X

കാർഷിക നിയമങ്ങൾ തിരിച്ച് കൊണ്ടുവരാനുള്ള നീക്കം; ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിക്കാൻ കർഷക സംഘടനകൾ

കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് കര്‍ഷക സമരത്തെ തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരിച്ച് കൊണ്ടുവരാനുള്ള നീക്കമാണെന്നും അതിനെതിരെ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിക്കുമെന്നും പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച.

കര്‍ഷക സമരത്തെത്തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങളും, കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണവും പിന്‍വാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും കിസാന്‍ യൂണിയന്‍ ആരോപിച്ചു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലുള്ള വിളവെടുപ്പിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ, പൊതു നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നേരത്തെ റദ്ദാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് കര്‍ഷക സംഘടങ്ങള്‍ വിലയിരുത്തുന്നു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ തുടര്‍ച്ചയായ പത്താമത്തെ കര്‍ഷക വിരുദ്ധ ബജറ്റ് എന്ന് അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) വിമര്‍ശിച്ചു. ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും, കാര്‍ഷിക മേഖലയ്ക്കും 2024-25 ലെ ബജറ്റ് കാര്യമായ ഒന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു.

ബജറ്റിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ഫെബ്രുവരി 16 ന് ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’ ആയി ആചരിക്കാന്‍ എല്ലാ യൂണിറ്റുകളോടും കര്‍ഷക സംഘടന ആഹ്വാനം ചെയ്തു.’പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ 2024-25 ലെ ഇടക്കാല ബജറ്റിനെ നൂതനവും എല്ലാവരെയും ഉള്‍കൊള്ളുന്ന ബജറ്റുമാണെന്നാണ് വിശേഷിപ്പിക്കുന്നത്.

എന്നാല്‍ അവര്‍ ഒരു വ്യാജമായ നരേറ്റിവ് സൃഷ്ടിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഏറ്റവും കുറവ് തുക ചെലവഴിച്ചത് 2023-24, 2024-25 എന്നീ വര്‍ഷങ്ങളിലെ ബജറ്റുകളിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായിട്ട് പോലും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും കാര്‍ഷിക മേഖലയ്ക്കും ഉപകാരപ്രദമായ ഒന്നും ഈ ബജറ്റില്‍ വാഗ്ദാനം ചെയ്തിട്ടില്ല. തുടര്‍ച്ചയായ പത്താമത്തെ കര്‍ഷക വിരുദ്ധ, ജനവിരുദ്ധ ബജറ്റാണിത്,’കിസാന്‍ യൂണിയന്‍ പറഞ്ഞു.

2022-23 നെ അപേക്ഷിച്ച് 2024-25 ബജറ്റില്‍ കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള 81 ആയിരം കോടി രൂപയുടെ വിഹിതം വെട്ടിക്കുറച്ചതായി എ.ഐ.കെ.എസ് ആരോപിച്ചു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഗ്രാമീണ വികസനം, എം.ജി.എന്‍.ആര്‍.ഇ.ജി.എ, ഗ്രാമീണ തൊഴില്‍, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന, സഹകരണം, ഭക്ഷ്യ സംഭരണം, തോട്ടങ്ങള്‍, വിളപരിപാലനം, വെള്ളപ്പൊക്കം, ഡ്രെയിനേജ്, ഭൂപരിഷ്‌കരണം, വളം സബ്സിഡി, ഭക്ഷ്യ സബ്സിഡി, ക്ഷീര വികസനം, മണ്ണ്-ജല സംരക്ഷണം, ജലസേചനം, പോഷകാഹാരം, ഗ്രാമീണ റോഡുകള്‍, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം. എന്നിവക്ക് അര്‍ഹമായ വിഹിതത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.

 

webdesk13: