X

ഒരു റിസോര്‍ട്ടും കുറേ മാധ്യമങ്ങളും – എഡിറ്റോറിയല്‍

രാജ്യത്ത് സി.പി.എം എന്ന പാര്‍ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. അതിനാല്‍തന്നെ അധികാരത്തിന്റെ അഹന്തയെല്ലാം ആ പാര്‍ട്ടിയുടെ നേതാക്കള്‍ കാണിക്കാറുള്ളതും ഇവിടെ തന്നെ. നേരത്തെ പാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന ത്രിപുരയില്‍ കേരളത്തില്‍ തൊട്ടുകൂടാന്‍ പറ്റാത്ത കോണ്‍ഗ്രസ് വേണം ഒരു സീറ്റെങ്കിലും കിട്ടാന്‍. രണ്ടര പതിറ്റാണ്ടിലേറെ അടക്കിഭരിച്ച ബംഗാളില്‍ ഉപ്പുവെച്ച കലം പോലെയാണ് അവസ്ഥ. അതിനാല്‍ കേരളമെന്ന ഇട്ടാവട്ടത്ത് അര്‍മാദിച്ച് ജനത്തെ പരമാവധി ദ്രോഹിച്ച് നടക്കുന്ന പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് ഏവര്‍ക്കും അറിയാം.

എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ വലിയ പ്രശ്‌നം ജയരാജ പോരാണ്. ഇരു ജയരാജന്മാര്‍ തമ്മിലുള്ള ചക്കളത്തി പോരില്‍ പാര്‍ട്ടി തന്നെ അമ്പരന്ന് നില്‍ക്കുകയാണ്. പക്ഷേ പതിവ് പോലെ പാര്‍ട്ടി പ്രതിരോധത്തിലായതോടെ പഴിയത്രയും മാധ്യമങ്ങള്‍ക്കാണ്. അവരാണല്ലോ ഇതെല്ലാം വലിച്ച് പുറത്തിടുന്നത്. കട്ടന്‍ ചായയും ദിനേശ് ബീഡിയും പരിപ്പ് വടയുമായി നടന്നാല്‍ പാര്‍ട്ടി വളരില്ലെന്ന് പണ്ട് വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞിരുന്ന ജയരാജ സഖാവിന്റെ ബന്ധുക്കള്‍ ആയുര്‍വേദ റിസോര്‍ട്ട് തുടങ്ങിയതാണിപ്പോള്‍ സ്വന്തമായി പി.ജെ ആര്‍മിയൊക്കെയുള്ള അടുത്ത ജയരാജന്റെ പ്രശ്‌നം.

റിസോര്‍ട്ട് ഇടപാടിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പ്രധാന ആരോപണം. ആരോപണമുന്നയിച്ചയാള്‍ക്കും ആരോപണ വിധേയനുമെതിരെ ഒരു പോലെ അന്വേഷണം നടത്തി സംഗതി ഒതുക്കാമെന്നായിരുന്നു സി.പി.എം കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഇതും കുത്തിപ്പൊക്കി രംഗത്തുവന്നതോടെ സംഗതി ആകെ പിടിവിട്ടു. കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങളെ വെച്ചൊരു സമിതി പേരിനൊരു അന്വേഷണം ഒടുവില്‍ ഒരു കൈ കൊടുക്കല്‍ ഇതൊക്കെയായിരുന്നു ആസൂത്രണമെങ്കിലും മാധ്യമങ്ങള്‍ നാറ്റക്കേസാക്കിയതോടെ പിന്നെ പഴുതടക്കല്‍ വിദ്യ തന്നെ ശരണം.

എല്ലാം മാധ്യമ സൃഷ്ടിയെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയതോടെ അണികള്‍ ഹാപ്പി. തിരുവായ്ക്ക് എതിര്‍വായില്ലാത്തതിനാല്‍ കുറ്റം മാധ്യമങ്ങള്‍ക്ക് തന്നെ. വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്നാണ് ഇ.പിയുടെ പരാതി. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് പി.ജെയും ഇരു നേതാക്കളും തമ്മില്‍ രൂക്ഷ വാഗ്വാദങ്ങള്‍ നടന്നതോടെ അന്വേഷണ പ്രഹസനമായിരുന്നു വഴി. കണ്ണൂരിലെ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ഇ.പി.ജെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു പി.ജെയുടെ അരോപണം. ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ.പി.ജെ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. പിന്നീട് പി.ജെ ആര്‍മി ഇക്കാര്യത്തില്‍ പിന്നോട്ടുപോവുകയും ചെയ്തിരുന്നു.

രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പരാതി എഴുതി നല്‍കിയിരുന്നില്ല. വേട്ടയാടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പൊതു പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇ.പിയുടെ മുന്നറിയിപ്പ്. വ്യക്തിഹത്യ നടത്തി രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമമെന്നും റിസോര്‍ട്ടിന്റെ നിര്‍മാണ സമയത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെക്ക് കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും പിന്നീട് ആരോപണം ഉന്നയിച്ചതില്‍ സംശയമുണ്ടെന്നുമാണ് ഇ.പി.ജെയുടെ പരാതി.

ആരോപണത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പി.ജെ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും മുഖാമുഖം ആരോപണങ്ങളുമായി ഏറ്റുമുട്ടിയതോടെ കൊംപ്രമൈസ് പൊളിഞ്ഞു. ഇതോടെ നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനും വിഷയം തല്‍ക്കാലത്തേക്കെങ്കിലും മൂടിവെക്കാനുമാണ് അന്വേഷണം പ്രഖ്യാപിച്ചത്. പക്ഷേ കേരളത്തിലെ പെറ്റി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ എല്ലാം തകര്‍ത്തു. പിന്നെ വഴി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിക്കുക തന്നെ.

കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും തറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. വിവാദത്തില്‍ മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കാനാണ് സി.പി.എം തീരുമാനം. പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വടക്കുനിന്നും യാത്ര തുടങ്ങാനിരിക്കെ ഇജ്ജാതി വിവാദങ്ങള്‍ യാത്ര തന്നെ മുടക്കുമെന്ന് സെക്രട്ടറിക്കുമറിയാം. പാര്‍ട്ടി സെക്രട്ടറി നിഷേധിച്ച സ്ഥിതിക്ക് ഇ.പിയും നിഷേധക്കുറിപ്പിട്ടു. എല്ലാം സി.പി.എം വിരോധം വഴി വരുന്ന വാര്‍ത്തകള്‍. അങ്ങനെ വാദിയെ പ്രതിയാക്കുന്ന സി.പി.എം തന്ത്രം ഒരാവര്‍ത്തികൂടി കേരളത്തിന് കാണാനായി.

webdesk13: