത്തെ ഇകഴ്ത്തികെട്ടാനുള്ള ശ്രമം തന്നെയാണ്. ഇതിനെതിരെ ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുകയല്ല വേണ്ടത്, സിനിമക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.

 

web desk 3: