X

ഗുജറാത്ത് കലാപത്തിന്റെ പുനര്‍വായന

ഫാഹിം ചളിങ്ങാട്

വിശദമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവില്‍ തയ്യാറാക്കിയതെന്ന് ബി.ബി.സി അവകാശപ്പെടുന്ന ഡോക്യുമെന്ററി പുറത്തുവന്നതോടെ വിശ്വ ഗുരു ചമയാനൊരുങ്ങുന്ന നരേന്ദ്രമോദിയുടെ പ്രതിച്ഛായക്കാണ് മങ്ങലേറ്റത്. ഗുജറാത്ത് കലാപം വളരെ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നും പൊലീസും മറ്റു അധികാര കേന്ദ്രങ്ങളും അതിനായി സഹായ സഹകരണങ്ങള്‍ ചെയ്തു എന്നുമാണ് ഡോക്യുമെന്ററി പറഞ്ഞുവെക്കുന്നത്. തീര്‍ത്തും സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട ഡോക്യുമെന്ററി നരേന്ദ്രമോദി സര്‍ക്കാറിന് പുതിയ തലവേദനയായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കലാപത്തില്‍ നേരിട്ട് ഉത്തരവാദിയാണെന്നാണ് ബ്രിട്ടനിലെ മുന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക്‌സ്‌ട്രോ പറയുന്നത്. ഇത് തന്നെയാണ് ഡോക്യുമെന്ററിയിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത.

ഗുജറാത്ത് കലാപം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത് ആശങ്കയോടെ നോക്കിക്കാണുന്ന ബി.ജെ.പി ഭരണകൂടം ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ഐ.ടി നിയമങ്ങളുടെ പഴുതില്‍ നീക്കം ചെയ്യുകയാണ്. ഐ.ടി മന്ത്രാലയം യൂട്യൂബും ട്വിറ്ററും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളോട് ഡോക്യുമെന്ററിയുടെ ചെറു ക്ലിപ്പുകളും ലിങ്കുകളും ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന് തരത്തിലേക്കുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോയതോടെ ഇന്ത്യയുടെ ക്യാമ്പസുകളും യൂണിവേഴ്‌സിറ്റി തലങ്ങളും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനായി രംഗത്ത് വരികയുണ്ടായി.

വിദ്യാര്‍ത്ഥി യുവജന സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഡോക്യുമെന്ററിയെ വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങി. ജെ. എന്‍.യുവില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു എന്നറിഞ്ഞ യൂണിവേഴ്‌സിറ്റി അധികൃതര്‍ വൈദ്യുതിയും വൈഫൈ സംവിധാനവും വിച്ഛേദിച്ചതോടെ പ്രതിഷേധവുമായി തെരുവിലിരുന്ന് ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഡോക്യുമെന്ററി കാണുന്ന വിദ്യാര്‍ത്ഥികളെ ഇന്ത്യ കണ്ടു. ജാമിഅ മില്ലിയയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയും കഴിഞ്ഞു രാജ്യത്തിലെ പല യൂണിവേഴ്‌സിറ്റികളിലും ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി.

ഡോക്യുമെന്ററി ചൂട്പിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉദ്യോഗസ്ഥരും എല്ലാം സംഭവത്തെ ന്യായീകരിച്ചും നരേന്ദ്രമോദി അടക്കമുള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും രംഗത്ത് വന്നു. ബി.ജെ.പി സര്‍ക്കാരിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നിര്‍മിക്കപ്പെട്ട ഡോക്യുമെന്ററി ആണിതെന്നും കൃത്യമായ രാഷ്ട്രീയ അജണ്ടകള്‍ ഇതിനു പിന്നിലുണ്ടെന്നുമാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞത്.

ബി.ബി.സിയുടെ കൊളോണിയല്‍ മനോഭാവത്തില്‍നിന്ന് ഉടലെടുത്തതാണ് ഇതെന്നും കൊളോണിയല്‍ ശക്തികള്‍ ഇന്ത്യ മഹാരാജ്യത്ത് കാണിച്ചുകൂട്ടിയ മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പുറത്തുകൊണ്ടുവരുമോ എന്നുമാണ് ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നത്. അതിനുമപ്പുറം രാജ്യത്തിന്റെ രീതിയായ വ്യവസ്ഥ നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി ക്ലീന്‍ചീറ്റ് നല്‍കിയതിനുശേഷം ഇത്തരത്തിലുള്ള ഡോക്യുമെന്ററി പുറത്തുവരുന്നതോടെ ജുഡീഷ്യല്‍ സംവിധാനത്തിന് ആധികാരികതയും ചോദ്യം ചെയ്യപ്പെടുകയാണ്.

ഗുജറാത്തിന്റെ പ്രാന്ത ഭാഗങ്ങള്‍ വര്‍ഗീയ സംഘട്ടനങ്ങള്‍കൊണ്ട് മുഖരിതമായി 2000 ത്തിലധികം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും മറ്റു ഭീമമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്ത ഗുജറാത്ത് കലാപം ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കലാപമായിരുന്നു. മതപരമായ ചേരിതിരിവ് മൂലം ഉടലെടുത്ത സംഘട്ടനങ്ങളുടെ സംഭവവികാസങ്ങള്‍ മതേതര വിശ്വാസിക്കും അവിസ്മരിക്കാന്‍ ആവില്ല.

ഗുജറാത്ത് ഇരകളുടെ നീതിക്കായി Citizens for Ju-stice and Peace എന്ന സംഘടന രൂപീകരിച്ച് രംഗത്ത്‌വന്ന വിഖ്യാത മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദും കലാപം നടക്കുമ്പോള്‍ ഗുജറാത്തിലെ സായുധ പൊലീസ് സേനയുടെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി ആര്‍.ബി ശ്രീകുമാറുമെല്ലാം ഗുജറാത്ത് കലാപത്തിലെ അധികാര വര്‍ഗത്തിന്റെ പങ്ക് തുറന്നുകാട്ടിയതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്.

ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോദി തങ്ങളോട് കലാപാഹ്വാനം നടത്തിയിരുന്നു എന്ന് തുറന്നുപറഞ്ഞ ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഇപ്പോഴും ജയിലിന്റെ അഴിയെണ്ണി ജീവിക്കുകയാണ്. കലാപകാരികളാല്‍ കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ട ബല്‍ക്കീസ് ബാനുവിന്റെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യത്തിന്റെ ആഘോഷ പുലരിയെ വരവേറ്റപ്പോഴായിരുന്നു.

ഗുല്‍ബര്‍ഗ് ഹൗസിംഗ് കോളനിയില്‍ കലാപകാരികളില്‍നിന്ന് അഭയം തേടിയിരുന്ന ഇഹ്‌സാന്‍ ജാഫ്രിയും കൂടെയുണ്ടായിരുന്ന 69പേരും അഗ്‌നിക്കിരയാക്കി കൊലചെയ്യപ്പെട്ടപ്പോള്‍, മുന്‍ എം.പി എന്ന പരിഗണനയും നല്‍കാതെ കൊല്ലപ്പെട്ടതിന് ഒമ്പതു മണിക്കൂര്‍ ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. അവരുടെ നീതിക്കായി ഭാര്യ സാക്കിയ ജാഫ്രി ഇന്നും രാജ്യത്തിന്റെ നീതിപീഠത്തിനു മുമ്പില്‍ ശക്തമായി നിലകൊള്ളുകയാണ്.

കലാപം നടന്ന 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബി.ബി.സി പുറത്തുവിടുന്ന ഡോക്യുമെന്ററി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരുപക്ഷേ വലിയ തലവേദന സൃഷ്ടിക്കാനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബി.ജെ.പിക്കെതിരെ ഉപയോഗിക്കാനുള്ള വലിയ ആയുധം ആകാനോ ഉള്ള എല്ലാവിധ സാധ്യതയും കല്‍പ്പിക്കപ്പെടുന്നുണ്ട്. സത്യങ്ങള്‍ പുറത്തുവരുന്നത് അത്യധികം ഭയക്കുന്ന സംഘ്പരിവാര്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടക്ക് കത്തിവെക്കുന്ന രീതിയിലുള്ള ഹീനമായ പ്രവണതകളാണ് രാജ്യത്ത് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

webdesk13: