X

സാംസ്‌കാരികമന്ത്രിക്ക് പറ്റിയ ചെയര്‍മാന്‍; സിനിമാമേള രീതി മാറ്റുക പരിഹാരം

കെ.പി ജലീല്‍

കോണ്‍ഗ്രസ് മെലിഞ്ഞ് മെലിഞ്ഞ് അമിതാഭ് ബച്ചനില്‍ നിന്ന് ഇന്ദ്രന്‍സിനെ പോലെയായെന്ന് നിയമസഭയില്‍ പറഞ്ഞ സാംസ്‌കാരിക വകുപ്പു മന്ത്രി വി.എന്‍ വാസവന് യോജിച്ച ‘ചക്കിക്കൊത്ത ചങ്കരന്‍ ‘ തന്നെയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനത്തില്‍ തന്നെ കൂവിയ വരെ നായ്ക്കളോടാണ് രഞ്ജിത് ഉപമിച്ചിരിക്കുന്നത്. ‘ഞാന്‍ താമസിക്കുന്നത് കോഴിക്കോടാണ്. എനിക്ക് വയനാട്ടില്‍ വീടുണ്ട്. ഞാനവിടെ ചെല്ലുമ്പോള്‍ ഉടമസ്ഥനാണെന്നറിയാതെ വീട്ടിലെ നായ്ക്കള്‍ കുരക്കും ‘ .എന്നാണ് രഞ്ജിത് കൂവിയവരെ വിശേഷിപ്പിച്ചത്. താന്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചയാളാണെന്നും കൂവി പരാജയപ്പെടേണ്ടെന്നും രഞ്ജിത് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് യുവാക്കളെ നായ്ക്കളോട് സംവിധായകന്‍ ഉപമിച്ചത്.

ഐ.എഫ്.എഫ്.കെ 2022 ല്‍ ഇത്തവണ 1000 രൂപ നല്‍കി പാസെടുത്തിട്ടും സിനിമ കാണാന്‍ കഴിയാതെ വന്നവരാണ് സംഘാടനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനെ കൂവിയത്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്ത രീതിയില്‍ പരാതി പ്രവാഹമായിരുന്നു ഇത്തവണ. നന്‍ പകല്‍ നേരത്ത് മയക്കം ‘ എന്ന മമ്മൂട്ടി ചിത്രത്തിന് റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് പോലും സീറ്റ് ലഭിക്കാതിരുന്നതാണ് തര്‍ക്കം രൂക്ഷമാക്കിയത്. 13500 പേര്‍ക്ക് പാസ് നല്‍കിയതും ഇഷ്ടപ്പെട്ടവരെ റിസര്‍വേഷനില്ലാതെ തന്നെ കടത്തിവിട്ടതുമാണ് കാരണം. 6500 പേര്‍ക്ക് മാത്രം സീറ്റ് ഉള്ളപ്പോള്‍ അതിന്റെ ഇരട്ടി പേര്‍ക്ക് പാസ് നല്‍കിയതാണ് കാരണം .ലോകസിനിമയെ ഗൗരവമായി കണ്ട് എത്തുന്നവര്‍ക്ക് തടസ്സമാകുകയാണ് പാര്‍ട്ടി വിധേയത്വര്‍ .

കോവിഡ് കാലത്ത് തിരക്ക് നിയന്ത്രിക്കാനായി മൂന്ന് ജില്ലകളിലായി മേള നടത്തിയിരുന്നു. അത് നടപ്പാക്കുകയാണ് തിരക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗം. അതേ സമയം തിരുവനന്തപുരത്ത് തന്നെ മേള നടത്തണമെന്ന വാശി ചില ലോബികള്‍ക്കുണ്ടെന്നും അവരാണ് ചലച്ചിത്ര അക്കാദമിയെ വഴി തെറ്റിക്കുന്നതെന്നുമാണ് പരാതി. അതില്‍ എണ്ണയൊഴിക്കുകയാണ് ചെയര്‍മാന്‍ തന്നെ ‘നായ ‘ പരാമര്‍ശത്തിലൂടെ ചെയ്തിരിക്കുന്നത്. ഇത്തരക്കാരെ പാര്‍ട്ടി പരിഗണനകള്‍ മറന്ന് സാംസ്‌കാരിക സ്ഥാപനങ്ങളുടെ പടിക്ക് പുറത്താക്കണമെന്നാണ് ആവശ്യം.

web desk 3: